തൃശൂർ: അതിരപ്പിള്ളി മലക്കപ്പാറയിലെ ആദിവാസി ഊരിൽ വയോധിക പുഴുവരിച്ച നിലയിൽ. വീരൻകുടി ഊരിലെ കമലമ്മ പാട്ടിയാണ് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനിലയിലായത്. ദീർഘകാലം കിടപ്പിലായതിനെ തുടർന്നാണ് ഇവരുടെ ശരീരത്തിൽ വ്രണങ്ങൾ ഉണ്ടായതെന്നാണ് വിവരം. അവശനിലയിലായ വയോധികയുടെ മുറിവിൽ ഇതിനിടെ പുഴുവരിക്കുകയായിരുന്നു.
ഊരിലെത്തി ചികിത്സ നൽകണമെന്ന് ട്രൈബൽ ഡിപ്പാർട്ട്മെന്റിനോടും ആരോഗ്യവകുപ്പിനോടും ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല. പ്രധാന പാതയിൽ നിന്നും 4 കിലോമീറ്റർ ഉൾവനത്തിലാണ് വീരൻകുടി സ്ഥിതി ചെയ്യുന്നത്. കാൽനടയായി മാത്രമേ ഇവർക്ക് റോഡിലേക്ക് എത്താൻ കഴിയു എന്നതിനാൽ കമലമ്മ പാട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ആയിട്ടില്ല. ഏഴു കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഊരിൽ കമലമ്മ പാട്ടിയെ തണ്ടിൽ ചുമന്ന് എത്തിക്കാൻ ആളുകളില്ല. കാട്ടു മൃഗങ്ങളുടെ ശല്യമുള്ള പ്രദേശമാണിത്.
അടിയന്തര ഇടപെടൽ വേണമെന്ന് വാർഡ് മെമ്പർ നിങ്കലപ്പൻ ആവശ്യപ്പെട്ടിട്ടുണ്ട്. മൊബൈൽ ടവറിന് റേഞ്ച് പോലുമില്ലാത്ത പ്രദേശമായതിനാൽ ഏറെ കഷ്ടപ്പെട്ടാണ് അധികൃതരെ വിവരമറിയിച്ചത്. എന്നിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് ഊര് വാസികളുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: