തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിക്കായി 108.34 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.
രണ്ട് ഗഡുക്കളായാണ് ഈ തുക ലഭിച്ചിട്ടുള്ളത്. കൃത്യമായി കണക്ക് നല്കാത്തതിനാല് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ കേരളത്തിനുള്ള വിഹിതം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെന്നും കണക്ക് സമര്‍പ്പിക്കാത്തതിനാല്‍ നവംബര്‍ വരെയുള്ള ആദ്യ ഗഡു കേന്ദ്രവിഹിതമായ 125 കോടി രൂപയില്‍ 54.16 കോടി രൂപയേ കേന്ദ്രം നല്കിയുള്ളൂ എന്നുമുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും വി. ശിവന്‍കുട്ടി വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ ഫണ്ടുകള്‍ നല്‍കുന്നില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് മന്ത്രി കേന്ദ്രം പണം നല്‍കിയെന്ന് സമ്മതിച്ച് രംഗത്ത് എത്തിയത്. സ്കൂള്‍ ഉച്ചഭക്ഷണത്തിലടക്കം കുടിശികയില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന് നേരത്തെ വ്യക്തമാക്കിയിരുന്നു.
പദ്ധതിക്കുള്ള 2023-24 വര്‍ഷത്തെ കേന്ദ്രവിഹിതം 284.31 കോടി രൂപയാണെന്ന് മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി. ആദ്യ ഗഡുവായി ലഭിച്ച 54.17 കോടി രൂപയും കേന്ദ്രവിഹിതത്തില്‍ മുന്‍ വര്‍ഷത്തെ ബാലന്‍സ് തുകയായ 32.34 കോടി രൂപയും ചേര്‍ത്ത് ലഭ്യമായിരുന്ന 86.51 കോടി രൂപ പൂര്‍ണമായും ചെലവഴിച്ചു. ഇതിന്റെ കൃത്യമായ കണക്കുകളും ചെലവ് സംബന്ധിച്ച സ്റ്റേറ്റ്മെന്റുകളും ഒക്ടോബര്‍ 31ന് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. ഇത് അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ നവംബര്‍ 17ന് രണ്ടാമത്തെ ഗഡുവായി 54.17 കോടി രൂപകൂടി അനുവദിച്ചു. 36 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളില്‍ നമ്മുടെ സംസ്ഥാനമടക്കം എട്ട് സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് രണ്ടാം ഗഡു ലഭ്യമായത്. കേന്ദ്രവിഹിതത്തില്‍ ഇനി സംസ്ഥാനത്തിന് ലഭിക്കേണ്ടത് 143.63 കോടി രൂപയാണ്. ഇത് ശേഷിക്കുന്ന രണ്ട് ഗഡുക്കളായാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നത്, വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ചട്ടങ്ങള്‍ പ്രകാരം, 60 ശതമാനം, 40 ശതമാനം എന്നിങ്ങനെ രണ്ട് ഗഡുക്കളായിട്ടാണ് കേന്ദ്രവിഹിതം അനുവദിക്കേണ്ടത്. എന്നാല്‍, ഇക്കൊല്ലം 25 ശതമാനം വീതം നാല് ഗഡുക്കളായേ കേന്ദ്രവിഹിതം അനുവദിക്കൂ. നാലുഗഡുക്കളായി നല്കുന്നതില് മാത്രമാണ് സംസ്ഥാനത്തിന് എതിര്‍പ്പുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
ഉച്ചഭക്ഷണ സമിതി രൂപീകരിക്കാനുള്ള നിര്‍ദേശം ആശയക്കുഴപ്പത്തെ തുടര്‍ന്നാണ് പിന്‍വലിച്ചതെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: