തിരുവനന്തപുരം: പഠനകാലത്തുള്പ്പെടെ കടുത്ത ജാതി വിവേചനം നേരിടേണ്ടി വന്നതിന്റെ പരിണിതഫലമാകാം വ്യവസ്ഥിതിയോടും ജാതിമേല്‍ക്കോയ്മയോടും എന്നും കലഹിച്ചിരുന്ന വ്യക്തിത്വമായിരുന്നു കുഞ്ഞാമന്റേത്. തന്നോടു സൗഹൃദം നടിച്ചും തന്റെ പ്രസംഗങ്ങളും എഴുത്തും ഇടതുപക്ഷം ഉപയോഗിച്ചെങ്കിലും വേണ്ടത്ര അംഗീകാരം അവരില്‍ നിന്ന് ലഭിച്ചിരുന്നില്ലെന്നത് അദ്ദേഹത്തെ എന്നും അലട്ടിയിരുന്നു.
കേരളത്തില്‍ വൈസ് ചാന്‍സലര്‍ പദവിയിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ച് കുഞ്ഞാമന് പറഞ്ഞത് ‘ഇടതുപക്ഷം ഭരിക്കുമ്പോള്‍ പോലും അതിന് അവസരം സൃഷ്ടിച്ചില്ലെന്നതാണ് സത്യം’ എന്നായിരുന്നു. ഇഎംഎസും വിഎസുമൊക്കെ സുഹൃത്തുക്കളായിരുന്നു. ഇഎംഎസ് വീട്ടില്‍ച്ചെന്ന് ചാണകം മെഴുകിയ തറയില്‍ ഇരുന്ന് സംസാരിക്കുമായിരുന്നു. എന്നാല്‍ വലിയൊരു അക്കാദമീഷ്യന് തങ്ങളോടൊപ്പം വന്നിട്ടും അദ്ദേഹത്തെ വേണ്ട രീതിയില്‍ അംഗീകരിക്കുന്നതില്‍ ഇടതുപക്ഷവും മടികാട്ടിയിരുന്നതായി കുഞ്ഞാമനും തോന്നിയിരുന്നു.
തന്റെ പ്രസംഗങ്ങളും ചിന്തകളും ഇടതുപക്ഷം ഉപയോഗിക്കുന്നതായി വ്യക്തമായതോടെ അദ്ദേഹം സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി അടുത്തു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരനെ വലിയ ബഹുമാനമായിരുന്നു. ആദ്യമായി തനിക്ക് ഒരംഗീകാരം ലഭിച്ചതും മുരളീമനോഹര്‍ ജോഷി തന്നെ യുജിസി മെമ്പറായി നിയമിച്ചതും പി. പരമേശ്വരന്റെ ശിപാര്ശപ്രകാരമായിരുന്നുവെന്ന് കുഞ്ഞാമന് പലരോടും പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കുഞ്ഞാമന് വലിയ ആരാധനയായിരുന്നു. ബ്രാഹ്മണിക് ‘ഹിന്ദൂയിസം’ രാജ്യത്ത് ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും ഇന്ന് എല്ലാ സമുദായങ്ങള്‍ക്കും അധികാരത്തില്‍ പങ്കുണ്ടെന്നും അതിന് കാരണക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞു.
2022 ഏപ്രിലില്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗിലാണ് നരേന്ദ്ര മോദിയോടുള്ള തന്റെ ആരാധന കുഞ്ഞാമന് വ്യക്തമാക്കിയത്. ആര്‍എസ്എസ് ഒരു സാംസ്കാരിക സംഘടനയാണെന്നും കുഞ്ഞാമന് വ്യക്തമാക്കിയിരുന്നു. ഇടതുപക്ഷത്തെയും കോണ്‍ഗ്രസിനെയും ശക്തമായി വിമര്‍ശിക്കാനും കുഞ്ഞാമന് മടിച്ചില്ല. ജാതിവ്യവസ്ഥയുടെ യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കുന്നതില്‍ കമ്യൂണിസ്റ്റുകാര്‍ പരാജയപ്പെട്ടു.
അംബേദ്കര്‍ ഭൂവിതരണത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ ഭുപരിഷ്കരണത്തെ കുറിച്ചാണ് പറഞ്ഞത്. ഇഎംഎസിന് അതു മനസിലാകാത്തത് കൊണ്ടല്ല, ക്ലാസ് എന്ന സങ്കല്‍പ്പത്തിനപ്പുറം പോകാന്‍ കഴിയാത്തതുകൊണ്ടാണെന്ന് കുഞ്ഞാമന് തുറന്നടിച്ചു. കോണ്‍ഗ്രസും അതില്‍ ദയനീയമായി പരാജയപ്പെട്ടെന്നും അദ്ദേഹം പറയുമായിരുന്നു.
എംഎക്ക് റാങ്ക് കിട്ടിയപ്പോള്‍ അന്ന് കുഞ്ഞാമനെ അനുമോദിക്കാന്‍ മന്ത്രിമാരായ എം.എന്‍. ഗോവിന്ദന് നായരും ടി.കെ. ദിവാകരനുമൊക്കെ പങ്കെടുത്ത സമ്മേളനം പാലക്കാട്ട് നടന്നു. അന്ന് കിട്ടിയ സ്വര്‍ണമെഡല്‍ പാലക്കാട്ട് നിന്ന് വാടാനംകുറിശ്ശിയിലെ വീട്ടിലെത്തിയതിന്റെ പിറ്റേന്നു തന്നെ പണയം വച്ചു. പത്തുദിവസം കഴിഞ്ഞ് വില്‍ക്കുകയും ചെയ്തു. വീട്ടില്‍ കൊടുംപട്ടിണിയായിരുന്നു. അതുകൊണ്ട് റാങ്ക് വലിയ കാര്യമായി അനുഭവപ്പെട്ടില്ല എന്നാണ് കുഞ്ഞാമന് ‘എതിര്’ എന്ന ആത്മകഥയില്‍ കുറിച്ചത്.
മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ജാതിപ്പേരു മാത്രം വിളിക്കുമായിരുന്ന അധ്യാപകനോട് കുഞ്ഞാമന് എന്ന പേരു വിളിക്കാന്‍ പറഞ്ഞതിന് അധ്യാപകനില്‍ നിന്ന് ചെകിടത്ത് തല്ലുകിട്ടി. പുസ്തകം വാങ്ങാന്‍ നിവൃത്തിയില്ലാത്തതിന് പഠിക്കാനല്ല, കഞ്ഞികുടിക്കാനാണ് വരുന്നതെന്നാക്ഷേപിച്ചു. കുഞ്ഞാമന് അന്ന് സ്കൂളിലെ കഞ്ഞികുടി നിര്‍ത്തിയതാണ്. വീട്ടിലെത്തി അമ്മയോട് പരാതി പറഞ്ഞപ്പോള്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല മോനേ, നന്നായി വായിച്ചു പഠിക്കൂ’ എന്നായിരുന്നു ഉപദേശം ലഭിച്ചത്.
പില്ക്കാലത്ത് ശിഷ്യന്മാരെ പഠിപ്പിക്കുമ്പോഴും കുഞ്ഞാമന് ഉപദേശിച്ചത് നന്നായി പഠിക്കാനായിരുന്നു. എന്നാല്‍ തനിക്കു ലഭിച്ച അവഹേളനത്തിനുപരി എല്ലാവിദ്യാര്‍ത്ഥികളെയും അദ്ദേഹം സ്നേഹിച്ചിരുന്നു. സ്നേഹത്തോടെയും നര്‍മ്മത്തിലൂടെയും നന്നായി പഠിപ്പിച്ചിരുന്ന അധ്യാപകനായിരുന്നു കുഞ്ഞാമനെന്ന് അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയും ആറ്റിങ്ങല്‍ കോളജ് സാമ്പത്തികശാസ്തവിഭാഗം അസോ. പ്രൊഫസറുമായ ഡോ. പ്രിയേഷ് സി.എ. ഏറെ അഭിമാനത്തോടെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: