കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ആസൂത്രണത്തിന് കൂടുതൽ തെളിവുകൾ. റൂട്ട് മാപ്പ് തയ്യാറാക്കിയാണ് തട്ടികൊണ്ടുപോകല്‍ നടപ്പാക്കിയതെന്ന് പ്രതികളുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് പോലീസിന് വ്യക്തമായി. സിനിമ തിരക്കഥയ്ക്ക് സമാനമായ രീതിയില്‍ മാസങ്ങള്‍ നീണ്ട ആസൂത്രണമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലുണ്ടായതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രതികളായ പത്മകുമാ റും അനുപമയും സാങ്കേതിക വിദ്യയിൽ മികവ് പുലർത്തുന്നവരാണ്. ഗൂഗിൾ മാപ്പ് വഴിയുള്ള ചിത്രങ്ങൾ ഉപയോഗിച്ചും അല്ലാതെയും ഇവർ റൂട്ട് മാപ്പ് തയാറാക്കി. കുട്ടിയുമായി വിവിധ റോഡുകളിലേക്ക് രക്ഷപ്പെടാനുള്ള മാപ്പിന്റെ ബ്ലൂ പ്രിൻ്റ് ഇവർ തയാറാക്കിയിരുന്നു. സിസിടിവി ഇല്ലാത്ത സ്ഥലങ്ങളിൽ വച്ച് നമ്പർ പ്ലേറ്റ് മാറുന്നതുൾപ്പടെയുള്ള കാര്യങ്ങളിലും വ്യക്തമായ പദ്ധതിയുണ്ടാക്കി. ഒരിക്കലും പിടിക്കപെടില്ലെന്ന് എന്നായിരുന്നു പ്രതികൾ വിചാരിച്ചിരുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
കേസില്‍ അറസ്റ്റിലായ ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഭാര്യ അനിത കുമാരി, മകള്‍ അനുപമ എന്നിവരുമായി രാവിലെ തന്നെ അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു. രണ്ടു ദിവസത്തെ വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് പ്രതികളെ വലിയ രീതിയുള്ള പോലീസ് സുരക്ഷയില്‍ സ്ഥലത്ത് എത്തിച്ചത്. തെളിവെടുപ്പിനായി ഫോറൻസിക് സംഘവും ചാത്തന്നൂരിലെ വീട്ടിലെത്തിയിട്ടുണ്ട്.
ഒഎല്‍എക്സില്‍ വില്ക്കാന് വെച്ചിരുന്ന കാറുകള്‍ പരിശോധിച്ച് അതില്‍നിന്നുള്ള നമ്പറുകള്‍ നോക്കിയാണ് ഇവര്‍ തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച് കാറിന് വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ തയ്യാറാക്കിയതെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായി. ചാത്തന്നൂരിലെ വീട്ടില്‍ വെച്ചാണ് ബ്ലൂ പ്രിന്റ് ഉള്‍പ്പെടെ തയ്യാറാക്കിയുള്ള വലിയ രീതിയുള്ള ആസൂത്രണം നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: