കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 30 ശതമാനം പിടിച്ചുവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഇക്കാര്യത്തില്‍ സര്‍വീസ് സംഘടനാ നേതാക്കള്‍ സമ്മതം മൂളിയാല്‍ ഡിസംബറിലെ ശമ്പള വിതരണം മുതല്‍ ഇത് നടപ്പാക്കും.
നവകേരള സദസ് തിരുവനന്തപുരത്തെത്തുന്ന മുറയ്ക്ക് ഇക്കാര്യത്തില്‍ സംഘടനകളുമായി ഔദ്യോഗിക ചര്‍ച്ച നടത്തും. ‘ജീവനക്കാരില്‍ നിന്ന് കടമെടുക്കുന്ന പദ്ധതി’യെന്ന പുതിയ ‘അടവുനയ’മായാണ് പിണറായി സര്‍ക്കാര്‍ ഇത് അവതരിപ്പിക്കാന്‍ പോകുന്നതെന്നാണ് അറിയുന്നത്. എത്ര മാസത്തേക്കെന്നോ എത്ര കാലത്തേക്കെന്നോ ഉറപ്പു പറയുന്നില്ല. സര്‍ക്കാര്‍ പക്ഷത്തുള്ള സര്‍വീസ് സംഘടനകള്‍ സ്വീകരിച്ചേ മതിയാകൂയെന്നാണ് ഭരണകക്ഷികളുടെ നിലപാട്.
ഇടതുപക്ഷ സര്‍വീസ് സംഘടനാ നേതാക്കളുമായി ഇക്കാര്യത്തില്‍ അനൗപചാരിക ചര്‍ച്ചകള്‍ നടത്തി. അവര്‍ വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് വിവരം. എന്നാല്‍ സര്‍വീസ് സംഘടനകളുണ്ടാക്കിയും വളര്‍ത്തിയും വശമുണ്ടെങ്കില്‍ നിലയ്ക്കു നിര്‍ത്താനുമറിയാമെന്ന നിലപാടാണ് ഇടതുപാര്‍ട്ടി നേതാക്കള്‍ അവരെ അറിയിച്ചത്.
സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം പരമാവധിയിലെത്തി. പെന്ഷന് മാത്രമല്ല, ശമ്പളവും ഏറെ വൈകാതെ മുടങ്ങുന്നതിലേക്കാണ് പോക്കെന്ന് സാമ്പത്തിക വിദഗ്ധരും ‘ജന്മഭൂമി’യടക്കം പല മാധ്യമങ്ങളും മുന്നറിയിപ്പു നല്‍കിയതാണ്.
കടമെടുത്ത് ധൂര്‍ത്തടിക്കാന്‍ ഇനി ഒരുവഴിയുമില്ലാതിരിക്കേയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനൊരുങ്ങുന്നത്. കേരളത്തിന്റെ ശമ്പള-പെന്ഷന് ചെലവ് 2024 സാമ്പത്തിക വര്‍ഷം 68,282 കോടി രൂപയായാണ് കണക്കാക്കിയിരുന്നത്. ഇത് ആകെ ചെലവായ 1.76 ലക്ഷം കോടിയുടെ 39 ശതമാനമാണ്.
തെരഞ്ഞെടുപ്പു രാഷ്ട്രീയം മുന്‍നിര്‍ത്തി, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചതിന്റെ ആദ്യഗഡു പിഎഫില്‍ ലയിപ്പിക്കുമെന്നായിരുന്നു ഉത്തരവ്. മാസങ്ങളായി അത് മരവിപ്പിച്ചിരിക്കുകയാണ്. ഡിഎ കുടിശ്ശിക മാത്രം 22 ശതമാനം വരും. ഇതെല്ലാറ്റിനും പുറമേയാണ് 30 ശതമാനം ശമ്പളം പിടിക്കാനുള്ള നിര്‍ദേശം. 2018ല്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധിതമായി വാങ്ങാന്‍ തീരുമാനിച്ച സാലറി ചലഞ്ചിനെക്കാള്‍ ആപത്കരമാണ് 30 ശതമാനം പദ്ധതി.
അന്ന് അച്യുതമേനോനെതിരേ സമരം
കോണ്‍ഗ്രസ് സഹായത്തോടെ 1970ല്‍ സിപിഐ നേതാവ് സി. അച്യുതമേനോന് അധികാരത്തിലെത്തിയപ്പോള്‍ മൂന്നാം ശമ്പളക്കമ്മിഷന്‍ അവതരിപ്പിച്ചു. അതില്‍ ക്ഷാമ ബത്ത (ഡിഎ) പ്രഖ്യാപിക്കാത്തതിന്റെ പേരില്‍ സിപിഎം നയിക്കുന്ന യൂണിയന് നടത്തിയ 53 ദിവസം നീണ്ട സമരം തൊഴിലിനു കൂലി നല്‍കുന്നില്ലെന്ന് ആക്ഷേപിച്ചായിരുന്നു. അങ്ങനെയാണ് ചെയ്യാത്ത തൊഴിലിന് കൂലിയില്ല എന്നു പ്രഖ്യാപിച്ച് സംസ്ഥാനത്ത് ‘ഡയസ് നോണ്‍’ നിയമം വന്നത്. അതേ സിപിഎം പോഷക സംഘടനകളാണ് ഡിഎ തടഞ്ഞുവച്ചിട്ട് പ്രതികരിക്കാത്തതും ശമ്പളം പിടിക്കാനുള്ള നിര്‍ദേശത്തിനു മുന്നില്‍ ശങ്കിച്ചു നില്ക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: