കേരള സര്‍വ്വകലാശാല കാര്യവട്ടം ക്യാമ്പസിലെ സാമ്പത്തിക ശാസ്ത്രവിഭാഗം പ്രൊഫസറും, പിന്നീട് മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ പ്രൊഫസറും ഡീനുമൊക്കെയായിരുന്ന പ്രൊഫ. എം.കുഞ്ഞാമന് മികച്ച അധ്യാപകനും ഗവേഷകനും എന്നതിലുപരി സവിശേഷമായ വ്യക്തിത്വത്തിന്റെയും ഉടമയായിരുന്നു. കുറച്ചുകാലം അദ്ദേഹം യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷനില്‍ അംഗവുമായിരുന്നു.
കാര്യവട്ടം ക്യാമ്പസ്സിലെ സാമ്പത്തികശാസ്ത്ര വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം പ്രിയപ്പെട്ട കുഞ്ഞാമന്‍സാര്‍ ആയിരുന്നു. കുഞ്ഞാമന്സാറിനെ കുറിച്ചോര്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഏതു വശമാണ് ഏറെ പ്രാധ്യന്യമുള്ളതെന്ന് ആശയക്കുഴപ്പമുണ്ടാക്കും. ഞാന്‍ കാര്യവട്ടം ക്യാമ്പസ്സില്‍ എംഎ ഇക്കണോമിക്സില്‍ പഠിച്ച 1999-2001 വര്‍ഷത്തിലും അതിനു ശേഷം ഗവേഷണത്തിന് ചേരുമ്പോഴും നല്ല നിലയില്‍ പ്രൊത്സാഹനം നല്കിയ അധ്യാപകനായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസവും ഗവേഷണവുമാണ് സമൂഹത്തെ നയിക്കേണ്ടതെന്നും അല്ലാതെ കമ്പോളത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചല്ല ഉന്നത വിദ്യാഭ്യാസവും ഗവേഷണവും നടക്കേണ്ടതെന്നുമുള്ള അഭിപ്രായം അദ്ദേഹത്തിനുണ്ടായിരുന്നു. പഠന ഗവേഷണങ്ങള്‍ക്ക് സമൂഹത്തില്‍ മൗലികമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും അദ്ദേഹം വിശ്വസിച്ചു. അതിനാല്‍ ഗവേഷണത്തെ വളരെ ഗൗരവത്തോടെയാണ് കുഞ്ഞാമന്‍സാര്‍ സമീപിച്ചത്.
കമ്പോള സമ്പദ്വ്യവസ്ഥയും സര്‍ക്കാരും പാവപ്പെട്ട പട്ടികജാതി-പട്ടികവര്‍ഗ്ഗ സമൂഹത്തെ ഒഴിവാക്കുന്നതായും അടിച്ചമര്‍ത്തുന്നതായും ധാരാളം സന്ദര്‍ഭങ്ങളില്‍ വളരെ ആലങ്കാരികമായി അദ്ദേഹം പറയുമായിരുന്നു. ഇന്നത്തെ ലോകത്ത് ജീവിക്കണമെങ്കില്‍ ഒന്നുകില്‍ ഉയര്ന്നവിദ്യാഭ്യാസവും സാങ്കേതിക നൈപുണ്യവും ഉണ്ടാവുകയും, അല്ലെങ്കില്‍ സ്വത്തുവേണമെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി പട്ടിക വര്‍ഗ്ഗത്തിന് ഇതുരണ്ടുമില്ലെന്നും അവര്‍ക്ക് നല്‍കുന്നത് ടോക്കണ്‍ സഹായമാണെന്നും അദ്ദേഹം വ്യക്തമാക്കി. പട്ടികജാതി പട്ടിക വര്‍ഗ്ഗ സമൂഹം ഒരു പ്രബല ശക്തിയോ, സംഘടിതരോ വോട്ടുബാങ്കോ അല്ലാത്തതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ കേരളത്തില്‍ പരാജയമാണെന്നും അദ്ദേഹം കരുതി.
മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട ഒരു സംഭവം ഇത്തരുണത്തില്‍ ഓര്‍ത്തുപോകുന്നു. സമരവുമായി ബന്ധപ്പെട്ട പോലീസ് നടപടി കുഞ്ഞാമന് സാറിനെ വേദനിപ്പിച്ചു. പിറ്റേദിവസം മാനസികമായി തകര്‍ന്ന അവസ്ഥയില്‍ അദ്ദേഹം സംസാരിക്കാന്‍ പോലും താല്പര്യം കാട്ടിയില്ല. വ്യവസ്ഥിതിയോടും അധികാരത്തോടും എന്നും അകന്നുനിന്നയാളാണ് കുഞ്ഞാമന്‍സാര്‍. കാരണം, ഒരിക്കലും കാപട്യത്തെ സഹിക്കാനോ അംഗീകരിക്കാനോ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. എന്തിനെയും ഒറ്റയ്ക്ക് എതിര്‍ക്കുന്നതിനും ധൈര്യത്തോടെ എതിര്‍ക്കുന്നതിനും അദ്ദേഹത്തിന് ഒരു മടിയുമുണ്ടായിരുന്നില്ല. നല്ലരസികനുമായിരുന്നു അദ്ദേഹം. പലപ്പോഴും നര്‍മ്മം അദ്ദേഹത്തില്‍ കടന്നുവരുമായിരുന്നു. നര്‍മ്മത്തില്‍ കൂടി വിദ്യാര്‍ത്ഥികളോട് ഇടപഴകുന്നതിനും അസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. വളരെ കുറിക്കുകൊള്ളുന്ന തരത്തില്‍ പൊതുവേദികളിലും അനൗപചാരിക കൂട്ടായ്മകളിലും സംസാരിക്കുന്നതിനുള്ള കഴിവ് ശ്രദ്ധേയമായിരുന്നു.
വളരെ പിന്നാക്ക സാമൂഹ്യ-സാമ്പത്തികാവസ്ഥയില്‍ നിന്ന് അക്കാദമി ബൗദ്ധികമേഖലകളിലെ ഉന്നതങ്ങളിലെത്തിയിട്ടും കേരളത്തിലെ സ്ഥാപനവത്കരിച്ച പണ്ഡിത സമൂഹം അദ്ദേഹത്തെ വേണ്ട രീതിയില്‍ അറിഞ്ഞംഗീകരിച്ചില്ല. കുഞ്ഞാമന്‍സാര്‍ ഏതെങ്കിലും അംഗീകാരത്തിന് നിന്നുകൊടുക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെങ്കിലും സമൂഹത്തിന് അദ്ദേഹത്തോടുണ്ടാകേണ്ട കടമ എത്രത്തോളം നിര്‍വ്വഹിക്കപ്പെട്ടു എന്ന സംശയം നിലനില്ക്കുന്നു.
എല്ലാ സ്ഥാപനവത്കരിക്കപ്പെട്ട അംഗീകാരങ്ങള്‍ക്കും എത്രയോ മുകളിലാണ് വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ കുഞ്ഞാമന്സാറിനുള്ള സ്ഥാനം. കെട്ടച്ചമച്ച, കൊട്ടിഘോഷിച്ച ബിംബവത്കരണത്തെ എന്നും എതിര്‍ത്തിട്ടുള്ള കുഞ്ഞാമന്സാറാണ് ശരി. കാരണം സ്ഥായിയായതും മൗലികമായതുമായ അദ്ദേഹത്തിന്റെ ചിന്തകള്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികളെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്.
ഞാന്‍ കാര്യവട്ടത്ത് പഠിക്കുന്ന സമയത്താണ് യുജിസി അംഗമായി കുഞ്ഞാമന്‍സാര്‍ നിയമിക്കപ്പെടുന്നത്. അന്നുണ്ടായ ഒരു സംഭവം അദ്ദേഹം എന്നോടു പറഞ്ഞിരുന്നു. ഒരിക്കല്‍ യുജിസി ചെയര്‍മാനും അംഗങ്ങളും തുടങ്ങി ഇന്നത ഉദ്യോഗസ്ഥര്‍ ഉള്ള കൂട്ടായ്മയില്‍ വിശിഷ്ടാതിഥിയായ അന്നത്തെ മാനവവിഭവ ശേഷി മന്ത്രി ഡോ.മുരളീമനോഹര്‍ജോഷി വന്നു. പൊതുവേ അന്തര്‍മുഖനായ കുഞ്ഞാമന്‍സാര്‍ മുരളീമനോഹര്‍ജോഷിയെ അങ്ങോട്ടുപോയി പരിചയപ്പെടാതെ ഒഴിഞ്ഞുനിന്നു. എന്നാല്‍ ഡോ.ജോഷി സാറിന്റെ അടുത്തുവന്നു സംസാരിച്ച് പരിചയപ്പെട്ടു. ഈ സംഭവം സാറിന്റെ ചില ധാരണകളെ ആകെ മാറ്റിമറിച്ചു.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായിരുന്ന പി. പരമേശ്വര്‍ജിയുമായി അടുത്ത വ്യക്തിബന്ധം കുഞ്ഞാമന്സാറിനുണ്ടായിരുന്നു. പ്രിയ പരമേശ്വര്‍ജിയുടെ പാണ്ഡിത്യത്തില്‍ വലിയമതിപ്പുണ്ടായിരുന്നു. 2003ല്‍ ഭാരതീയവിചാരകേന്ദ്രം ആലുവയില്‍ നടത്തിയ മൂന്നുദിവസത്തെ ദേശീയ ശില്പശാലയില് കുഞ്ഞാമന്‍സാര്‍ പങ്കെടുക്കുകയും പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു. ഗവേഷണത്തിന് രാഷ്ട്രപുനര്നിര്മ്മാണം, രാഷ്ട്രത്തിന്റെ ഉയര്‍ച്ച ഇതിലൊക്കെ വലിയപങ്കുവഹിക്കാനുണ്ടെന്ന് മനസ്സിലാക്കുന്ന പരമേശ്വര്‍ജി മൗലികചിന്തകനും ദാര്ശനികനുമാണെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. കുഞ്ഞാമന്‍സാര്‍ ആശില്പശാലയില് അവതരിപ്പിച്ച പ്രബന്ധത്തെ ശ്ലാഘിച്ച് പരമേശ്വര്‍ജി സംസാരിക്കുകയും ചെയ്തു.
(ആറ്റിങ്ങല്‍ സര്‍ക്കാര്‍ കോളജില്‍ സാമ്പത്തിക ശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: