തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ വായ്പതിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി ചെയ്ത ആറ് കോടി രൂപ വിലയുള്ള ഭൂമിയും വസ്തുവും വെറും 1.65 കോടി രൂപയ്ക്ക് വിറ്റുവെന്ന് കേരളബാങ്കിനെതിരെ പരാതിയുമായി കുടുംബം. ഇടുക്കി ജില്ലയില്‍ വ്യാപാരിയായ കുഞ്ചിത്തണ്ണി കടമ്പുംകാനത്ത് ദേവരാജനാണ് തന്റെ ഭൂമി നാലിലൊന്ന് വിലയ്ക്ക് വിറ്റ കേരളബാങ്കിനെതിരെ പരാതിപ്പെടുന്നത്.
കുഞ്ചിത്തണ്ണി ടൗണിലെ 56 സെന്റ് ഭൂമി, ടൗണിലെ ഏഴ് കടമുറികള്‍, തൊട്ടുപിന്നിലുള്ള 21 മുറികളുള്ള ബഹുനിലക്കെട്ടിടം എന്നിവ ജാമ്യത്തില്‍ വെച്ചാണ് ദേവരാജനും ഭാര്യ സിന്ധുവും 56 ലക്ഷം രൂപ കേരളബാങ്കില്‍ നിന്നും വായ്പയെടുത്തത്. 2004ലായിരുന്നു ഈ വായ്പ. എന്നാല്‍ ഇദ്ദേഹത്തിന്റെ വസ്ത്രവ്യാപാരം പ്രതിസന്ധിയിലായതോടെ തിരിച്ചടവ് മുടങ്ങി. പലിശയും പലിശയ്ക്കുമീതെ പലിശയും ആയി കടബാധ്യത ഒന്നരക്കോടിയായി വര്‍ധിച്ചു. ഇതോടെയാണ് കേരളബാങ്ക് ജപ്തിക്കൊരുങ്ങിയത്.
പിന്നീട് ബാങ്ക് 1.65 കോടി രൂപയ്ക്ക് ഭൂമിയും കെട്ടിടവും ലേലം ചെയ്തുവിറ്റു. വായ്പ എടുക്കുന്ന സമയത്ത് ഭൂമിയ്ക്കും കെട്ടിടത്തിനും ആറ് കോടി രൂപ മതിപ്പുവില കേരള ബാങ്ക് കണക്കാക്കിയിരുന്നുവെന്ന് ദേവരാജന്‍ പറയുന്നു. ഇതാണ് ഇപ്പോള്‍ 1,65 കോടി രൂപയ്ക്ക് ലേലത്തില്‍ വിറ്റത്.
മാത്രമല്ല, ദേവരാജനും കുടുംബവും ഇപ്പോള്‍ താമസിച്ചുകൊണ്ടിരുന്ന രണ്ട് സെന്റ് ഭൂമിയും ബാങ്ക് ഈ ലേലത്തില്‍ വിറ്റുവെന്നും പരാതിയുണ്ട്. ഈ രണ്ട് സെന്റ് ഭൂമി പണയം വെച്ചിരുന്നില്ല. ഇതോടെ ഉള്ള കിടപ്പാടവും വിറ്റ് ഇറങ്ങേണ്ട ഗതികേടിലാണ് ദേവരാജനും സിന്ധുവും.
ഒരു പരിചയക്കാരന് ഒരു മാസത്തേക്ക് വാടകയില്ലാതെ നല്കിയ മുറിയില്‍ പലചരക്ക് കട നടത്തുകയാണ് ദേവരാജന്‍. പത്ത് ദിവസം കൂടി കഴിഞ്ഞാല്‍ ഈ മുറി ഒഴിഞ്ഞു കൊടുക്കണമെന്ന് പറയുന്നു.
അതേ സമയം കേരളബാങ്ക് അധികൃതര്‍ അവരുടെ പക്ഷം ന്യായീകരിക്കുന്നു. നിയമാനുസൃതമായാണ് ലേലം നടത്തിയതെന്നും ബാങ്ക് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: