തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയുടെ അടിവേരിളക്കും വിധത്തിലുള്ള കൊള്ളയ്ക്ക് സംരക്ഷണം നല്‍കുന്നത് സിപിഎം ആണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. സഹകാര്‍ ഭാരതി സംഘടിപ്പിച്ച സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 300 കോടിയുടെ തട്ടിപ്പ് നടന്നു. രാജീവ് ഗാന്ധിക്ക് ഭരണം നഷ്ടമാകാന്‍ കാരണമായ ബൊഫോഴ്സ് കുംഭകോണം 70 കോടിയുടേതാണ്. കരിവന്നൂരില്‍ 300 കോടിയും കണ്ടലയില്‍ 101 കോടിയും സാധാരണക്കാരുടെ പണം പോയതില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു വേവലാതിയുമില്ല.
അവര്‍ പറയുന്നത് സഹകരണ മേഖലയെ തകര്‍ക്കാന്‍ ഇ ഡി വരുന്നുവെന്നാണ്. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ സഹകരണ മേഖലയ്ക്ക് വേണ്ടി പുതിയ മന്ത്രാലയം രൂപീകരിച്ചപ്പോള്‍ അതിനെതിരെ വിമര്‍ശനം ഉയര്‍ത്തിയവരാണ് കേരളത്തിലെ രണ്ട് മുന്നണികളുമെന്ന് വി. മുരളീധരന് കുറ്റപ്പെടുത്തി.
സഹകരണ മേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടു കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള പല പരിഷ്കാരങ്ങളും അനുയോജ്യമല്ല എന്ന വാദമുയര്‍ത്തി തടയിടാന്‍ ഇടതുപക്ഷത്തെ സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസും സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
മുന്‍ പ്ലാനിംഗ് ബോര്‍ഡ് അംഗം സി.പി. ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സഹകരണ ബാങ്കുകളെ കൂട്ടിയോജിപ്പിച്ച് കേരള ബാങ്ക് തുടങ്ങിയത് അബദ്ധമായെന്ന് ഇപ്പോള്‍ പലരും രഹസ്യമായി സമ്മതിക്കുന്നുണ്ടെന്ന് സി.പി.ജോണ്‍ പറഞ്ഞു.
പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ചെന്ന് കയറാന്‍ ഒരു ഡിസ്ട്രിക്റ്റ് സെന്‍ട്രല്‍ കോഓപ്പറേറ്റിവ് ബാങ്ക് സിസ്റ്റം ഭാരതത്തില്‍ പുനഃസ്ഥാപിച്ചാല്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹകാര്‍ ഭാരതി ജില്ലാ പ്രസിഡന്റ് അജി ബുധനൂര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മികച്ച സഹകരണ സംഘങ്ങള്‍ക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു.
അനന്തപുരം സഹകരണ സംഘം, നെയ്യാറ്റിന്‍കര സര്‍വീസ് സഹകരണ ബാങ്ക്, പാറശ്ശാല ഗ്രാമോദ്ധാരണ സഹകരണസംഘം, പാലോട് ക്ഷീരോല്പാദക സഹകരണ സംഘം, തിരുവനന്തപുരം റസിഡന്റ്സ് വെല്‍ഫെയര്‍ സഹകരണ സംഘം എന്നീ സഹകരണ സംഘങ്ങള്‍ക്കും സഹകാരികള്‍ക്കുള്ള പുരസ്കാരം എന്‍.ജനാര്ദ്ദനന് നായര്‍, പി.ശ്രീകുമാരി അമ്മ എന്നിവര്‍ക്ക് സമ്മാനിച്ചു.
അനന്തപുരം സഹകരണ ബാങ്ക് പ്രസിഡന്റ് എം.ജയകമാര്‍, സഹകാര്‍ ഭാരതി സംസ്ഥാന അധ്യക്ഷന്‍ പി.സുധാകരന്, ജനറല്‍ സെക്രട്ടറി മോഹനചന്ദ്രന്, സെക്രട്ടറി കെ.രാജശേഖരന്, സഹകാര്‍ ഭാരതി ജില്ലാ സെക്രട്ടറി എം .സുരേഷ്കുമാര്‍, ജയാ രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: