തിരുവല്ല: സംസ്ഥാനത്ത് നടക്കുന്നത് നവകേരള യാത്രയല്ല നാടുവാഴിയുടെയും മന്ത്രിമാരുടെയും വിനോദയാത്രയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ പോലും മനസ് കാട്ടാതെയാണ് ഇവരുടെ പ്രയാണം. കോടികള്‍ പൊടിച്ച് നടക്കുന്ന പ്രഹസനം നാടിന് തന്നെ നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവല്ലയില്‍ ഹമാസ് ഭീകരതയ്ക്കെതിരെ ബിജെപി നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാട് ഭീകരവാദം എന്ന വലിയ വെല്ലുവിളിയെയാണ് നേരിടുന്നത്. അതിജീവനത്തിന്റെ പോരാട്ടമെന്ന് പ്രചരിപ്പിച്ച് അക്രമത്തിന്റെ നയമാണ് ഹമാസ് പിന്തുടരുന്നത്.
ഭീകരതയുടെ കറുത്ത ഇന്നലെകള്‍ അടുത്തറിഞ്ഞവരാണ് ഭാരതീയര്‍. അതിനാല്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പ്രധാനമന്ത്രിയും രാജ്യവും സ്വീകരിച്ചത്. ഹമാസ് ഭീകരതയ്ക്ക് വേണ്ടി മത്സരിച്ച് നടക്കുന്ന സൗഹൃദ വേദികള്‍ തീവ്രവാദികള്‍ക്ക് വേണ്ടിയുള്ള പ്രചരണമാണ് നടത്തുന്നത്.
ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. വി.എ. സൂരജ് അധ്യക്ഷനായി. മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. കേരള ചര്‍ച്ചസ് കൗണ്‍സില്‍ സംസ്ഥാന ജന. സെക്രട്ടറി അഡ്വ. പ്രകാശ് പി. തോമസ് ആമുഖപ്രഭാഷണം നടത്തി.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലിത്ത ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ഫെലോഷിപ്പ് അധ്യക്ഷന്‍ ഡോ. ജോര്‍ജ് ഈപ്പന്, മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യന് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന് ഭീകരവിരുദ്ധ സന്ദേശം നല്കി. കാസാ സംസ്ഥാന അധ്യക്ഷന്‍ കെവിന് പീറ്റര്‍, വിവിധ കക്ഷിനേതാക്കളായ കുരുവിള മാത്യൂസ്, ഡോ. എ.പി. ആനന്ദരാജ്, അഭികുമാര്‍ വെണ്‍പാല, രതീഷ് മുട്ടപ്പള്ളി, പുനലൂര്‍ സലീം, അഡ്വ. ജോണി കെ. ജോണ്‍, പ്രദീപ് അയിരൂര്‍, കെ.ബി. മുരുകേശ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: