കല്‍പ്പറ്റ: ഗോത്രസമൂഹത്തിന്റെ അന്യാധീനപ്പെട്ട ഭൂമിവീണ്ടെടുക്കാന് സമരം നയിച്ച സി.കെ. ജാനുവിന്റെ ആത്മകഥ അടിമമക്ക പ്രകാശനം ചെയ്തു. കല്‍പ്പറ്റ എന്‍എംഡിസി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കെ. അജിത പുസ്തക പ്രകാശനം നിര്‍വഹിച്ചു. ഗായിക നഞ്ചിയമ്മ ആദ്യപ്രതി സ്വീകരിച്ചു. പ്രൊഫ. കുസുമം ജോസഫ് അധ്യക്ഷത വഹിച്ചു.
കൊവിഡില്‍ ആരംഭിച്ച് സമീപകാലത്താണ് ആത്മകഥ പൂര്‍ത്തിയായതെന്ന് സി.കെ. ജാനു പറഞ്ഞു. തന്റെ സമര ജീവിതമാണ് പുസ്തകത്തിലൂടെ വായനക്കാരില്‍ എത്തിക്കുന്നത്.
ബാല്യത്തിലും കൗമാരത്തിലും കണ്ട, പച്ചപുതച്ച വയലുകളും നിറഞ്ഞൊഴുകുന്ന പുഴകളും തോടുകളുമുള്ള വയനാടന്‍ ഗ്രാമക്കാഴ്ചകള്‍, ഗോത്രസമൂഹത്തിന്റെ ജീവിതാവസ്ഥകള്‍, ആദിവാസികളെ മണ്ണിന്റെ ഉടയോരാക്കുന്നതിന് വയനാട്ടിലെ പനവല്ലി, മുത്തങ്ങ, തമിഴ്നാട്ടിലെ കൊടൈക്കനാല്‍, ദിണ്ഡിഗല്‍, വീരപാണ്ഡി എന്നിവിടങ്ങളില്‍ നേതൃത്വം നല്കിയ ഭൂസമരങ്ങള്‍, മുത്തങ്ങ ഭൂസമരത്തെത്തുടര്‍ന്നു നേരിടേണ്ടിവന്ന പോലീസ് പീഡനം, ഇപ്പോഴും തുടരുന്ന വ്യവഹാരം, ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം, എന്‍ഡിഎ പ്രവേശനം, ഛത്തിസ്ഗഡില്‍ നിന്നുള്ള ബാലികയെ ദത്തെടുക്കല്‍ തുടങ്ങി തന്റെ ജീവിതത്തെ വിശദമായ പ്രതിപാദിക്കുന്നതാണ് ഗ്രന്ഥമെന്നും അവര്‍ പറഞ്ഞു.
കെ.കെ. സുരേന്ദ്രന് പുസ്തകം പരിചയപ്പെടുത്തി. ഏബ്രഹാം ബെന്ഹര്, അഡ്വ. പ്രീത, സതീശന് ആലപ്പുഴ, സാജന് ആലപ്പുഴ, ലീല കനവ്, ഡോ.എം.പി. മനോജ് എന്നിവര്‍ പ്രസംഗിച്ചു. എം.കെ. രാമദാസ് സ്വാഗതവും ബാബു കാര്യമ്പാടി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: