ടൂറിസ്റ്റ് ബസുകള്‍ യാത്രക്കാരെ കയറ്റിയും ഇറക്കിയും സര്‍വീസ് നടത്തുന്നതു തടയണമെന്ന കെഎസ്ആര്‍ടിസിയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല
കൊച്ചി: ദേശസാത്കൃത റൂട്ടുകളില്‍ ടൂറിസ്റ്റ് ബസുകള്‍ യാത്രക്കാരെ കയറ്റിയും ഇറക്കിയും സര്‍വീസ് നടത്തുന്നതു തടയണമെന്ന കെഎസ്ആര്‍ടിസിയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ഹര്‍ജി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണത്തിനായി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റി. ജസ്റ്റിസ് ദിനേഷ് കുമാര്‍ സിങ്ങാണ് ഹര്‍ജി പരിഗണിച്ചത്.
സര്‍വീസ് ബസുകളെപ്പോലെ ടൂറിസ്റ്റ് ബസുകള്‍ക്ക് സര്‍വീസ് നടത്താനാവുന്ന വിധത്തില്‍ ഓള് ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍ പെര്‍മ്മിറ്റ് ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ചോദ്യം ചെയ്തു നല്കിയ ഹര്‍ജിയിലാണ് കെഎസ്ആര്‍ടിസി ഈ ആവശ്യം ഉന്നയിച്ചത്. ചട്ടഭേദഗതി പ്രകാരം ടൂറിസ്റ്റ് പെര്‍മ്മിറ്റ് എടുത്ത റോബിന് ബസ് പത്തനംതിട്ട – കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് തടയാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിരന്തരം ശ്രമിക്കുന്നതിനിടെയാണ് കെഎസ്ആര്‍ടിസി ചട്ടഭേദഗതി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ ചട്ടഭേദഗതിയെ സര്‍ക്കാരിന്റെ ഭാഗമായ കെഎസ്ആര്‍ടിസിക്ക് എങ്ങനെയാണ് ചോദ്യം ചെയ്യാനാവുകയെന്ന് സിംഗിള്‍ ബെഞ്ച് വാക്കാല്‍ ചോദിച്ചു. ടൂറിസ്റ്റ് പെര്‍മ്മിറ്റ് എടുത്താല്‍ സീറ്റുകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യം നല്കി യാത്രക്കാരുടെ ലിസ്റ്റും തയാറാക്കി സര്‍വീസ് നടത്താം. യാത്രക്കാരുടെ ലിസ്റ്റ് ഡ്രൈവറുടെ കൈവശം ഉണ്ടാകണമെന്നേ ചട്ടത്തില്‍ പറയുന്നുള്ളൂ. വഴിമധ്യേ യാത്രക്കാരെ കയറ്റാന്‍ പാടില്ലെന്ന് നിയമത്തിലോ ചട്ടത്തിലോ പറയുന്നില്ലെന്നും സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: