തൃശൂര്‍: കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട വ്യാജ വായ്പാ ഫയലുകള്‍ കൈകാര്യം ചെയ്തിരുന്നത് സിപിഎം ജില്ലാ നേതൃത്വം നിയോഗിച്ച സമാന്തര കമ്മിറ്റി. ഇക്കാര്യം വ്യക്തമാക്കി ഇ ഡി നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന സി.കെ.ചന്ദ്രനായിരുന്നു സമാന്തര കമ്മിറ്റിയുടെ ചുമതല. തട്ടിപ്പുകള്‍ നടന്ന കാലത്ത് ജില്ലാ സെക്രട്ടറിയായിരുന്ന എ.സി.മൊയ്തീന്, നിലവിലെ സെക്രട്ടറി എം.എം വര്‍ഗീസ് എന്നിവര്‍ക്കെതിരെ ഇ ഡി അന്വേഷണം പുരോഗമിക്കുകയാണ്. ഈ മാസം 25 ന് ഹാജരാകാന്‍ വര്‍ഗീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് മൊയ്തീനെയും വിളിപ്പിക്കും. പ്രതികള്‍ക്ക് ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും ഇ ഡിയുടെ അഭിഭാഷകര്‍ കോടതിയെ ധരിപ്പിച്ചു.
സിപിഎം നേതാക്കളുടെ ബിനാമി പി.സതീഷ് കുമാര്‍ ഉള്‍പ്പെടെ കരുവന്നൂരില്‍ നിന്ന് കോടികള്‍ തട്ടിയ 50 പേര്‍ക്കെതിരെ ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു. ഇവരുടെ 90 കോടിയുടെ സ്വത്തും കണ്ടു കെട്ടി. കേസ് ആദ്യം അന്വേഷിച്ച കേരള പോലീസ് ഇവരെ ആരെയും പ്രതികളാക്കിയിരുന്നില്ല.
തട്ടിപ്പിന് നേതൃത്വം നല്കിയ നേതാക്കളെയും ബിനാമികളെയും ഒഴിവാക്കി, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗങ്ങളെയും ജീവനക്കാരെയും മാത്രം പ്രതികളാക്കി. ഈ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളില്‍ മിക്കവരും കൂലിപ്പണിയെടുത്തും ചെറിയ കച്ചവടം ചെയ്തും ജീവിക്കുന്നവരാണ്. ഒരാള്‍ സെക്യൂരിറ്റി ജോലി ചെയ്ത് ജീവിക്കുന്നയാളാണ്.
കോടികളുടെ ബാധ്യതയും ജപ്തി ഭീഷണിയുമാണ് ഇവര്‍ നേരിടുന്നത്. തട്ടിപ്പുകാരെ പാര്‍ട്ടി സംരക്ഷിക്കുകയാണെന്നും തങ്ങളെ ബലിയാടുകളാക്കുകയായാണെന്നും ഇവര്‍ പറയുന്നു. സിപിഎം, സിപിഐ പ്രാദേശിക നേതാക്കളാണ് ഡയറക്ടര്‍ ബോര്‍ഡിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: