തിരുവനന്തപുരം: ഡിവൈഎഫ്ഐ മാര്‍ച്ചിനിടെ പോലീസുദ്യോഗസ്ഥരെ ദേഹോപദ്രവമേല്‍പ്പിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത കേസില്‍ സിപിഎം നേതാക്കളായ എ.എ. റഹീം എംപിക്കും മുന്‍ എംഎല്‍എ എം. സ്വരാജിനും ഒരു വര്‍ഷം വീതം കഠിന തടവ്. തിരുവനന്തപുരം നാലാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. പ്രതികളില്‍ നിന്നു മര്‍ദനമേറ്റ പോലീസുദ്യോഗസ്ഥരടക്കം 21 ഔദ്യോഗിക, സ്വതന്ത്ര സാക്ഷികള്‍ വിചാരണയില്‍ പ്രതികളെ കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു. പ്രോസിക്യൂഷന്റെ അഞ്ചു തൊണ്ടി മുതലുകളുടെയും രേഖകളുടെയും കൂടി അടിസ്ഥാനത്തിലാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
കേസ് വിളിച്ചപ്പോള്‍ എ.എ. റഹീമും, എം. സ്വരാജും കോടതിയിലെത്തിയിരുന്നില്ല. കോടതി വെറുതേ വിടുമെന്ന ധാരണയിലായിരുന്നു ഇത്. കുറ്റക്കാരെന്ന് കോടതി വിധിച്ചതോടെ ഉച്ചയ്ക്ക് ഇവര്‍ കോടതിയില്‍ ഹാജരായി.
2014ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിലാണ് പോലീസിനെ ആക്രമിച്ചത്. സ്വരാജും റഹീമും കേസിലെ ആറും ഏഴും പ്രതികളാണ്. സാക്ഷികളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാത്തതിന് മ്യൂസിയം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് കോടതി മെമ്മോ നല്‍കിയിരുന്നു. തുടര്‍ന്നാണ് വിചാരണ പുനരാരംഭിച്ചത്.
ഡിവൈഎഫ്ഐ നേതാക്കളായ വിനീത് ഗോവിന്ദ്, അനൂപ്, സജു, ബിജു, മന്മോഹന്, ബിജെപി സംസ്ഥാന ഓഫീസ് ആക്രമണ കേസിലെ പ്രതി ഐ.പി. ബിനു, ദിലീപ്, ബെന്‍ ഡാര്വിന് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. മ്യൂസിയം പോലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: