തിരുവനന്തപുരം: ആയുര്‍വേദം എന്നത് കേവലം ചികിത്സാ സമ്പ്രദായം എന്നതിലുപരി മൊത്തത്തിലുള്ള ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുകയും മനസ്സിനെയും ശരീരത്തെയും സന്തുലിതമാക്കുകയും ആരോഗ്യകരമായ ഭാവിയിലേക്ക് മനുഷ്യരാശിയെ നയിക്കുകയും ചെയ്യുന്ന ഒരു സമഗ്രമായ ജീവിതശൈലിയാണെന്ന് കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന് പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ദേശീയ ആരോഗ്യമേളയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു സമഗ്രമായ സമീപനത്തില്‍ വേരൂന്നിയ ആയുര്‍വേദം, രോഗലക്ഷണങ്ങളെ നിയന്ത്രിക്കുന്നതിനുപകരം രോഗങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, പ്രതിവര്‍ഷം 41 ദശലക്ഷം ആളുകളുടെ മരണത്തിന് കാരണമാകുന്നത് സാംക്രമികേതര രോഗങ്ങള്‍ കാരണമാണെന്നും ഈ രോഗങ്ങളുടെ ആഘാതം ഏറ്റവും ഗുരുതരമാകുന്നത് 30 വയസിന് മുകളിലുള്ള വ്യക്തികളിലാണെന്നും ആദ്ദേഹം പറഞ്ഞു. സാംക്രമികേതര രോഗങ്ങള്‍ തടയുന്നതിനും ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നതിനുള്ള ദീര്‍ഘകാല പരിഹാരം നല്കാന് ആയുര്‍വേദത്തിന് കഴിയുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാളാണ് മേള ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ ദേവീദാസ് വാര്യര്‍, ഡോ. ജെ ഹരീന്ദ്രന്‍ നായര്‍, ഡോ. നീലകണ്ഠന് മൂസ് തുടങ്ങിയ ആയുര്‍വേദ രംഗത്തെ പ്രമുഖരും ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ വി ജി ഉദയകുമാര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. വിഷ്ണു നമ്പൂതിരി എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: