ഭുവനേശ്വര്‍: കോണ്‍ഗ്രസ് രാജ്യസഭാ എംപി ധീരജ് സാഹുവിന്റെ വീട്ടില്‍ ആദായനികുതി റെയ്ഡ് ഇന്നലെയും തുടര്‍ന്നു. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച റെയ്ഡ് ഏഴാം ദിവസമാണ് തുടര്‍ന്നത്. ഇതുവരെ 354 കോടിയിലധികം രൂപ കണ്ടെടുത്തു.
ധീരജ് സാഹുവിന്റെ റാഞ്ചിയിലെ ആഡംബര വീട്ടിലായിരുന്നു ഇന്നലെ റെയ്ഡ് നടന്നത്. വീടിന് 40 മുറികളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. എല്ലാ മുറികളിലും തിരച്ചില്‍ നടക്കുന്നതുകൊണ്ടാണ് റെയ്ഡ് നീളുന്നത്. റാഞ്ചിയിലെ വസതിയില്‍ മാത്രമാണ് ഇപ്പോള്‍ ആദായനികുതി വകുപ്പ് സംഘം ഉള്ളത്. സാഹുവിന്റെ റാഞ്ചിയിലെ വീടിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. അതില്‍ ആഡംബര കാറുകള്‍ ക്യൂവില്‍ പാര്‍ക്ക് ചെയ്യുന്നത് കാണാം.
ഝാര്‍ഖണ്ഡ്, ഒഡീഷ, ബംഗാള്‍ എന്നിവിടങ്ങളിലെ 9 സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് ഒരേസമയം റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ 354 കോടി രൂപ കണ്ടെത്തി. സാഹുവിന്റെ റാഞ്ചിയിലെ വീട്ടില്‍ നോട്ടെണ്ണല്‍ ഇപ്പോഴും തുടരുകയാണ്. ഇതുകൂടാതെ എല്ലായിടത്തും നോട്ടെണ്ണല്‍ ഏതാണ്ട് പൂര്‍ത്തിയായി. ഒരു ഏജന്‍സിയുടെ ഒറ്റ ഓപ്പറേഷനില്‍ ഇതുവരെ കണ്ടെടുത്ത ഏറ്റവും ഉയര്‍ന്ന തുകയായിരുന്നു ഇത്. കണ്ടെടുത്ത പണം, ആഭരണങ്ങള്‍, സ്വത്ത് എന്നിവയുടെ ശരിയായ വിവരങ്ങള്‍ സാഹു നല്‍കേണ്ടി വരും. ഇല്ലെങ്കില്‍ നടപടികള്‍ നേരിടേണ്ടിവരും. ഒളിവില്‍ പോയ ധീരജ് സാഹുവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: