കൊച്ചി: ഫുട്ബോള്‍ ടര്‍ഫില്‍ നിലവാരമില്ലാത്ത പുല്‍ത്തകിടി സ്ഥാപിച്ചു നല്കി കബളിപ്പിച്ച വിതരണക്കാരന്, ടര്‍ഫ് ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവ്. 25,89,700 രൂപ ടര്‍ഫ് ഉടമയ്ക്ക് നല്‍കണമെന്നാണ് ഉത്തരവ്.
കൊച്ചിയിലെ ‘സ്പോര്‍ട്സ് ടെറൈന്‍’ എന്ന സ്ഥാപനത്തിനെതിരെ ചോറ്റാനിക്കര ‘ലെജന്‍ഡ് ഫുട്ബോള്‍ അക്കാദമി’ ഉടമയായ എം.എസ്. സന്തോഷ് സമര്‍പ്പിച്ച പരാതിയിലാണ് കമ്മിഷന് പ്രസിഡന്റ് ഡി.ബി. ബിനു, മെമ്പര്‍മാരായ വൈക്കം രാമചന്ദ്രന്, ടി.എന്‍. ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
ഫിഫ നിലവാരത്തില്‍ ഫുട്ബോള്‍ ഗ്രൗണ്ടില്‍ കൃത്രിമ പുല്‍ത്തകിടി സ്ഥാപിക്കുന്നതിനുവേണ്ടി 2019 ആഗസ്തിലാണ് പരാതിക്കാരന് എതിര്‍കക്ഷിയെ സമീപിച്ചത്. ഫിഫ അംഗീകാരം ഉള്ള ‘ലിമോണ്ട’ എന്ന അന്താരാഷ്ട്ര ബ്രാന്‍ഡിന്റെ പുല്‍ത്തകിടി സ്ഥാപിച്ചുനല്കാം എന്ന കമ്പനിയുടെ വാഗ്ദാനത്തില്‍, സംരംഭകന് വീട് പണയപ്പെടുത്തി 25,04 ,700 രൂപ എതിര് കക്ഷിക്ക് നല്കി. സ്ഥാപിച്ച പുല്‍ത്തകിടി പെട്ടെന്ന് നശിച്ച സാഹചര്യത്തില്‍ നടത്തിയ അന്വേഷണത്തില്‍ നിലവാരമില്ലാത്ത പ്രാദേശിക ബ്രാന്‍ഡായ പുല്‍ത്തകിടിയാണ് വിതരണ കമ്പനി ഉപയോഗിച്ചത് എന്ന് ബോധ്യപ്പെട്ടു. വിതരണ കമ്പനിയെ സമീപിച്ചെങ്കിലും വീണ്ടും ഫിഫ അംഗീകാരം ഇല്ലാത്ത ലോക്കല്‍ ബ്രാന്‍ഡ് പുല്‍ത്തകിടി സ്ഥാപിക്കാന്‍ ആണ് തയാറായത്. തുടര്‍ന്നാണ് ഉപഭോക്താവ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനെ സമീപിച്ചത്.
പണം വാങ്ങിയ ശേഷം വാഗ്ദാനം ചെയ്ത ഉത്പന്നവും സേവനവും നല്‍കാതിരുന്നത് അധാര്‍മികമായ വ്യാപാര രീതിയാണെന്ന് ഉത്തരവില്‍ വ്യക്തമാക്കി. അഡ്വ. ബ്ലോസം മാത്യു പരാതിക്കാരന് വേണ്ടി ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: