ഹൂസ്റ്റണ്‍: അമേരിക്കയുടെ സ്ഥാപിത മൂല്യങ്ങള്‍ മാതാപിതാക്കള്‍ പഠിപ്പിച്ച ഹൈന്ദവ മൂല്യങ്ങളോട് സാദൃശ്യമുള്ളവയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുന്ന വിവക് രാമസ്വാമി. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയുടെ രണ്ടാം രാഷ്ട്രപതി ജോണ്‍ ആഡംസ് പിന്നീട് സംസ്കൃതത്തിന്റെയും ഹൈന്ദവ സംസ്കാരത്തിന്റെയും പണ്ഡിതനായി എന്നതില്‍ അതിശയിക്കാന്‍ ഒന്നുമില്ല. കാരണം ഈ രാജ്യത്തിന്റെ സ്ഥാപിത പാരമ്പര്യം ആ ഭാരതീയ സംസ്കാരത്തിന്റേതുതന്നെയാണ്. നമ്മുടെ നഷ്ടപ്പെട്ട ആത്മീയതയെ വീണ്ടെടുക്കാനുള്ള കാലഘട്ടിത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആ മൂല്യങ്ങള്‍ വീണ്ടെടുത്ത് വരുന്ന തലമുറയ്ക്ക് പങ്കുവയ്ക്കുക എന്നത് നമ്മുടെ കടമയും കൂടിയാണ്. വിവേക് രാമസ്വാമി പറഞ്ഞു.
അമ്മയും അച്ഛനും പഠിച്ച മൂല്യങ്ങളുടെ വിജയത്തിനുവേണ്ടി എന്റെ കര്‍ത്തവ്യം ഞാന്‍ നിറവേറ്റും, ശേഷം ഭഗവദ് കരങ്ങളിലാണ്. അച്ഛനെന്നെ പഠിപ്പിച്ചത് ‘സത്യം വദ, ധര്‍മ്മം ചര’ എന്നാണ്. ഞാന്‍ അതില്‍ ഉറച്ചുനില്‍ക്കുകയും ഈ രാജ്യത്തിന്റെ മൂല്യങ്ങളും അതുതന്നെയാണെന്നു കരുതുകയും ചെയ്യുന്നു വിവേക് പറഞ്ഞു.
വിവേക് രാമസ്വാമിയുടെ അച്ഛനമ്മമാരായ രാമസ്വാമി, ഡോ. ഗീത എന്നിവരെ ചടങ്ങില്‍ ഋഗ്വേദം നല്കി ആദരിച്ചു. മൂന്നു തലമുറകളെ പ്രതിനിധീകരിച്ച് ദേവനന്ദന, ദിവ്യാഉണ്ണി, പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി എന്നിവരാണ് വേദം കൈമാറിയത്. കെഎച്ച്എന്‍എ പ്രസിഡന്റ് ജി.കെ. പിള്ള പൊന്നാട അണിയിച്ചു. കുമ്മനം രാജശേഖരന് കര്‍മ്മയോഗി പുരസ്കാരം നടന് ആര്. മാധവന് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: