ന്യൂദല്‍ഹി: വിദ്യാഭ്യാസം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ ക്രിയാത്മകമായ പരിവര്‍ത്തനത്തിന് സജീവപങ്കാളിത്തം വഹിക്കാന്‍ വിദ്യാര്‍ത്ഥികളോടും യുവാക്കളോടും ആഹ്വാനം ചെയ്ത് എബിവിപി. പരിവര്‍ത്തന കാലഘട്ടത്തില്‍ രാജ്യം വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും പരമാവധി കഴിവുകള്‍ പ്രയോജനപ്പെടുത്തി മുന്നോട്ടു പോകണമെന്നും എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി യാജ്ഞവല്ക്യ ശുക്ല ആവശ്യപ്പെട്ടു. 69ാം ദേശീയ സമ്മേളനത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴില്‍, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ നിലനല്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ പരിഹാരം കാണണം. ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്താന്‍ വേഗത്തില്‍ നടപടികള്‍ സ്വീകരിക്കണം. വിവിധ മേഖലകളില്‍ എബിവിപി നടത്തിയ പ്രതിഷേധങ്ങള്‍ക്ക് ഉടനടി ഫലം കണ്ടിട്ടുണ്ട്. വരുംവര്‍ഷങ്ങളിലും വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും ആവശ്യങ്ങള്‍ക്കായി സമരരംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ ശ്രീരാമവിഗ്രഹം പ്രതിഷ്ഠിക്കുന്ന ജനുവരി 22ന് എബിവിപി ദീപോത്സവമായി രാജ്യമെങ്ങും ആഘോഷിക്കും. യുവതലമുറയ്ക്ക് ശ്രീരാമന്റെ ആദര്‍ശങ്ങള്‍ പകര്ന്നുനല്കാന് ലക്ഷ്യമിട്ടാണിത്. അന്ന് എല്ലാവീടുകളിലും ദീപങ്ങള്‍ തെളിയിക്കാന്‍ എബിവിപി ആവശ്യപ്പെട്ടു. രാമക്ഷേത്ര നിര്‍മാണത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രമേയം എബിവിപി ദേശീയ നിര്‍വ്വാഹക സമിതി യോഗം പാസാക്കി. ചരിത്രപരമായ സ്ത്രീ സംവരണബില്‍ കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാരിനെയും ദേശീയ നിര്‍വ്വാഹക സമിതി യോഗം മറ്റൊരു പ്രമേയത്തിലൂടെ അഭിനന്ദിച്ചു.
യുവജനങ്ങള്‍ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കണം, പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് മനഃസാക്ഷിപരമായ വികസനം, ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനും ഊര്‍ജ്ജസ്വലമായ കാമ്പസിനും വേണ്ടിയുള്ള ഉറച്ച നടപടികള്‍, ആഗോള ക്ഷേമാധിഷ്ഠിത ഭാരതീയ നയതന്ത്രം തുടങ്ങി നാല് പ്രമേയങ്ങള്‍ ദേശീയ സമ്മേളനം പാസ്സാക്കി. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനജില്ലാതല കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കാന്‍ സമ്മേളനം തീരുമാനിച്ചു.
ക്യാമ്പസിലെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ജനുവരി മുതല്‍ ‘പരിസര്‍ ചലോ അഭിയാന്’ ആരംഭിക്കാനും സമ്മേളനം തീരുമാനിച്ചു. എബിവിപി ദേശീയ സെക്രട്ടറി ശിവാംഗി ഖര്‍വാള്‍, എബിവിപി ദേശീയ മീഡിയ കണ്‍വീനര്‍ അശുതോഷ് സിങ്, എബിവിപി ദല്‍ഹി സംസ്ഥാന സെക്രട്ടറി ഹര്‍ഷ് അത്രി, ദല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് തുഷാര്‍ ദേധ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: