സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരുവനന്തപുരത്ത് എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചത് ഇടതുഭരണത്തിന്‍ കീഴിലെ നിയമവാഴ്ചയുടെ സമ്പൂര്‍ണമായ തകര്‍ച്ചയെയാണ് കാണിക്കുന്നത്. രാജ്ഭവനില്‍നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ രണ്ടിടത്താണ് ഗവര്‍ണറുടെ വാഹനത്തിനു നേര്‍ക്ക് എസ്എഫ്‌ഐക്കാര്‍ ആക്രമണം നടത്തിയത്. ഔദ്യോഗിക വാഹനത്തിന്റെ ചില്ലു തകര്‍ക്കാന്‍ അക്രമികള്‍ ശ്രമിച്ചപ്പോള്‍ പോലീസ് നിഷ്‌ക്രിയത പാലിച്ചു. ഗവര്‍ണര്‍ കാറില്‍നിന്നിറങ്ങി ക്ഷുഭിതനായി സംസാരിച്ചതിനു ശേഷമാണ് അക്രമികളെ പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമിച്ചത്. ഗവര്‍ണര്‍ രാജ്ഭവനില്‍നിന്ന് ഇറങ്ങിയ വിവരവും, സഞ്ചാരപാതയുടെ വിവരവും ചോര്‍ന്നുകിട്ടിയതനുസരിച്ച് രണ്ടിടത്തായി എസ്എഫ്‌ഐക്കാര്‍ ആക്രമിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. പോലീസിന്റെ ഒത്താശയോടെ വളരെ ആസൂത്രിതമായ ആക്രമണമാണ് നടത്തിയതെന്നുവേണം കരുതാന്‍. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരുടെ മേല്‍ ചാടിവീണ് അതിക്രൂരമായി മര്‍ദ്ദിക്കുന്ന പോലീസ് ഇവിടെ അക്രമികളുമായി ഒത്തുകളിക്കുകയായിരുന്നു. ഔദ്യോഗിക വാഹനം തകര്‍ത്ത് ഗവര്‍ണറെ അപായപ്പെടുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് കരുതേണ്ടിയിരിക്കുന്നു. അതീവ ഗുരുതരമായ ഈ സംഭവത്തെ ന്യായീകരിച്ചുകൊണ്ടും, ഇതുപോലുള്ള അക്രമം തുടരുമെന്നു പ്രഖ്യാപിച്ചുകൊണ്ടുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും പാര്‍ട്ടി മന്ത്രിമാരുടെയും പ്രതികരണം ഇതാണ് കാണിക്കുന്നത്. സംഭവത്തോട് മുഖ്യമന്ത്രി പ്രതികരിക്കാതിരിക്കുന്നതും അര്‍ത്ഥഗര്‍ഭമാണ്.
അധികാരത്തിലിരുന്നുകൊണ്ട് പാര്‍ട്ടി വളര്‍ത്താനും അഴിമതി നടത്താനും നിയമവിരുദ്ധമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനെ വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവര്‍ ആരായിരുന്നാലും അവരെ വച്ചുപൊറുപ്പിക്കില്ലെന്ന സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും തീരുമാനമാണ് ഗവര്‍ണര്‍ക്കെതിരെയുള്ള എസ്എഫ്‌ഐക്കാരുടെ ആക്രമണത്തില്‍ കലാശിച്ചത്. കണ്ണൂര്‍ സര്‍വകലാശാലാ വിസിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത് സുപ്രീംകോടതി റദ്ദാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന് വലിയ തിരിച്ചടിയായിരുന്നു. വിഷയത്തില്‍ സര്‍ക്കാരിനെ നിരന്തരം എതിര്‍ത്തുപോന്ന ഗവര്‍ണറുടെ വിജയവുമായിരുന്നു ഈ കോടതി വിധി. സര്‍വകലാശാലകളുടെ ചാന്‍സലറെന്ന നിലയ്‌ക്ക് സ്വന്തം അധികാരം ഗവര്‍ണര്‍ ആര്‍ക്കും അടിയറവയ്‌ക്കരുതെന്നും വിധിയില്‍ പറയുകയുണ്ടായി. ഇതനുസരിച്ച് ചില സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കാനുള്ള നടപടികള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിക്കുകയും ചെയ്തു. ഇതിനു പിന്നാലെ, സംസ്ഥാനത്തിന്റെ തകര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഗവര്‍ണര്‍ വിശദീകരണം തേടിയതും സര്‍ക്കാരിനെ പ്രകോപിപ്പിച്ചു. ഗവര്‍ണറെ ചുമതല നിര്‍വഹിക്കാന്‍ അനുവദിക്കില്ലെന്ന സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ഏകാധിപത്യ മനോഭാവമാണ് ഗവര്‍ണറെ അപായപ്പെടുത്തുന്ന നിലയിലേക്ക് മാറിയിരിക്കുന്നത്. ക്രിമിനല്‍ സംഘങ്ങളെപ്പോലെ തീറ്റിപ്പോറ്റുന്ന എസ്എഫ്‌ഐക്കാരെ ഇതിനുവേണ്ടി ഉപയോഗിക്കുകയായിരുന്നു. സ്വാശ്രയ കോളജ് വിഷയത്തില്‍ അന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ബാലിയെ അക്രമാസക്ത സമരത്തിലൂടെ നാടുകടത്തല്‍ നടത്തിയത് ഇതേ എസ്എഫ്‌ഐ തന്നെയാണ്.
തന്നെ ആക്രമിച്ചതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൂഢാലോചനയാണുള്ളതെന്ന ഗവര്‍ണറുടെ ആരോപണം ഗൗരവത്തിലെടുക്കേണ്ടതുണ്ട്. തന്റെ സ്വേച്ഛാധിപത്യത്തിനു വഴങ്ങാത്ത ഗവര്‍ണര്‍ക്കെതിരെ ഇതിനു മുന്‍പും നിരവധിതവണ മുഖ്യമന്ത്രി ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചിട്ടുണ്ട്. തങ്ങളുടെ ഭരണം ജനങ്ങള്‍ക്ക് ദുരന്തമായി മാറിക്കൊണ്ടിരിക്കുമ്പോള്‍ അതില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ നടത്തിക്കൊണ്ടിരിക്കുന്ന ജനവിരുദ്ധ നവകേരള സദസ്സുകളുടെ പൊള്ളത്തരം പല കോണുകളില്‍നിന്നും തുറന്നുകാട്ടപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് ഗവര്‍ണറെതന്നെ ആക്രമിക്കാന്‍ സര്‍ക്കാരിന്റെ ഒത്താശയോടെ സിപിഎം പദ്ധതിയിട്ടതും, പോലീസിന്റെ സഹായത്തോടെ അത് പ്രാവര്‍ത്തികമാക്കിയതും. സംസ്ഥാനത്തെ പ്രഥമ പൗരനുതന്നെ ആക്രമണം നേരിട്ടിരിക്കെ പ്രശ്‌നം തങ്ങളുടെ കയ്യില്‍നിന്ന് വഴുതിപ്പോയേക്കാമെന്നും, കനത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്നും കണ്ടാണ് അക്രമികളില്‍ ചിലര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. കോടതി നടപടികളില്‍നിന്ന് രക്ഷപ്പെടാനാണിത്. ഇപ്പോള്‍ പ്രതിയാക്കിയിരിക്കുന്ന എസ്എഫ്‌ഐക്കാരെ ഒരു പോറല്‍ പോലുമേല്‍ക്കാതെ സംരക്ഷിക്കുകയും ചെയ്യും. ഇതൊരുതരം കബളിപ്പിക്കലാണ്. സംസ്ഥാനത്തിന്റെ ക്രമസമാധാനനില പാടെ തകര്‍ന്നിരിക്കുന്നു എന്നാണ് ഇതില്‍നിന്ന് വ്യക്തമാവുന്നത്. ഇക്കാര്യം കണക്കിലെടുത്ത് ഭരണഘടന അനുശാസിക്കുന്ന നടപടികള്‍ ഗവര്‍ണറുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് ഉണ്ടാവണം. രാഷ്‌ട്രപതിക്ക് തന്റെ അധികാരം പ്രയോഗിക്കാന്‍ സംസ്ഥാനത്തിന്റെ അനുവാദം ആവശ്യമില്ലെന്ന് കശ്മീര്‍ കേസില്‍ കഴിഞ്ഞദിവസമാണല്ലോ സുപ്രീംകോടതി വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: