കൊച്ചി: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്നതും മലയോരമേഖലയുടെ വികസനത്തിനും കര്‍ഷകര്‍ക്കും ഗുണകരമാകുന്നതുമായ ശബരിപ്പാത ഇരുമുന്നണികളും ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നു. മധ്യകേരളത്തിലെ മൂന്ന് ജില്ലകളെ ബന്ധിപ്പിച്ച് യാത്രാസൗകര്യം ഒരുക്കുന്നതിലൂടെ കേരളത്തിന്റെ റെയില്‍വേ തീര്‍ത്ഥാടന, ടൂറിസം മേഖലയുടെ വളര്‍ച്ചക്കും സഹായകരമായിരുന്നു പദ്ധതി. എന്നാല്‍ പദ്ധതിയുടെ പ്രഖ്യാപനം മുതല്‍ തന്നെ ഇതിനെതിരെ തത്പരകക്ഷികള്‍ രംഗത്തെത്തിയിരുന്നു.
1997-1998 ലെ റെയില്‍വെ ബജറ്റിലാണ് ശബരി റെയില്‍ പദ്ധതി പ്രഖ്യാപിച്ചത്. അങ്കമാലി, കാലടി, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, പാല, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിങ്ങനെ കടന്ന് പോകുന്ന പാതക്ക് 14 സ്റ്റേഷനുകളാണ് ഉള്ളത്. മധ്യകേരളത്തിന്റെ വികസന കുതിപ്പിന് നാന്ദിയാകേണ്ടിയിരുന്ന പദ്ധതിയുടെ 25 വര്‍ഷമാണ് മാറിമാറി ഭരിച്ച സംസ്ഥാന സര്‍ക്കാരുകളുടെ നിസ്സഹകരണംമൂലം നഷ്ടമായത്.
അങ്കമാലി മുതല്‍ എരുമേലി വരെയുള്ള 115 കിലോമീറ്റര്‍ പാതയുടെ നിര്‍മാണത്തിന് അന്ന് വകയിരുത്തിയത് 517 കോടി രൂപയായിരുന്നു. അങ്കമാലി മുതല്‍ കാലടി വരെയുള്ള ഏഴു കിലോമീറ്റര്‍ പാതയും കാലടി റെയില്‍വെ സ്റ്റേഷനും പെരിയാറിനു മുകളിലൂടെയുള്ള റെയില്‍വെ മേല്‍പ്പാലവും മാത്രമാണ് ഇതുവരെ പൂര്‍ത്തീകരിച്ചത്. ഇപ്പോഴത്തെ കണക്ക് പ്രകാരം പദ്ധതിയുടെ ചെലവ് 3,726.95 കോടി രൂപയാണ്. പദ്ധതിയെ തകര്‍ക്കാന്‍ നിരവധി ലോബികളാണ് രംഗത്തെത്തിയത്. വനമേഖലകള്‍ കൈയടക്കിയ വന്‍കിട ക്വാറി ലോബിയും തോട്ടം ഉടമകളും പദ്ധതിക്കെതിരെ വന്നതോടെ അത് മുന്നോട്ടുകൊണ്ടുപോകാനോ സ്ഥലം ഏറ്റെടുത്തു നല്‍കാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ഇതോടെ പദ്ധതി തുടക്കത്തിലെ മുരടിച്ചു. അങ്കമാലി മുതല്‍ കാലടി വരെയുള്ള സ്ഥലമെടുപ്പും നിര്‍മ്മാണവും മാത്രമാണ് മുന്നോട്ടു പോയത്. രാഷ്ട്രീയ നേതൃത്വങ്ങളുടെ താത്പര്യക്കുറവും പദ്ധതിയെ ബാധിച്ചു.
ഇതിനിടയില്‍ കാലടി വരെ റെയില്‍പാതയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും കാലടിയില്‍ റെയില്‍വെ സ്റ്റേഷന് നിര്‍മ്മിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ പദ്ധതിയോട് മുഖം തിരിച്ചതോടെ കാലടി റെയില്‍വെ സ്റ്റേഷനും പാതയും കാടുകയറി നശിക്കുകയാണ്. ശബരിപാതയുടെ നിര്‍മാണച്ചെലവിന്റെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും കിഫ്ബി മുഖേന ശബരി പാതക്കാവശ്യമായ തുക കൈമാറുമെന്നും സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. പദ്ധതിയോടുള്ള എതിര്‍പ്പ് മാറ്റിവച്ച് വികസനോന്മുഖമായ സമീപനം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുകയും സ്ഥലം ഏറ്റെടുക്കുകയും ചെയ്താല്‍ മാത്രമെ പദ്ധതി കാല് നൂറ്റാണ്ടിനു ശേഷമെങ്കിലും യാഥാര്‍ത്ഥ്യമാവുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: