ലോക്പാല്‍, ലോകായുക്ത സംവിധാനങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിലെ അഴിമതിയും ക്രമക്കേടും പരാജയവും കണ്ടെത്താനും നടപടിയെടുക്കാനും വളരെ നല്ല ഉദ്ദേശത്തോടുകൂടി ആരംഭിച്ചതാണ്. കേന്ദ്രതലത്തില്‍ ലോക്പാല്‍ സംവിധാനവും സംസ്ഥാനതലത്തില്‍ ലോകായുക്തയും ആരംഭിക്കാനുള്ള ശ്രമങ്ങള്‍ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. 1966 ല്‍ മൊറാര്‍ജി ദേശായി അധ്യക്ഷനായ പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്തതാണ് ലോക്പാല്‍, ലോകായുക്ത സംവിധാനങ്ങള്‍.
ഒരു നിയന്ത്രണവും അന്വേഷണവും ഇല്ലാതെ നടക്കുന്ന പൊതുജീവിതത്തിലെ, ഭരണരംഗത്തെ അഴിമതിക്കെതിരെ ലോക്പാല്‍ സംവിധാനം ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായത് 2013ല്‍ പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെ നടത്തിയ സമരങ്ങളോടെയാണ്. ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തയും നിലവില്‍ വന്നത് വളരെ ശക്തമായ നടപടികള്‍ക്ക് ഇടയാക്കുകയും ചെയ്തു. കര്‍ണാടകത്തില്‍ ലോകയുക്തയായിരുന്ന ജസ്റ്റിസ് സന്തോഷ് ഹെഗ്ഡേ പുറപ്പെടുവിച്ച ഒരു വിധിന്യായത്തെ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന യെദിയൂരപ്പ രാജിവെച്ചു. പൊതുജീവിതത്തില്‍ ആദര്‍ശ ശുദ്ധി പുലര്‍ത്തിയിരുന്ന യെദിയൂരപ്പയുടെ നിലപാട് മറ്റേതെങ്കിലും മുഖ്യമന്ത്രിമാര്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. സംസ്ഥാനങ്ങളില്‍ പലയിടത്തും ലോകായുക്തയെ വിരല്‍ത്തുമ്പില്‍ നിര്‍ത്താനും അനുസരണയുള്ള, ചങ്ങലയില്‍ പൂട്ടിയ, കടിക്കാന്‍ കഴിയാത്ത, കുരയ്ക്കുന്ന പട്ടിയാക്കി മാറ്റാനാണ് പലരും ശ്രമിച്ചിട്ടുള്ളത്. ലോകായുക്തയെ കടിക്കുന്ന പട്ടിയെ പോലെ ശക്തമായ സംവിധാനം ആക്കി മാറ്റാന്‍ ആണ് നിയമം കൊണ്ടുവന്ന സമയത്ത് അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരും പിന്നീട് ഭേദഗതി കൊണ്ടുവന്ന ഉമ്മന്‍ചാണ്ടിയും ശ്രമിച്ചത്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ ലോകായുക്തയുടെ കീഴിലേക്ക് കൊണ്ടുവന്നത് ഉമ്മന്‍ചാണ്ടി ആയിരുന്നു. മുഖ്യമന്ത്രിയായി പിണറായി വിജയന് ചുമതലയേറ്റതിനുശേഷം എങ്ങനെയും ലോകായുക്തയുടെ പല്ല് കൊഴിക്കാനും അതിനെ അസ്തപ്രജ്ഞരാക്കാനുമാണ് ശ്രമം ഉണ്ടായിട്ടുള്ളത്. ഗവര്‍ണറുടെ പരിഗണനയില്‍ ഇപ്പോഴുള്ള നിയമഭേദഗതിയെക്കുറിച്ചുപോലും ഇത്തരം ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച, ഒപ്പിടാനായി ഗവര്‍ണര്‍ക്ക് കൈമാറിയ നിയമം ഇതുവരെ ഗവര്‍ണര്‍ ഒപ്പു വച്ചിട്ടില്ല.
പൊതുരംഗത്തെ അഴിമതിക്കെതിരെ, ശക്തമായ നടപടിയെടുക്കാന്‍ കൊണ്ടുവന്ന ലോകായുക്ത സംവിധാനത്തിന് ചിറകരിഞ്ഞ് വെറും ഉപദേശകസ്ഥാനം മാത്രമാണ് നിയമസഭ അംഗീകരിച്ച ബില്ലില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. മന്ത്രിമാര്‍ക്കെതിരായ കേസുകളില്‍ മുഖ്യമന്ത്രിയും എംഎല്‍എമാര്‍ക്കെതിരായ കേസുകളില്‍ സ്പീക്കറും സിറ്റിങ് നടത്തി വേണം ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍. ഇന്ത്യയിലെ മറ്റു മിക്ക സംസ്ഥാനങ്ങളിലും ലോകായുക്തയ്ക്ക് നേരിട്ട് ശിക്ഷ വിധിക്കാനുള്ള അധികാരം തന്നെയാണുള്ളത്. ആ അധികാരം ഉപയോഗിച്ചാണ് യെദിയൂരപ്പയ്ക്കെതിരെ കര്‍ണാടക ലോകായുക്ത നടപടി എടുത്തത്. പക്ഷേ കേരളത്തില്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തി കാട്ടുന്ന സംവിധാനമാണ് ലോകായുക്ത ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. തങ്ങളെ രാഷ്ട്രീയക്കാര്‍ അപ്രസക്തമാക്കും മുമ്പ് അവര്‍ക്ക് അടിമപ്പണി എടുക്കുന്ന തരത്തിലേക്ക് ലോകായുക്ത അധ:പതിച്ചിരിക്കുന്നു.
ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി എന്ന ഹര്‍ജിയിലെ വിധിയാണ്. എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ നിര്യാണത്തിനുശേഷം കുടുംബത്തിന് നല്കിയ 25 ലക്ഷം രൂപ, കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ അപകടത്തില്‍പ്പെട്ട പോലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം രൂപ, ചെങ്ങന്നൂരിലെ മുന്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍നായരുടെ കുടുംബത്തിന് എട്ടു ലക്ഷത്തി അറുപത്തി ആറായിരം രൂപ, മകന് ജോലി തുടങ്ങിയവ നല്കിയ തീരുമാനങ്ങളെയാണ് ലോകായുക്തയില്‍ ആര്.എസ് ശശികുമാര്‍ നല്കിയ ഹര്‍ജിയില്‍ ചോദ്യം ചെയ്തത്. മുഖ്യമന്ത്രിയും ലോകായുക്തയുമായുള്ള ബന്ധവും ഉപലോകായുക്തമാരും ചില രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധവും ഒക്കെ തന്നെ പലതവണ പൊതുമണ്ഡലത്തില്‍ ചര്‍ച്ചാവിധേയമായി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി എന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ലോകായുക്ത കണ്ടെത്തി. പക്ഷേ, ഇത് അഴിമതി അല്ലെന്നാണ് ലോകായുക്തയുടെ വിശദീകരണം. ദുരിതാശ്വാസനിധി നല്‍കിയത് അപേക്ഷ പോലും വാങ്ങാതെ നടപടിക്രമങ്ങള്‍ പാലിക്കാതെ ആണെന്ന് കണ്ടെത്തിയെങ്കിലും അഴിമതിക്ക് തെളിവില്ല എന്നാണ് ലോകായുക്തയുടെ ഫുള്‍ ബെഞ്ചിന്റെ വിധി. നടപടിക്രമങ്ങള്‍ പാലിക്കാതെ അപേക്ഷ പോലും വാങ്ങാതെ ധനസഹായം നല്കുന്നതല്ലേ ശരിക്കുള്ള അഴിമതി. പിന്നെ ഇതില്‍ എന്താണ് തെളിവ് വേണ്ടത്. അര്‍ഹതയില്ലാത്തവര്‍ക്ക് അപേക്ഷ പോലും വാങ്ങാതെ പണം നല്കിയിട്ടുണ്ടെങ്കില് അത് സ്വജനപക്ഷപാതവും അഴിമതിയും അല്ലാതെയാകുന്നത് എങ്ങനെയാണെന്ന് ബഹുമാനപ്പെട്ട ലോകായുക്ത സാധാരണക്കാരോട് വിശദീകരിക്കണം.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നേരത്തെ തന്നെ വിവാദങ്ങളുടെ കളിത്തോഴനാണ്. അഭയ കേസിലും ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ പരാതിയിലും ഒക്കെ പരാമര്‍ശ വിധേയനായ സിറിയക് ജോസഫ് ലോകായുക്തയുടെ പദവിയില്‍ എത്തിയതുപോലും രാഷ്ട്രീയക്കാരുടെ സേവപിടിച്ചാണ് എന്ന ആക്ഷേപവുമുണ്ട്. നേരത്തെ തന്റെ സഭയുടെ യോഗത്തില്‍ ഭരണഘടനയേക്കാള്‍ തനിക്ക് വലുത് സഭയും തന്റെ സഭയുടെ നിര്‍ദ്ദേശങ്ങളും ആണെന്നുപറഞ്ഞ് സിറിയക് ജോസഫ് വിവാദങ്ങളില്‍ എത്തിപ്പെട്ടതാണ്. ലോകായുക്ത എന്ന സംവിധാനത്തിന്റെ ശക്തിയും വീര്യവും പൊതുരംഗത്തെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും ഇല്ലാതാക്കാന്‍ കൊണ്ടുവന്നതാണ് എന്ന കാര്യം ജസ്റ്റിസ് സിറിയക് ജോസഫും അദ്ദേഹത്തിന്റെ ഉപലോകായുക്തമാരും മറന്നു.
ലോകായുക്തയുടെ വിധിയില്‍ പറയുന്ന പരാമര്‍ശം ഇങ്ങനെയാണ്, ‘ഫണ്ട് നല്കാന് മുഖ്യമന്ത്രിക്ക് അധികാരം ഉണ്ട്. മൂന്നുലക്ഷം രൂപയ്ക്ക് മുകളില്‍ കൊടുക്കാന്‍ മന്ത്രിസഭയുടെ അംഗീകാരവും ഉണ്ട്. എന്നാല്‍ പണം ലഭിച്ച മൂന്നുപേരും അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. അപേക്ഷകള്‍ പരിശോധിച്ചിട്ടില്ല. മന്ത്രിസഭായോഗത്തിന്റെ അജണ്ടയിലോ ക്യാബിനറ്റ് നോട്ട്സിലോ ഇക്കാര്യം ഉണ്ടായിരുന്നില്ല. എന്നിട്ടും പണം അനുവദിച്ചു. ഇത് നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ്. വിവേചനാധികാരം ഏകപക്ഷീയമായി ഉപയോഗിച്ചു. ദുരിതാശ്വാസനിധി പൊതുജനങ്ങളുടേതാണ്.’
ഈ ദുരുപയോഗം എങ്ങനെയാണ് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പരിധിയില്‍ വരാത്തത് എന്നകാര്യം സാധാരണക്കാര്‍ക്ക് മനസ്സിലാകുന്നതല്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെയും ജഡ്ജിമാരുടെയും ശമ്പളവും ആനുകൂല്യവും പറ്റുന്ന ഒരു ലോകായുക്ത സംവിധാനം കേരളത്തിന് എന്തിനാണ് എന്ന ചോദ്യമാണ് ഇന്ന് സമൂഹത്തില്‍ ഉയരുന്നത്. ഇത്രയും പണം ഉപയോഗിച്ചിട്ടും സംസ്ഥാന സര്‍ക്കാരിന് വിധേയമായി അവര്‍ക്ക് അടിമപ്പണി ചെയ്യുന്നതാണ് ലോകായുക്ത എങ്കില്‍ ജനാധിപത്യ സംവിധാനത്തില്‍ തിരുത്തല്‍ ശക്തിയാകാനുള്ള യോഗ്യത ലോകായുക്തക്ക് ഉണ്ടോ എന്നകാര്യം പൊതുസമൂഹം ചര്‍ച്ച ചെയ്യണം. ജഡ്ജിമാരുടെ ചാഞ്ചല്യം പണ്ടും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അലഹബാദ് ഹൈക്കോടതിയില്‍ ഇന്ദിരാഗാന്ധിക്കെതിരെ രാജ്നാരായണന് നല്കിയ തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ എതിരെ ഉണ്ടായ വിധി ശരിവെച്ച ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ പക്ഷേ ഇന്ദിരാഗാന്ധിക്ക് തുടരാന്‍ അനുവാദം നല്കിയതും ഈ തരത്തില്‍ വിവാദമായ വിധിയായിരുന്നു. ആ വിധിയുടെ പച്ചയിലാണ് ഇന്ദിരാഗാന്ധി തുടര്‍ന്നതും സ്വാതന്ത്ര്യത്തിനുശേഷം ഭാരതം കണ്ട ഏറ്റവും വലിയ അന്ധകാരത്തിന്റെ വാഴ്ചയായ അടിയന്തരാവസ്ഥയ്ക്ക് വഴിവച്ചതും.
ലോകായുക്തയുടെ അധികാരി ഗവര്‍ണര്‍ ആണ്. കേന്ദ്രത്തില്‍ ലോക്പാലിന്റെത് രാഷ്ട്രപതിയും. കേരളത്തിലെ പൊതുരംഗത്തെ അഴിമതി നിര്‍മാര്‍ജനം ചെയ്യാന്‍ ലോകായുക്തക്ക് കഴിയും എന്ന ധാരണ ഇന്ന് പൊതുസമൂഹത്തില്‍ ഇല്ല. അതുകൊണ്ടുതന്നെയാണ് ഇന്ന് ലോകായുക്തയിലെത്തുന്ന പരാതികളുടെ എണ്ണം പത്തിലൊന്നായി കുറഞ്ഞതും. ബഹുമാനപ്പെട്ട ഗവര്‍ണര്‍, എന്തെങ്കിലും വഴിയുണ്ടെങ്കില്‍ ഈ ലോകായുക്തയെ പിരിച്ചുവിടാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: