ഫരഹ്(ഉത്തര്‍പ്രദേശ്): അവസാനവരിയിലെ അവസാനത്തെ വ്യക്തിയുടെയും ഉന്നമനം സാധ്യമാവുമ്പോഴേ യഥാര്‍ത്ഥ പുരോഗതി ഉണ്ടാവുകയുള്ളൂവെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ പകര്‍ന്ന അന്ത്യോദയ മന്ത്രം ഇതിനുവേണ്ടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. മഥുരയിലെ ഫരഹില് ദീനദയാല്‍ ഗോഗ്രാമ പരിസരത്ത് ഗോ വിജ്ഞാന ഗവേഷണ, പരിശീലനകേന്ദ്രം സമര്‍പ്പിച്ചതിന് ശേഷം ഗ്രാമീണരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അമ്മയാണ് നമ്മെ പരിപാലിക്കുന്നതെന്ന ഉറച്ച ബോധ്യമാണ് ഭാരതീയ സംസ്കൃതിയെ മുന്നോട്ടുനയിക്കുന്നതെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ഗോമാത, നദീമാതാ, ഭൂമാതാ, പ്രകൃതി മാതാ… എല്ലാ അമ്മമാരോടും പുത്രരെന്ന ഭാവത്തിലുള്ള നമ്മുടെ കടമകളുടെ പൂര്‍ത്തീകരണമാണ് രാഷ്ട്രത്തിന്റെ യശസുയര്ത്തുന്നത്. ഗോസേവ നമ്മുടെ കര്‍ത്തവ്യമാണ്, പാരമ്പര്യമാണ്. ഗോസേവയുടെ ദീനദയാല്‍ മാതൃക ലോകത്തിന് മുന്നില്‍ നമ്മുടെ കാര്‍ഷിക ജീവിതത്തനിമയെ ഉയര്‍ത്തിപ്പിടിക്കും. ധര്‍മ്മത്തിന്റെ വഴിയാണത്. ഈ പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് രാഷ്ട്രം ഉയരുന്നത്.
ഗോസമ്പത്തിനെ പറ്റിയുള്ള നമ്മുടെ പവിത്രഭാവം കൈമോശം വരരുത്. അത് മുറുകെപ്പിടിച്ച് ലോകത്തിന് പകരേണ്ട ചുമതല നമുക്കുണ്ട് നാടന്‍ പശുവിന് പാലിന്റെ മൂല്യവും ഗുണവും ഇന്ന് ലോകം തിരിച്ചറിയുന്നുണ്ട്. പല രാജ്യങ്ങളിലും ധാരാളം പശുവളര്‍ത്തല്‍ കേന്ദ്രങ്ങളും സംരക്ഷണ കേന്ദ്രങ്ങളും നിര്‍മിക്കുന്നുണ്ടെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. ഭാവുറാവു ദേവറസിനെയും നാനാജി ദേശ്മുഖിനെയും പോലുള്ളവരുടെ ഭവ്യഭാവനയാണ് ദീനദയാല്‍ ഗോഗ്രാമമായി വികസിച്ചതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗ്രാമജീവിതങ്ങളിലൂടെയാണ് ഗോമഹിമ ലോകത്തിനുമുന്നില്‍ പ്രകടമാവുക. അമ്മയെന്ന കാഴ്ചപ്പാടില്‍ ഗോവിനെയും ഭൂമിയെയും കാണുമ്പോള്‍ അതേ ഭാവത്തോടെ പരിചരിക്കാനും നമുക്ക് കഴിയണം, അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ ദീന്‍ദയാല്‍ വീവര്‍ സെന്ററിന്റെയും ചാണക ബയോഗ്യാസ് അടിസ്ഥാനമാക്കിയുള്ള ജനറേറ്റര്‍ പ്ലാന്റിന്റെയും ഉദ്ഘാടനവും ആയുഷ് വെറ്ററിനറി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ശിലാസ്ഥാപനവും മോഹന്‍ ഭാഗവത് നിര്‍വഹിച്ചു. സാധ്വി ഋതംഭര, മുകേഷ് ജെയിന്, അജയ് വന്‍ഷ്കര്‍, കാമധേനു ഗോശാല സമിതി അദ്ധ്യക്ഷന്‍ മഹേഷ് ഗുപ്ത അധ്യക്ഷത വഹിച്ചു. സാധ്വി ഋതംഭര, ദീനദയാല്‍ ധാം കാര്യദര്‍ശി ഹരിശങ്കര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: