ഫ്ളോറിഡ: ലോക ഫുട്ബോളിലെ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും വീണ്ടും നേര്‍ക്കുനേര്‍ പോരാട്ടത്തിന്.
മെസി കളിക്കുന്ന എംഎല്‍എസ് ക്ലബ്ബ് ഇന്റര്‍ മയാമിയും ക്രിസ്റ്റിയാനോ കളിക്കുന്ന സൗദി ടീം അല്‍ നാസറും തമ്മിലുള്ള പോരാട്ടം ഫെബ്രുവരിയിലായിരിക്കും. മേജര്‍ സോക്കര്‍ ലീഗി(എംഎല്‍എസ്)ന് മുന്നോടിയായി നടക്കുന്ന പ്രീസീസണ് ആന്താരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായാണ് പോരാട്ടം നിശ്ചയിച്ചിരിക്കുന്നതെന്ന് മയാമി ക്ലബ്ബ് അറിയിച്ചു.
പ്രീസീസണ് ടൂര്‍ണമെന്റിന്റെ ഭാഗമായി മയാമി രണ്ട് മത്സരങ്ങളാണ് സൗദിയില്‍ കളിക്കുകയെന്ന് ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒന്ന് അല്‍ നാസറിനെതിരെയും മറ്റൊന്ന് അല്‍ ഹിലാല്‍ എസ്എഫ്സിക്കെതിരെയും. ജനുവരി 29ന് അല്‍ ഹിലാലിനെതിരെയായിരിക്കും ആദ്യകളി. തുടര്‍ന്ന് ഫെബ്രുവരിയില്‍ അല്‍ നാസറിനെതിരെ നടക്കുന്ന കളിയുടെ ദിവസം വെളിപ്പെടുത്തിയില്ല. രണ്ട് കളികളും റിയാദിലെ കിങ്ഡം അരീന സ്റ്റേഡിയത്തിലായിരിക്കും.
ക്ലബ്ബ് കരിയറില്‍ 35 തവണയാണ് മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഇതില്‍ 16 എണ്ണത്തില്‍ മെസിയുടെ ടീം വിജയിച്ചപ്പോള്‍ പത്ത് തവണ ക്രിസ്റ്റ്യാനോയുടെ ടീം വിജയിച്ചു. ഒമ്പത് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ അടിച്ച ഗോളെണ്ണത്തില്‍ മെസിയാണ് മുന്നില്‍. മെസി 21 ഗോളുകള്‍ നേടിയപ്പോള്‍ റോണോ 20 ഗോളുകളാണ് അടിച്ചിട്ടുള്ളത്. മെസിയുടെ പേരില്‍ 12 അസിസ്റ്റുകളും ക്രിസ്റ്റ്യാനോയുടെ പേരില്‍ ഒരസിസ്റ്റും ആണുള്ളത്. ഇരുവരും ഏറിയപങ്കും ഏറ്റുമുട്ടിയത് സ്പാനിഷ് ക്ലബ്ബ് എഫ്സി ബാഴ്സിലോണയിലും റയല്‍ മാഡ്രിഡിലും ആയിരിക്കെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: