കോട്ടയം: സ്ത്രീധനത്തിന്റെ പേരില്‍ ഒരു പെണ്‍കുട്ടി കൂടി ആത്മഹത്യ ചെയ്ത സംഭവം സ്ത്രീത്വത്തിന് മാത്രമല്ല പുരുഷത്വത്തിനും അപമാനമാണെന്ന് മഹിളാ ഐക്യവേദി സംസ്ഥാന സമിതി കുറ്റപ്പെടുത്തി. പരിഷ്കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഒന്നാണ് സ്ത്രീധന സമ്പ്രദായം. ജാതിമത, രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കുപരിയായി ഇതിനെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണം. സ്ത്രീധനം കൊടുക്കില്ലെന്ന് പെണ്‍കുട്ടികളും കുടുംബക്കാരും തീരുമാനിക്കണം. അതേപോലെ ആണ്‍കുട്ടികളും കുടുംബവും ഈ ധീരമായ നിലപാടിലേക്ക് വരികയും വേണം. യുവജന സംഘടനകള്‍ ഇതിനായി രംഗത്തുവരണമെന്ന് മഹിളാ ഐക്യവേദി ആവശ്യപ്പെട്ടു.
സ്ത്രീധനത്തിനെ കേരളത്തിലെ 250 കേന്ദ്രങ്ങളില്‍ പെണ്‍കുട്ടികള്‍ക്കായി ക്രിസ്തുമസ് അവധിക്കാലത്ത് പ്രത്യേക ബോധവല്‍ക്കരണം നടത്താന്‍ മഹിളാഐക്യവേദി തീരുമാനിച്ചു.
സംസ്ഥാന ഭാരവാഹി യോഗം രക്ഷാധികാരി പ്രൊഫ. ദേവകി അന്തര്‍ജനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹന്‍ അധ്യക്ഷയായി.
ജനറല്‍ സെക്രട്ടറിമാരായ ഷീജ ബിജു, ഓമന മുരളി, ഖജാന്‍ജി രമണി ശങ്കര്‍, സിന്ധു രാജീവ് എന്നിവര്‍ സംസാരിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി. ഹരിദാസ്, കെ. ഷൈനു, സാബു ശാന്തി, പി.എസ്. പ്രസാദ് എന്നിവര്‍ മാര്‍ഗനിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: