കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഇന്‍ഡി മുന്നണിയുടെ അടുത്ത യോഗത്തെ ചൊല്ലിയും അസ്വാരസ്യം. നാളെ മുന്നണി യോഗം ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അതേപ്പറ്റി ഒന്നും അറിയില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞതാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. മൂന്ന് മാസത്തിന് ശേഷമാണ് ഇന്‍ഡി മുന്നണി യോഗം ചേരുന്നത്.
കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് മുന്നണിയോഗം നാളെ ദല്‍ഹിയില്‍ ചേരുന്നതിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി പ്രതികരിച്ചത്. ‘എനിക്കറിയില്ല. ഒരുതരത്തിലുള്ള അറിയിപ്പുകളും അത് സംബന്ധിച്ച് എനിക്കില്ല. ആ ദിവസം വടക്കന്‍ ബംഗാളിലെ ചില പരിപാടികളിലായിരിക്കും. അറിയിച്ചിരുന്നെങ്കില്‍ ഈ പരിപാടികള്‍ മാറ്റിവയ്ക്കുമായിരുന്നു. എന്തായാലും ദല്‍ഹി യോഗത്തില്‍ പങ്കെടുക്കാനാവില്ല,’ മമത ബാനര്‍ജി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചേരുന്ന മുന്നണി യോഗം കോണ്‍ഗ്രസിനെതിരെ ഘടകകക്ഷികളുടെ പ്രതിഷേധത്തിനും ഇടയാക്കും.
മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയെത്തുടര്‍ന്ന് നേരിടുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി, സമാജ്വാദി പാര്‍ട്ടി, ജനതാദള്‍ യുണൈറ്റഡ് തുടങ്ങിയ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെതിരെ മത്സര രംഗത്തുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: