പാലക്കാട്: ഇരുമ്പുരുക്ക് മേഖലയില്‍ വ്യാജരേഖകള്‍ നിര്‍മിച്ച് ജിഎസ്ടി രജിസ്ട്രേഷന്റെ മറവില്‍ നടത്തിയ തട്ടിപ്പ് പുറത്ത്. മാത്തൂര്‍ പഞ്ചായത്തിലെ ആനിക്കോട്ടെ അഞ്ച് സെന്റ് സ്ഥലത്താണ് സ്ഥലമുടമയോ ഗ്രാമപഞ്ചായത്തോ അറിയാതെ കൃത്രിമ രേഖകള്‍ ഉണ്ടാക്കി അമീന് സേത്ത് എന്നയാള്‍ സേത്തി എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിനായി രേഖകള്‍ സമര്‍പ്പിച്ചത്. ഇയാള്‍ ജിഎസ്ടി രജിസ്ട്രേഷനായി നല്കിയ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിലെ ഹോളോഗ്രാമിലും ആധാറിലുമായിരുന്നു കൃത്രിമം നടത്തിയത്.
സ്ഥാപനത്തിന്റെ പേരില്‍ രജിസ്ട്രേഷനായി നല്കിയ സ്ഥലത്ത് വൃദ്ധയായ സ്ത്രീ മാത്രമാണ് താമസിക്കുന്നതെന്ന് കണ്ടെത്തി. ഇല്ലാത്ത കമ്പനിയുടെ പേരില്‍ വ്യാജബില്‍ നിര്‍മിച്ച പട്ടാമ്പിയിലേക്ക് ഇടപാട് നടത്തിയതായും കണ്ടെത്തി. ചായപ്പൊടി എന്നുമാത്രം രേഖപ്പെടുത്തിയാണ് അപേക്ഷ നല്‍കിയിരുന്നത്. പിന്നീടത് ഇരുമ്പുരുക്ക് കച്ചവടത്തിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. മാത്രമല്ല, സ്ഥലത്തേക്ക് നടപ്പാത മാത്രമാണുള്ളത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് സംസ്ഥാന നികുതിവകുപ്പ് ജോ. കമ്മിഷണര്‍ രാജേഷിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന നികുതിവകുപ്പ് ഓഫീസര്‍ പി. മനോജ്, എഎസ്ടിഒമാരായ എസ്. പ്രദീപ്, എം. ഷാജഹാന്, ആര്. സജീവ് എന്നിവരുള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്. മാത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്. പ്രസാദ്, മറ്റു ജീവനക്കാര്‍ എന്നിവരും കൂടെയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: