ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗി(ഐഎസ്എല്‍)ല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ്സി ഗോവയ്ക്കെതിരെ അവരുടെ തട്ടകത്തില്‍. ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് നടക്കുന്ന ഇന്നത്തെ മത്സരം ഏറെ വാശിയേറിയതാകും.
പോയിന്റ് പട്ടികയില്‍ കേരളത്തിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനക്കാരാണ് ഗോവ. അതിനാല്‍ തന്നെ ഇന്നത്തെ മത്സരം ഒന്നാം സ്ഥാനം നിലനിര്‍ത്താനും പിടിച്ചെടുക്കാനുമുള്ള വാശിപ്പോരാട്ടമായി മാറുകയാണ്.
ചെന്നൈയിന് എഫ്സിക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ 3-1ന് പിന്നില്‍ നിന്ന ശേഷം ഗംഭീര തിരിച്ചുവരവോടെ സമനില പിടിച്ചതിന്റെ വീര്യത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സ്-ഗോവ പോരാട്ടം എന്നതിനേക്കാളുപരി പരിശീലകരായ ഇവാന് വുക്കോമാനോവിച്ചും മാനോളോ മാര്‍ക്വേസും തമ്മിലുള്ള പോരാട്ടം കൂടിയാണ് ഇന്നത്തേത്. ഐഎസ്എലില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുന്ന അപൂര്‍വ്വ പോരാട്ടത്തിന് വീറും വാശിയും ഇരട്ടിക്കുമെന്ന് ഉറപ്പ്.
ഇത്തവണ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത് എട്ട് മത്സരങ്ങളാണ്. അതില്‍ ആറും ഹോം മത്സരങ്ങല്‍. രണ്ട് എവേ മത്സരങ്ങളില്‍ ഒന്ന് ജയിച്ചപ്പോള്‍ മറ്റൊന്നില്‍ വിജയിച്ചു. ലീഗിലെ മൂന്നാം മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിക്കെതിരെയായിരുന്നു ആദ്യ എവേ മത്സരം. പരാജയപ്പെട്ടു. സീസണില്‍ ഇതുവരെ ബ്ലാസ്റ്റേഴ്സ് നേരിട്ട ഏക പരാജയമാണത്. പിന്നീട് ഈസ്റ്റ് ബംഗാളിനെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തി. ഇതുവരെ അഞ്ച് വിജയങ്ങളും രണ്ട് സമനിലകളുമായി 17 പോയിന്റുകള്‍ സ്വന്തമാക്കിയാണ് ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്.
ഗോവ ഇതുവരെ ആറ് കളികളേ കളിച്ചിട്ടുള്ളു. അതില്‍ ഒരു മത്സരം പോലും പരാജയപ്പെട്ടിട്ടില്ല. സീസണില്‍ പരാജയമറിഞ്ഞിട്ടില്ലാത്ത മൂന്ന് ടീമുകളില്‍ ഒന്നാണ് ഗോവ. മോഹന്‍ ബഗാന് എസ്ജിയും മുംബൈ സിറ്റി എഫ്സിയും ആണ് മറ്റ് രണ്ട് ടീമുകള്‍. അഞ്ച് ജയവും ഒരു സമനിലയും സഹിതമാണ് ഗോവ കേരളത്തിന് തൊട്ടുപിറകില്‍ 16 പോയിന്റിലെത്തിനില്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: