കൊച്ചി: ഏറെ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ച അഖില ഹാദിയ സംഭവം അടുത്ത ദിവസങ്ങളായി ഏറെ ചര്‍ച്ചയാവുകയാണ്. അഖിലയുടെ രണ്ടാം വിവാഹമാണ് അടുത്തിടെ ചര്‍ച്ചയായത്. സമൂഹമാധ്യമങ്ങളില്‍ കാസ എന്ന ക്രിസ്തീയ സംഘടന ഹാദിയ വീണ്ടും വിവാഹം കഴിച്ചുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത് വൈറലായിരുന്നു.
കാസയുടെ സംസ്ഥാന പ്രസിഡന്റ് കെവിന് പീറ്റര്‍ ഹദിയയുടെ പിതാവ് അശോകനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലൂടെയാണ് ഈ വിവരം പുറത്തുവന്നത്.
കേരളത്തില്‍ ലവ് ജിഹാദുണ്ടെന്നും അത് തടയണമെന്നും പരസ്യമായി പ്രഖ്യാപിച്ച ക്രിസ്തീയ സംഘടനയാണ് കാസ.
എന്നാല്‍ പിതാവ് അശോകന് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നത്. അഖില എന്ന ഹാദിയയുടെ വിവാഹം കഴിഞ്ഞത് അറിയുന്നത് ഒരു മാധ്യമപ്രവര്ത്തകന് വഴി 20 ദിവസം മുന്പാണെന്ന് അശോകന് പറയുന്നു.
ഏറെ നാളായി ഷെഫിന് ജഹാനുമായി അകന്നുകഴിയുകയായിരുന്ന മകള്‍ തിരുവനന്തപുരം സ്വദേശിയായ ഇതേ മതവിശ്വാസിയായ യുവാവിനെയാണ് വിവാഹം കഴിച്ചതെന്നും തിരുവനന്തപുരത്താണ് താമസമെന്നുമാണ് അറിയാന്‍ കഴിഞ്ഞതെന്ന് അശോകന് പറഞ്ഞു.
മാതാപിതാക്കളോട് പോലും പറയാതെ അഖില ഹാദിയ വിവാഹം കഴിച്ചതില്‍ ദുരൂഹതയുണ്ടെന്ന് പറയുന്ന അശോകന് ഇക്കാര്യം കോടതിയില്‍ അറിയാക്കാനുള്ള തയ്യാറെടുപ്പിലുമാണെന്ന് വ്യക്തമാക്കുന്നു. ഇനിയും തിരിച്ചു വന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നും മകളുടെ ഈ പോക്ക് അപകടത്തിലാക്കുമെന്ന ആശങ്കയും പങ്കുവയ്ക്കുന്നുണ്ട് ചാനല്‍ അഭിമുഖത്തില്‍ അശോകന്.
അശോകന്-പൊന്നമ്മ ദമ്പതികളുടെ ഏകമകളാണ് അഖില, എന്ന ഹാദിയ. ഹാദിയ എന്ന ഇസ്ലാം പേര് സ്വീകരിച്ച ശേഷം ഷെഫിന് ജഹാനെന്ന യുവാവിനെ വിവാഹം കഴിക്കുകയായിരുന്നു. ഈ വിവാഹം ഹൈക്കോടതി റദ്ദാക്കിയതോടെ ഹാദിയയുടെ ഭര്‍ത്താവ് സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്ന് 2018 മാര്‍ച്ച് മാസത്തില്‍ ഹൈക്കോടതി വിധി റദ്ദാക്കി കൊണ്ട് അഖിലക്ക് ഷഫിന്‍ ജഹാനൊപ്പം പോകാമെന്നും പഠനം തുടരാമെന്നും സുപ്രീംകോടതി ഉത്തരവിറക്കി. പഠിക്കുന്ന കാലത്തായിരുന്നു ഹാദിയയുടെ മതംമാറ്റവും തുടര്‍ന്നുണ്ടായ സംഭവങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: