കൊല്ലം: ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ മണ്ണിടിഞ്ഞ് കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള വ്യോമസേനയുടെ ഓപ്പറേഷന് മൂസാക്കില്‍ പങ്കാളിയായ കൊല്ലം സ്വദേശി ~ൈയിങ് ഓഫീസര്‍ എസ്.വി. വൈശാല്‍ ഗണേശ് കേരളത്തിന് അഭിമാനമായി. ഗുജറാത്ത് വഡോദര എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ നിന്നുള്ള ഹിമാലയന്‍ ഈഗില്സില് (25 സ്ക്വാട്ടറണ്) വിംഗ് കമാന്‍ഡര്‍ എ.കെ.യാദവിന്റെ നേതൃത്വത്തില്‍ 15 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനെത്തിയത്.
ഫ്ലൈറ്റ് ലഫ്റ്റനന്റ് ഗൗരവ്, ഫ്ലൈയിങ് ഓഫീസര്‍ പര്‍വേഷ് കുമാര്‍, സര്‍ജന്റ് അഷുതോഷ് എന്നിവരാണ് സംഘത്തിലെ മറ്റ് പ്രമുഖര്‍. തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോഴാണ് മുംബൈ കല്യാണില്‍ പ്രത്യേകം നിര്‍മിച്ച കൂറ്റന്‍ ഡ്രില്ലിങ് മെഷീനും അനുബന്ധ ഉപകരണങ്ങളുമായി വ്യോമസേനയുടെ പ്രത്യേക സംഘം എ.എന്‍. 32 വിമാനത്തില്‍ ഡെറാഡൂണ്‍ വിമാനത്താവളത്തില്‍ ഞായറാഴ്ച രാത്രിയോടെ പറന്നിറങ്ങിയത്.
അവിടെ നിന്നും 1000 കിലോയിലേറെ ഭാരമുള്ള ഡ്രില്ലിങ് മെഷീനും 800 കിലോയിലേറെ തൂക്കമുള്ള മെറ്റാലിക് റോപ്പും അനുബന്ധ ഉപകരണങ്ങളും പ്രത്യേക ട്രെയിലറില്‍ ഉത്തരാഖണ്ഡിലെ അപകട സ്ഥലത്ത് എത്തിക്കുകയായിരുന്നു. ഈ ഡ്രില്ലിങ് മെഷീന് ഉപയോഗിച്ചു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഒടുവില്‍ വിജയപഥത്തിലെത്തിയത്. 17 ദിവസങ്ങളിലേറെ ജീവനോട് മല്ലടിച്ച് കിടന്ന 41 തൊഴിലാളികള്‍ക്ക് ഇതോടെയാണ് പുനര്‍ജന്മമായത്.
കൊല്ലം കണ്ണനല്ലൂര്‍ പാലമുക്ക് വൈശാലത്തില് മാധ്യമ പ്രവര്‍ത്തകനായ മയ്യനാട് ഡി.വി. ഷിബുവിന്റെയും കെഎസ്ഇബിയില്‍ നിന്നും എക്സിക്യൂട്ടീവ് എന്‍ജിനീയറായ വിരമിച്ച എസ്.വി.സുധര്മ്മണിയുടെയും മകനാണ് ഇരുപത്താറുകാരനായ വൈശാല്‍ ഗണേശ്. ഹൈദരാബാദ് ഡിണ്ടിഗല്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വൈശാല്‍ ഗുജറാത്ത് വഡോദരയിലെ എയര്‍ ഫോഴ്സ് ബേസില്‍ 25ന് സ്ക്വാട്രന്‍ ഹിമാലയന്‍ ഈഗിള്‍സില്‍ ഫ്ലൈയിങ് ഓഫീസറായി ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് ചുമതലയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: