ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊന്ന കേസിലെ പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ട കോടതി വിധിയില്‍ രോഷം പ്രകടിപ്പിച്ച് പെണ്‍കുട്ടിയുടെ അമ്മയും കുടുംബവും.കട്ടപ്പന അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി വി മഞ്ജു ആണ് വിധി പ്രസ്താവിച്ചത്.
കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷം കഴിഞ്ഞാണ് വിധി വരുന്നത്.വിധിയെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയും മറ്റു കുടുംബാംഗങ്ങളും കോടതിയില്‍ പൊട്ടിക്കരഞ്ഞു.കോടതി വിധിക്കും ജഡ്ജിക്കുമെതിരെ വൈകാരികമായ പ്രതികരണമാണ് ഇവരില്‍ നിന്നുണ്ടായത്.
പൂജാമുറിയിലാണ് കുഞ്ഞിനെ അവന് പീഡിപ്പിച്ച് കെട്ടിത്തൂക്കിയതെന്നും താന്‍ ചോറും കഞ്ഞിയും കൊടുത്തിട്ട് പോയ കുഞ്ഞിനെയാണ് അവന് കൊന്നതെന്നും കുട്ടിയുടെ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. ടിവി കണ്ടുകൊണ്ടിരുന്ന കുഞ്ഞിനെയാണ് അവന് കൊന്നത്. പതിനാല് വര്‍ഷം കാത്തിരുന്നു കിട്ടിയതാണ് കുഞ്ഢിനെ. എന്ത് നീതിയാണ് കിട്ടിയത്. നിങ്ങള്‍ക്കും കുഞ്ഞുങ്ങളുള്ളതല്ലെയെന്ന് കുട്ടിയുടെ അമ്മ ചോദിച്ചു.
കൊന്നത് സത്യമാണ്. അവനെ വെറുതെ വിടില്ലെന്നും തന്റെ ഭര്‍ത്താവ് അവനെ കൊന്ന് ജയിലില്‍ പോകുമെന്നും പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചു. ജഡ്ജിയും ഒരു സ്ത്രീയല്ലെയെന്നും എല്ലാവരും പണം വാങ്ങി പ്രതിയെ വെറുതെ വിട്ടുവെന്നും ലക്ഷങ്ങളാണ് ഇറക്കിയതെന്നും കൊല്ലപ്പെട്ട പ്രതിയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.
അതേസമയം, പ്രതിയെ വെറുതെവിട്ട വിധി പകര്‍പ്പ് പുറത്തുവന്നിട്ടില്ല. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന കാരണത്താലാണ് പ്രതിയെ കുറ്റവിമുക്തനാക്കിയത്. കേസില്‍ അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി.
എന്നാല്‍ വിധി പുറത്തു വന്നതിന് പിന്നാലെ നിരപരാധിയായ യുവാവിനെ രണ്ടു വര്‍ഷമാണ് വിചാരണ തടവുകാരനായി ജയിലില്‍ അടച്ചതെന്നും കേസില്‍ യഥാര്‍ത്ഥ പുനരന്വേഷണം ആവശ്യപ്പെടുമെന്നും പ്രതിഭാഗം അഭിഭാഷകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: