വാഷിംഗ്ടണ്‍: ആഗോളതലത്തിലെ ഏറ്റവും വലിയ കാപ്പിക്കടശൃംഖലയാണ് സ്റ്റാര്‍ബക്സ്. പക്ഷെ അവിടുത്തെ തൊഴിലാളികളുടെ ഒരു ചെറിയ എടുത്തുചാട്ടം സ്റ്റാര്‍ബക്സിനെ യൂറോപ്പിലും അമേരിക്കയിലും വെറുപ്പിന്റെ കേന്ദ്രമാക്കിയിരിക്കുന്നു. ഇസ്രയേല്‍-പലസ്തീന് യുദ്ധത്തിനിടയില്‍ സ്റ്റാര്‍ബക്സിന്റെ തൊഴിലാളി യൂണിയനായ സ്റ്റാര്‍ബക്സ് വര്‍ക്കേഴ്സ് യുണൈറ്റഡ് പലസ്തീന് അനുകൂലമായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതോടെയാണ് സ്റ്റാര്‍ബക്സ് എന്ന ലോകത്തിലെ ഏറ്റവും വലിയ കാപ്പിക്കടശൃംഖലയ്ക്ക് വിനയായത്. ഇവിടുത്തെ തൊഴിലാളികളെ ബാരിസ്റ്റകള്‍ എന്നാണ് വിളിക്കുക. ഈ ബാരിസ്റ്റകളുടെ യൂണിയനാണ് പലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പോസ്റ്റിട്ടത്.
ഇതോടെ അമേരിക്കയിലെ സിയറ്റില്‍ ആസ്ഥാനമായ സ്റ്റാര്‍ബക്സില്‍ കാപ്പികുടിക്കാനെത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. അമേരിക്കയില്‍ മാത്രമല്ല, യൂറോപ്പിലെയും സ്റ്റാര്‍ബക്സ് കടകളില്‍ വില്പന താഴോട്ട് പോയി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സ്റ്റാര്‍ബക്സ് വിപണി മൂല്യം 1100 കോടി ഡോളറാണ് കുറഞ്ഞത്. കഴിഞ്ഞ എത്രയോ ദിവസങ്ങളായി സ്റ്റാര്‍ബക്സ് ഓഹരിവില ഇടിയുകയാണ്. ഒരു ഓഹരിക്ക് 115 ഡോളര്‍ വിലയുണ്ടായിരുന്ന സ്റ്റാര്‍ബക്സ് ഓഹരിയുടെ ഇപ്പോഴത്തെ വില 95.8 ഡോളര്‍ മാത്രമാണ്. 1992ല്‍ യുഎസ് ഓഹരിവിപണയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് സ്റ്റാര്‍ബക്സ് ഓഹരിവില ഇതുപോലെ കുത്തനെ ഇടിയുന്നത്.
അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള ബിസിനസാണ് സ്റ്റാര്‍ബക്സിന്റെ പ്രധാന വരുമാനം. സ്റ്റാര്‍ ബക്സിനെക്കുറിച്ച് വിക്കി പീഡിയ പറയുന്നത് ഇതാണ് :”2022 നവംബർ വരെ, കമ്പനിക്ക് 80 രാജ്യങ്ങളിലായി 35,711 സ്റ്റോറുകളുണ്ട്, അതിൽ 15,873 എണ്ണം യുണൈറ്റഡ് സ്റ്റേറ്റ്സിലാണ്. സ്റ്റാർബക്സിന്റെ യുഎസ് ആസ്ഥാനമായുള്ള സ്റ്റോറുകളിൽ 8,900-ലധികം കമ്പനികൾ പ്രവർത്തിക്കുന്നു, ബാക്കിയുള്ളവ ലൈസൻസുള്ളവയാണ്. ലോകത്ത് കാപ്പി സംസ്കാരത്തിന്റെ രണ്ടാം തരംഗത്തിന്റെ ഉയർച്ചയ്ക്ക് പൊതുവെ കാരണമായി പറയപ്പെടുന്നത് സ്റ്റാർബക്സാണ്, ഇത് വൈവിധ്യമാർന്ന കാപ്പി അനുഭവങ്ങൾ അവതരിപ്പിച്ചു. സ്റ്റാർബക്സ് ചൂടുള്ളതും തണുത്തതുമായ പാനീയങ്ങൾ, മുഴുവന്‍ ബീൻ കോഫി, അങ്ങേയറ്റം പൊടിച്ച തൽക്ഷണ കോഫി , എസ്പ്രസ്സോ , കഫേ ലാറ്റെ , പൂർണ്ണവും അയഞ്ഞതുമായ ചായകൾ , ജ്യൂസുകൾ, ഫ്രാപ്പുച്ചിനോ പാനീയങ്ങൾ, പേസ്ട്രികൾ , ലഘുഭക്ഷണങ്ങൾ എന്നിവയാണ് സ്റ്റാര്‍ബക്സ് വില്‍ക്കുന്നത്.
അമേരിക്കയിലെയും യൂറോപ്പിലെയും ഉപഭോക്താക്കള്‍ എത്രമാത്രം ഇസ്രയേല്‍ ഭക്തരാണെന്നാണ് ഈ സംഭവം കാണിക്കുന്നത്. ഒപ്പം ഇവര്‍ എത്രത്തോളം പലസ്തീനെ വെറുക്കുന്നുവെന്നും ഈ സംഭവം തെളിയിക്കുന്നു. എന്നാല്‍ ഉപഭോക്താക്കളുടെ ശീലത്തിലുണ്ടായ ഈ മാറ്റം മാറുമെന്നും നഷ്ടപ്രതാപം വീണ്ടെടുക്കുമെന്നും സ്റ്റാര്‍ബക്സ് സിഇഒ ആയി അമേരിക്കയില്‍ വേരുകളുള്ള ഇന്ത്യക്കാരനായ ലക്ഷ്മണ് നരസിംഹന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: