ജ്ഞാനസാഗർ ദ്വാരക തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ ചിത്രം ‘ഹരോം ഹര’യുടെ മലയാളം ടീസർ മമ്മൂട്ടി പുറത്തിറക്കി. സുധീർ ബാബു നായകനായും മാളവിക ശർമ്മ നായികയായും, സുനിൽ, ജെ പി, ലക്കി ലക്ഷ്മൺ, രവി കാലെ, അക്ഷര ഗൗഡ & അർജുൻ ഗൗഡ തുടങ്ങിയവർ മറ്റ് അഭിനേതാക്കളായും എത്തുന്ന ഈ ചിത്രം ശ്രീ സുബ്രഹ്മണ്യേശ്വര സിനിമാസ് (എസ്എസ്സി)ന്റെ ബാനറിൽ സുമന്ത് ജി നായിഡുവാണ് നിർമ്മിക്കുന്നത്.
പോലീസ് അറസ്റ്റ് ചെയ്ത പ്രതിനായകനെ കാണിച്ചുകൊണ്ട് ആരംഭിക്കുന്ന ടീസറിൽ അദ്ദേഹത്തിന്റെ അനുയായികൾ പോലീസിനെ തടയാൻ ശ്രമിക്കുന്നു. ശേഷം ടീസർ സുധീർ ബാബുവിന്റെ കഥാപാത്രമായ സുബ്രഹ്മണ്യനിലൂടെ സഞ്ചരിക്കുന്നു. പോരാട്ടത്തിന് തയ്യാറായി നിൽക്കുന്ന ഒരുകൂട്ടം ആളുകളെ കാണിക്കുന്ന ടീസറിൽ ചിത്രത്തിലെ കഥാപാത്രങ്ങളുടെ മുഖങ്ങൾ മിന്നിമറയുന്നു. യുദ്ധക്കളത്തിൽ വിജയിക്കുന്നതോടൊപ്പം അതിജീവിക്കാനും ധൈര്യം കാണിക്കേണ്ടതുണ്ടെന്ന് സ്ഥാപിക്കുന്ന ടീസർ അടിയും ഇടിയും രക്തവും കലർന്ന ഒരു മാസ്സ് ആക്ഷൻ ചിത്രമായിരിക്കും ‘ഹരോം ഹര’ എന്ന സൂചന നൽകുന്നു. എന്നാൽ പ്ലോട്ട്ലൈൻ വെളിപ്പെടുത്താതെ, കഥാപാത്രങ്ങളിലൂടെ കടന്നുപോവുന്ന ടീസർ ചിത്രത്തിന്റെ പ്രമേയം വ്യക്തമാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
ഒരു സാധാരണക്കാരനിൽ നിന്ന് പട്ടണത്തിലെ തലവനായി മാറുന്ന ‘സുബ്രഹ്മണ്യം’ എന്ന കഥാപാത്രത്തെ പക്വതയോടെ സുധീർ ബാബു അവതരിപ്പിച്ചു. നിരവധി പാളികളാൽ നിലകൊള്ളുന്ന ഈ കഥാപാത്രം ഒരു പവർഫുൾ മനുഷ്യനെയാണ് തുറന്നുകാണിക്കുന്നത്. കുപ്പം പശ്ചാത്തലമാക്കിയുള്ള കഥ ആയതിനാൽ രായലസീമ സ്ലാംഗിലാണ് സംഭാഷണങ്ങൾ പറയുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി 2024ന്റെ തുടക്കത്തിൽ ചിത്രം റിലീസ് ചെയ്യും.
ഛായാഗ്രഹണം: അരവിന്ദ് വിശ്വനാഥൻ, ചിത്രസംയോജനം: രവിതേജ ഗിരിജല, സംഗീതം: ചൈതൻ ഭരദ്വാജ്, പിആർഒ: ശബരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: