കളമശേരി: കുസാറ്റിലെദുരന്തത്തില്‍ ജീവന് പൊലിഞ്ഞ സഹപാഠികള്‍ക്ക് ആയിരങ്ങളുടെ യാത്രാമൊഴി.
മരിച്ച നാല് പേരുടേയും പോസ്റ്റുമോര്‍ട്ടം കളമശേരി മെഡിക്കല്‍ കോളജില്‍ ഇന്നലെ രാവിലെ പൂര്‍ത്തിയാക്കി. ഒമ്പത് മണിയോടെ അതുല്‍ തമ്പി(22), സാറാ തോമസ്(22), ആന്‍ റിഫ്ത റോയി(22) എന്നിവരുടെ മൃതദേഹങ്ങള്‍ കുസാറ്റ് കാമ്പസില്‍ എത്തിച്ചു. ആയിരങ്ങളാണ് അന്ത്യമോപചാരമര്‍പ്പിക്കാന്‍ ഇവിടെ എത്തിയത്. സ്പീക്കര്‍ എ.എന്‍ ഷംസീര്‍, മന്ത്രിമാരായ ആര്. ബിന്ദു, പി. രാജീവ്, എംപിമാരായ ഹൈബി ഈഡന്, ബെന്നി ബഹനാന്, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉഷ ടൈറ്റസ്, കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, കുസാറ്റ് വി.സി. ഡോ. പി.ജി. ശങ്കരന് തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
പതിനൊന്ന് മണിയോടെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി അതുല്‍ തമ്പിയുടേ മൃതദേഹം കൂത്താട്ടുകുളത്തെ വീട്ടിലേക്കും സാറാ തോമസിന്റെ മൃതദേഹം കോഴിക്കോട് താമരശേരിയിലെ വീട്ടിലേക്കും കൊണ്ടുപോയി.
വിദേശത്തുള്ള മാതാവ് എത്തിച്ചേരേണ്ടതിനാല്‍ ആന്‍ റിഫ്തയുടെ മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ആന്‍ റിഫ്തയുടെ സംസ്കാരം ചൊവ്വാഴ്ചയും സാറ തോമസിന്റേത് ഇന്ന് രാവിലെ 10.30ന് പുല്പള്ളി സെന്റ്ജോര്‍ജ് പള്ളിയിലും നടക്കും. അതുല്‍ തമ്പിയുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു.
ആല്വിന് ജോസഫിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പാലക്കാട് മുണ്ടൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി, സംസ്കാരം നടത്തി. ആല്‍വില്‍ ജോസഫ് സുഹൃത്തിനൊപ്പം പരിപാടി വീക്ഷിക്കാനെത്തിയതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: