ന്യൂഡല്‍ഹി: പതഞ്ജലിയുടെ പരസ്യങ്ങള്‍ സംബന്ധിച്ച സുപ്രീംകോടതി പരാമര്‍ശത്തില്‍ പ്രതികരണവുമായി യോഗ ഗുരു ബാബ രാംദേവ്. വ്യാജ പ്രചാരണങ്ങളോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കാമ്പയിനോ പതഞ്ജലി എഫ്എംസിജി ഗ്രൂപ്പ് നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
പതഞ്ജലിയെ സുപ്രീംകോടതി ശാസിച്ചതുമായി ബന്ധപ്പെട്ട മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം നിഷേധിച്ചു.
വ്യാജ പ്രചാരണം നടത്തുകയാണെങ്കില്‍ നടപടിയുണ്ടാവുമെന്ന് മാത്രമാണ് സുപ്രീംകോടതി പറഞ്ഞത്. തങ്ങള്‍ വ്യാജ പ്രചാരണം നടത്താറില്ലെന്നും ബാബ രാംദേവ് വിശദീകരിച്ചു.
‘ഇന്നലെ മുതല്‍ വിവിധ മാധ്യമ സൈറ്റുകളില്‍, സുപ്രീം കോടതി (എസ്സി) പതഞ്ജലിയെ ശാസിച്ചുവെന്ന ഒരു വാര്‍ത്ത വൈറലായിട്ടുണ്ട്. നിങ്ങള്‍ തെറ്റായ പ്രചരണം നടത്തിയാല്‍ പിഴ ഈടാക്കുമെന്ന് സുപ്രീംകോടതി പറഞ്ഞു. ഞങ്ങള്‍ സുപ്രീംകോടതിയെ ബഹുമാനിക്കുന്നു. പക്ഷേ. ഞങ്ങള്‍ തെറ്റായ പ്രചാരണങ്ങളൊന്നും നടത്തുന്നില്ല. തനിക്കും തന്റെ കമ്പനിക്കുമെതിരെ, പ്രത്യേകിച്ച് യോഗയെയും ആയുര്‍വേദത്തെയും ലക്ഷ്യമിട്ട് ഒരു കൂട്ടം ഡോക്ടര്‍മാര്‍ തെറ്റായ പ്രചരണം നടത്തുകയാണ്. രാംദേവ് ആരോപിച്ചു.
യോഗ, ആയുര്‍വേദം തുടങ്ങിയവയ്ക്കെതിരെ തുടര്‍ച്ചയായി പ്രചരണം നടത്തുന്ന ഏതാനും ഡോക്ടര്‍മാര്‍ ഒരു ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ട്. ഞങ്ങള്‍ കള്ളം പറയുന്നവരാണെങ്കില്‍ 1000 കോടി രൂപ പിഴയ്ക്കും വധശിക്ഷയ്ക്കും ഞങ്ങള്‍ തയ്യാറാണ്. കള്ളം പറയുന്നവരല്ല, പിന്നെ യഥാര്‍ത്ഥത്തില്‍ തെറ്റായ പ്രചരണം നടത്തുന്നവരെ ശിക്ഷിക്കൂ, കഴിഞ്ഞ 5 വര്‍ഷമായി രാംദേവിനെയും പതഞ്ജലിയെയും ലക്ഷ്യമിട്ട് കുപ്രചരണങ്ങള്‍ നടക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു.
ബാബാ രാംദേവിന്റെ പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ക്കെതിരെ സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. തെറ്റിദ്ധരിപ്പിക്കുന്നതോ, തെറ്റായ അവകാശവാദങ്ങളോ നല്കുന്ന പരസ്യങ്ങള്‍ പാടില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ഐ.എം.എ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന ഓരോ പരസ്യങ്ങള്‍ക്കും ഒരുകോടി രൂപ വീതം പിഴ ചുമത്തുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് ബാബ രാംദേവിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: