അന്റിഗ്വ: ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ മോശം പ്രകടനത്തിനു പിന്നാലെ ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി. വിന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ കളിയില്‍ ഇംഗ്ലണ്ട് തോറ്റു. നാല് വിക്കറ്റിനായിരുന്നു വിന്‍ഡീസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ 325 റണ്‍സിന് ഓള് ഔട്ടായപ്പോള്‍ ഷായ് ഹോപ്പിന്റെ സെഞ്ചുറി കരുത്തില്‍ 48.5 ഓവറില്‍ വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 83 പന്തില്‍ 109 റണ്‍സുമായി ഷായ് ഹോപ്പ് പുറത്താകാതെ നിന്നു.
ഇംഗ്ലണ്ട് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ വിന്‍ഡീസിനായി ഓപ്പണര്‍മാരായ അലിക് അതാനസെയും (66), ബ്രണ്ടന്‍ കിങും (35) ചേര്‍ന്ന് 104 റണ്‍സിന്റെ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി മികച്ച തുടക്കമിട്ടു. അതാനസെ പുറത്തായതിന് പിന്നാലെ ബ്രാണ്ടന്‍ കിങും മടങ്ങി. വണ്‍ ഡൗണായി എത്തിയ കീസി കാര്‍ട്ടി (16) നിലയുറപ്പിക്കും മുമ്പ് വീണു. എന്നാല്‍ നാലാം വിക്കറ്റില്‍ ഷായ് ഹോപ്പും ഷിമ്രോണ്‍ ഹെറ്റ്മെയറും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി വിന്‍ഡീസിനെ വീണ്ടും ലക്ഷ്യത്തിലേക്ക് അടുപ്പിച്ചു. ഹെറ്റ്മെയര്‍ (32) പുറത്തായതിന് പിന്നാലെ ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡും (6) പെട്ടെന്ന് മടങ്ങിയെങ്കിലും റൊമാരിയോ ഷെപ്പേര്‍ഡിന്റെ (28 പന്തില്‍ 49) വെടിക്കെട്ട് ബാറ്റിങ് വിന്‍ഡീസിനെ ലക്ഷ്യത്തിന് അടുത്തെത്തിച്ചു. ഷെപ്പേര്‍ഡ് പുറത്തായശേഷം അല്‍സാരി ജോസഫിനെ കൂട്ടുപിടിച്ച് ഹോപ്പ് വിന്‍ഡീസ് വിജയം പൂര്‍ത്തിയാക്കി. ഇംഗ്ലണ്ടിനായി 9.5 ഓവറില്‍ 98 റണ്‍സ് വഴങ്ങിയ സാം കറന് നിരാശപ്പെടുത്തിയപ്പോള്‍ റെഹാന് അഹമ്മദും ഗുസ് അറ്റ്കിന്‍സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇംഗ്ലണ്ടിനായി ഒരു ബൗളറുടെ മോശം ബൗളിങ് പ്രകടനമാണിത്. 97 റണ്‍സ് വഴങ്ങിയ സ്റ്റീവ് ഹാര്‍മിസണിന്റെ റിക്കാര്‍ഡാണ് സാം കറന്റെ പേരിലായത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിരയില്‍ ഹാരി ബ്രൂക്ക് (71), സാക്ക് ക്രോളി (48), ഫില്‍ സാള്‍ട്ട് (46), സാം കറന് (38), ബ്രൈഡണ്‍ കാഴ്സ് (31*) എന്നിവരാണ് ബാറ്റിങ്ങില്‍ തിളങ്ങിയത്. നായകന് ജോസ് ബട്ലര്(3) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ലോകകപ്പില്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് നിരാശപ്പെടുത്തിയ ഇംഗ്ലണ്ട് ലോകകപ്പില്‍ കളിച്ച ഒമ്പത് താരങ്ങളെ ഒഴിവാക്കിയാണ് വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: