കൊച്ചി: കളമശ്ശേരി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും മരിച്ച നാലുപേരെയും തിരിച്ചറിഞ്ഞു. കുസാറ്റിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളാണ് മരിച്ച മൂന്ന് പേരും.സിവില്‍ എന്‍ജിനീയറിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി എറണാകുളം കുത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനികളായ വടക്കന്‍ പറവൂര്‍ സ്വദേശിനി ആന്‍ റുഫ്ത, കോഴിക്കോട് താമരശേരി കോരങ്ങാട് സ്വദേശിനി സാറാ തോമസ്, പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്വിന് ജോസഫ് എന്നിവരാണ് മരിച്ചത്. ആല്വിന് കുസാറ്റിലെ വിദ്യാര്ത്ഥയല്ലെന്നാണ് അറിയുന്നത്.
പരിക്കേറ്റ രണ്ട് പെണ്‍കുട്ടികളെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍നിന്ന് ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി. ഇതില്‍ ഒരു പെണ്‍കുട്ടി വെന്റിലേറ്ററിലാണ്. രണ്ടാമത്തെ പെണ്‍കുട്ടി അപകട നില തരണം ചെയ്തെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 31 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 15 പേര് കിന്‍ഡര്‍ ആശുപത്രിയിലും ചികിത്സയിലുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മെഡിക്കല്‍ കോളേജില്‍ ചികിത്സ ഉറപ്പാക്കാന്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്.
മറ്റു ആശുപത്രികളിലും ചെറിയ പരിക്കുകളോടെ വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതിനാല്‍ പരിക്കേറ്റവരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
മൂന്ന് ദിവസത്തെ ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് അവസാന ദിവസം നിഖിത ഗാന്ധിയുടെ ഗാനമേള തുടങ്ങാനിരിക്കെ മഴ പെയ്തതോടെ പുറത്ത് നിന്നവര്‍ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചു കയറിയതാണ് ദുരന്തത്തിന് വഴി വച്ചത്. തിക്കിലും തിരക്കിലും പെട്ട് വീണ കുട്ടികള്‍ക്ക് മറിറുളളവരുടെ ചവിട്ടേറ്റാണ് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ ഒരാള്‍ മരിച്ചിരുന്നു. മറ്റ് മൂന്ന് പേര് ആശുപത്രിയിലെത്തിയ ഉടനും മരിച്ചു. വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.
മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: