തിരുവനന്തപുരം: മാര്‍ക്ക് നല്കല്‍ സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പിന്തുടര്‍ന്നുവരുന്ന മൂല്യനിര്‍ണയ രീതിയില്‍ കാലോചിതമായ പരിഷ്‌കാരം വേണമെന്ന് എന്‍ടിയു.
അറിവുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അംഗീകരിക്കപ്പെടണം എന്ന അധ്യാപക പരിഷത്തിന്റെ നിലപാടിന് ലഭിച്ച അംഗീകാരമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അഭിപ്രായ പ്രകടനം. ഓരോ വര്‍ഷവും വിജയശതമാനം ഉയര്‍ത്തിക്കാട്ടാന്‍ സര്‍ക്കാരിന് അനാവശ്യ വ്യഗ്രതയാണുള്ളത്.
ഇതിനായി നിരന്തര മൂല്യനിര്‍ണയം, പ്രാക്ടിക്കല്‍ പരീക്ഷ എന്നിവയുടെ മാര്‍ക്കുകളെ ദുരുപയോഗം ചെയ്യുന്നു എന്ന ആക്ഷേപം നിലവിലുണ്ട്. ഉപരിപഠനത്തിന് യോഗ്യത നേടാന്‍ എഴുത്ത് പരീക്ഷയില്‍ വിദ്യാര്‍ത്ഥി നിശ്ചിത ശതമാനം മാര്‍ക്ക് നേടിയിരിക്കണമെന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി മൂല്യനിര്‍ണയത്തിന് കാലോചിതമായ പരിഷ്‌കാരം അനിവാര്യമാണ്.
വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിബദ്ധത കാട്ടണം. കൃത്രിമമായി വിജയശതമാനം കൂട്ടാനുള്ള നിര്‍ബന്ധബുദ്ധി ഉപേക്ഷിക്കണം. ഈ കാര്യത്തില്‍ ദുരഭിമാനത്തിന്റെ ആവശ്യമില്ലെന്നും എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: