മാസ് വലിയ ഓളം സൃഷ്ടിക്കും പക്ഷെ വെടിക്കെട്ട് പോലെ അല്പായുസേ കാണൂ, ക്ലാസ് സ്ഥിരതയാര്‍ന്നതാണ്, വെളിച്ചം തൂകി നില്ക്കും ഒരു കൊടുങ്കാറ്റിലും അണയാത്ത വിളക്കായി. പാറ്റ് കമിന്‍സ് എന്ന ഓസീസ് നായകന് കളത്തില്‍ വാഴുമ്പോള്‍ മുഖത്ത് വിരിയുന്ന ചിരിയിലുണ്ട് ഓസീസ് പതിറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന പ്രൊഫഷണലിസത്തിന്റെ ക്ലാസിക് ടച്ച്. കമിന്‍സിന്റേത് വെറുമൊരു ചിരിയല്ല, അതിന് പിന്നിലൊരു ഗൗരവമുണ്ട്, ആവേശത്തിന് അടിപ്പെടാതെ ജയം മാത്രം ലക്ഷ്യംവയ്ക്കുന്ന ഗൗരവം.
13-ാം ലോകകപ്പ് തുടങ്ങും മുമ്പേ സാധ്യതാ പട്ടികയില്‍ ഇംഗ്ലണ്ട് ആയിരുന്നു മുന്നില്‍. രണ്ടാമത് ന്യൂസിലന്‍ഡ് മൂന്നാമത് ഭാരതം, അതിനും പിന്നിലായി വിലയിരുത്തലുകാര്‍ മനസ്സില്ലാ മനസ്സോടെ മാത്രം ചേര്‍ത്ത പേരായിരുന്നു ഓസ്ട്രേലിയ. കാരണം രണ്ടായിരങ്ങള്‍ക്ക് ശേഷം ഓസീസ് ടീമില്‍ ഏതാനും വര്‍ഷങ്ങളായി പ്രതിഭാ സാന്നിധ്യം വല്ലാതെ കുറഞ്ഞിരിക്കുന്ന സമയം. ഇത്തവണത്തെ ടീമിലേക്ക് നോക്കിയാല്‍ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ജോഷ് ഹെയ്സല്‍വുഡ് തീര്‍ന്നു. പിന്നെ ഗ്ലെന്‍ മാക്സ് വെലിന്റെയും മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും പേരുകള്‍ വെറുതെ അകമ്പടിയായി ചേര്‍ക്കാം എന്നുമാത്രം. ബാക്കി താരങ്ങളില്‍ നായകന് പാറ്റ് കമിന്‍സ് ഉള്‍പ്പെടെയുള്ളവരെ ലോക നിലവാരവുമായി തട്ടിച്ചുനോക്കിയാല്‍ ശരാശരിക്കാര്‍ മാത്രം.
തുടക്കം പാളിക്കൊണ്ടായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളില്‍ തുടര്‍ തോല്‍വി. ആ ഒരവസരത്തില്‍ പട്ടികയിലെ പത്ത് ടീമുകളില്‍ പത്താം സ്ഥാനത്തേക്ക് ഇടിഞ്ഞു. മൂന്നാമത്തെ മത്സരത്തില്‍ ആദം സാംപയെന്ന സ്പിന്‍ ബോളറുടെ നാല് വിക്കറ്റ് മികവില്‍ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചുകൊണ്ട് തുടങ്ങി. ആ കളിയില്‍ രണ്ട് വിക്കറ്റ് നേട്ടവുമായി കമിന്‍സ് തന്റെ പിന്തുണ തുടങ്ങി.
പിന്നെ ഓരോ മത്സരത്തിലും പന്ത് കൊണ്ട് കമിന്‍സ് മുന്‍ നിരക്കാര്‍ക്ക് നല്ലപോലെ പിന്തുണ നല്കി പോന്നു. ടീമിന്റെ പ്രാഥമിക റൗണ്ടിലെ എട്ടാം മത്സരം അഫ്ഗാനിസ്ഥാനെതിരെ. സെമി ബെര്‍ത്ത് ഉറപ്പിക്കാന്‍ ഈ കളി ജയിച്ചേ തീരു എന്നായിരുന്നു അവസ്ഥ. രണ്ടാമത് ബാറ്റ് ചെയ്ത ഓസീസ് തകര്‍ന്ന് തരിപ്പണമായപ്പോളാണ് ഗ്ലെന്‍ മാക്സ്വെല് ചരിത്രത്തിലെ ഏറ്റവും വലിയ പ്രകടനമികവ് പുറത്തെടുത്തത്. ഒരറ്റത്ത് ഗ്ലെന്‍ മാക്സ്വെല് തകര്‍ത്തടിക്കുമ്പോള്‍ മറുവശത്ത് പ്രതിരോധത്തിലൂടെ(66 പന്തില്‍ 12 റണ്‍സ്) വിക്കറ്റ് കളയാതെ കാത്തു. ഒപ്പം പേശിവേദനകൊണ്ട് പുളയുന്ന മാക്സിക്ക് തമാശകളും മറ്റും പറഞ്ഞ് ആശ്വാസിപ്പിച്ച് ചിരിച്ചുകൊണ്ട് സാഹചര്യത്തെ കൈയ്യിലെടുത്തു കമിന്‍സ്. മത്സരം ജയിച്ചപ്പോള്‍ ഓസീസിന് അന്നേ ലോകകപ്പ് നേടിയ പ്രതീതിയായിരുന്നു.
പിന്നീട് സെമിവരെ പാറ്റ് കമിന്‍സിലെ നായകന് കളത്തില്‍ വിരാജിക്കുമ്പോഴെല്ലാം വലിയ തോല്‍വി മുന്നില്‍ കണ്ടാല്‍ പോലും ഒട്ടും അങ്കലാപ്പില്ലാതെ നേരിട്ടു. സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്യാനുള്ള ഓസീസ് മികവ് കാട്ടിതന്നുകൊണ്ടിരുന്നു.
ഫൈനല്‍ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ 90 ശതമാനത്തിലേറെ സീറ്റുകള്‍ കൈയ്യടക്കിയ ഭാരത ആരാധകര്‍ക്ക് നടുവില്‍ പ്രതിഭാധാരാളിത്തമുള്ള ഭാരതത്തിനെതിരെ ഇറങ്ങുന്നു. ടോസ് വിളിച്ചെടുക്കുന്നത് മുതല്‍ നായകന് കമിന്‍സിന്റെ മുഖത്ത് ഗൗരവം കലര്‍ന്ന ചിരിമാത്രമായിരുന്നു. ആവേശം കാണികള്‍ക്കുള്ളതാണ് കളിക്കാര്‍ ആവേശത്തിനടിപ്പെടാന് പാടില്ലെന്ന തന്ത്രം ഓസീസ് കളിക്കാര്‍ പണ്ടേ ശീലമാക്കിയതാണ്. അതിനാല്‍ അവരാരും കിരീട വിജയം സ്വന്തമാക്കുവോളം വലിയ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുതിര്‍ന്നില്ല. ഒടുവില്‍ അവര്‍ അഹമ്മദാബാദിലെ മൈതാന മദ്ധ്യത്തിലേക്ക് ഇരമ്പിയാര്‍ത്തു ആറാം ലോക കിരീടം ആഘോഷിക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: