ന്യൂദല്‍ഹി: കായികരംഗത്ത് അടിസ്ഥാന സൗകര്യവികസനത്തിന് 340 പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. 3566.68 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. രാജസ്ഥാന്, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവയടക്കം വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായിട്ടാണ് പദ്ധതികളെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ രാജ്യസഭയില്‍ അറിയിച്ചു.
സ്പോര്‍ട്സ് ഒരു സംസ്ഥാന വിഷയമാണ്. കായികമേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിന്റെയും വികസിപ്പിക്കുന്നതിന്റെയും ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണ്. അത്തരം പരിശ്രമങ്ങളെ പിന്തുണയ്ക്കാനും പൂരിപ്പിക്കാനും മാത്രമാണ് കേന്ദ്രത്തിന് കഴിയുകയെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഖേലോ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ഇത്തരത്തില്‍ അടിസ്ഥാനസൗകര്യ രൂപീകരണത്തെയും വികസനത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്പോര്‍ട്സ് കോംപ്ലക്സ്, സിന്തറ്റിക് അത്ലറ്റിക് ട്രാക്കുകള്‍, സിന്തറ്റിക് ഹോക്കി, ഫുട്ബോള്‍ ടര്‍ഫുകള്‍, നീന്തല്ക്കുളങ്ങല്, കായികോപകരണങ്ങള്‍ എന്നിവയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ പണം മാറ്റിവയ്ക്കുന്നത്. രാജ്യത്തുടനീളമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ കായിക വികസനഫണ്ടില്‍ നിന്ന് പണം വിനിയോഗിക്കാം.
രാജസ്ഥാന്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി പുതിയ ഖേലോ ഇന്ത്യ സെന്ററുകള്‍ (കെഐസി) തുടങ്ങും. രാജ്യത്ത് ആയിരം കെഐസികള് തുടങ്ങുമെന്നാണ് കേന്ദ്രം പ്രഖ്യാപിച്ചത്. 820 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കേന്ദ്രങ്ങളിലൂടെ 20489 അത്ലറ്റുകള് പരിശീലനം നേടുന്നുണ്ട്, അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: