പാലക്കാട്: സനാതനധര്മത്തില് വിശ്വസിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റും മനുഷ്യാവകാശ ഉപദേഷ്ടാവുമായ നുസ്രത്ത് ജഹാന്. മഹിളാ സമന്വയ വേദി കല്ലേപ്പുള്ളി ക്ലബ് 6 കണ്വന്ഷന് സെന്ററില്‍ സംഘടിപ്പിച്ച സ്ത്രീശക്തി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. റിട്ട. ജില്ലാ ജഡ്ജ് ടി. ഇന്ദിര അധ്യക്ഷത വഹിച്ചു.
ഭാരതത്തില്‍ ജീവിക്കുന്ന ഞാനും ഹിന്ദുവാണെന്ന് പറയാന്‍ അഭിമാനമുണ്ട്. സംസ്കാരമാണ് ഹിന്ദുത്വം. അതില്‍ മതമില്ല. ആദ്യം വേണ്ടത് രാഷ്ട്രമാണ്. രാഷ്ട്രമുണ്ടെങ്കിലെ ജനതയും സമൂഹവും കുടുംബവുമുള്ളൂ. മുഗള്‍ സാമാജ്ര്യത്തെക്കുറിച്ചും മറ്റും പഠിപ്പിക്കുന്നതിന് പകരം രാജ്യത്തിന് വേണ്ടി പോരാടിയ ഝാന്‍സി റാണി, ശിവജി എന്നിവരെക്കുറിച്ചാണ് പഠിപ്പിക്കേണ്ടത്, നുസ്രത്ത് ജഹാന് പറഞ്ഞു.
ഇന്ന് മുസ്ലീം സ്ത്രീകള്‍ പല കാര്യങ്ങളിലും മുന്നോട്ടുവരുന്നതിന് കാരണം അവര്‍ക്ക് മുത്തലാഖ് നിരോധനത്തിലൂടെ കിട്ടിയ സ്വാതന്ത്ര്യത്താലാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ സമൂഹത്തില്‍ മുന്നോട്ടുവരുന്നതോടൊപ്പം വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണം. വിദ്യാഭ്യാസത്തിലൂടെയേ ലക്ഷ്യത്തിലെത്താന്‍ കഴിയൂ എന്നോര്‍ക്കണം.
ഭാരതീയ സ്ത്രീസങ്കല്പം, സ്ത്രീ സമൂഹം നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും, രാഷ്ട്രപുരോഗതിയില്‍ സ്ത്രീകളുടെ പങ്കാളിത്തം എന്നീ വിഷയങ്ങളെ അധികരിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ഡോ. ജെ. പ്രമീളാദേവി, ഫിസാറ്റിലെ ഡോ.ആര്. അര്‍ച്ചന, ബാലഗോകുലം സംസ്ഥാന ഭഗിനി പ്രമുഖ് പി. കൃഷ്ണപ്രിയ എന്നിവര്‍ സംസാരിച്ചു. വിവിധ സെഷനുകളില്‍ ഡോ. ലതാനായര്‍, ഡോ. സൗദാമിനി മേനോന്, ജയ അച്യുതന് എന്നിവര്‍ അധ്യക്ഷത വഹിച്ചു. മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സമാപന പ്രഭാഷണം നടത്തി. ബ്രഹ്മകുമാരി മീന മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ പ്രമീള ശശിധരന്, സജി ശ്യാം സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: