വിന്‍ഡ്ഹോക്ക്(നമീബിയ): ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ട ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് 2024ന് യോഗ്യത നേടി. ടീമിനിത് ചരിത്രനേട്ടമാണ്. ക്രിക്കറ്റിന്റെ ഏതൊരു ഫോര്‍മാറ്റില്‍ വച്ചും ഉഗാണ്ട ലോകകപ്പ് യോഗ്യത നേടുന്നത് ആദ്യ സംഭവമാണ്. ഇന്നലെ നടന്ന മത്സരത്തില്‍ റുവാന്‍ഡയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചതോടെയാണ് ടീം യോഗ്യത ഉറപ്പാക്കിയത്. ടെസ്റ്റ് പദവിയുള്ള രാജ്യക്കാരായ സിംബാബ്വെയ്ക്ക് യോഗ്യത നേടാനായില്ല.
ആഫ്രിക്കയില്‍ നിന്നുള്ള യോഗ്യതാ മത്സരത്തില്‍ ആറില്‍ അഞ്ച് മത്സരങ്ങള്‍ വിജയിച്ചുകൊണ്ട് ഉഗാണ്ട പട്ടികയില്‍ രണ്ടാമതെത്തി. അടുത്ത വര്‍ഷം വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായാണ് ലോകകപ്പ് നടക്കുക. 20 ടീമുകളാണ് ലോകകപ്പ് ഫൈനല്സിനുള്ളത്.
ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റുവാന്‍ഡയെ 18.5 ഓവറില്‍ 65 റണ്‍സിന് ഓള്‍ഔട്ടാക്കി. മറുപടി ബാറ്റിങ് ആരംഭിച്ച ഉഗാണ്ട 8.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
നേരത്തെ താന്സാനിയയ്ക്കെതിരായ തങ്ങളുടെ ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റ് വിജയത്തോടെയാണ് ഉഗാണ്ട ലോകകപ്പ് യോഗ്യതയ്ക്ക് തുടക്കമിട്ടത്. ടീം പരാജയപ്പെട്ടത് നമീബിയയോട് മാത്രമാണ്. പിന്നീട് നൈജീരിയയെയും കെനിയയെയും തോല്‍പ്പിച്ചു.
നമീബിയയും ഉഗാണ്ടയുമാണ് യോഗ്യതാമത്സരത്തിലൂടെ ട്വന്റി20 ലോകകപ്പ് ഫൈനല്‍സ് കളിക്കാന്‍ ആഫ്രിക്കയില്‍ നിന്ന് അര്‍ഹത നേടിയത്. ഇന്നലെ നടന്ന നിര്‍ണായക പോരാട്ടത്തില്‍ സിംബാബ്വെ കെനിയയെ 110 റണ്‍സിനെ പരാജയപ്പെടുത്തിയെങ്കിലും ടീമിന്റെ സാധ്യത ഉഗാണ്ടയുടെ വിജയത്തെ ആശ്രയിച്ചിരിക്കുമായിരുന്നു. ഉഗാണ്ട റുവാന്ഡയോട് പരാജയപ്പെട്ടിരുന്നുവെങ്കില്‍ മാത്രമേ സിംബാബ്വെയ്ക്ക് സാധ്യതയുണ്ടായിരുന്നുള്ളൂ. ആദ്യ മത്സരത്തില്‍ തിരിച്ചടിയേറ്റതാണ് സിംബാബ്വേയ്ക്ക് അവസാന മത്സരമായപ്പോഴേക്കും വിനയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: