സാംബ: ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഐഇഡി സ്ഫോടനത്തില്‍ വീരമൃത്യു വരിച്ച സൈനികന് ജോഗീന്ദര്‍ കുമാറിന് നാട് കണ്ണീരോടെ വിടനല്‍കി. സാംബയിലെ ഐടിബിപി ഹെഡ് കോണ്‍സ്റ്റബിള്‍ ജോഗീന്ദര്‍ കുമാറിന്റെ മൃതദേഹം ഇന്നലെ ജന്മനാടായ അവ്താല് കട്ലയില് സംസ്കരിച്ചു. ഒമ്പത് വയസ്സുള്ള മകനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
പൂര്‍ണ ആദരവോടെയാണ് അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തിയത്. മുതിര്‍ന്ന ഐടിബി ഉദ്യോഗസ്ഥര്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ ജോഗീന്ദറിന്റെ അന്ത്യയാത്രയില്‍ പങ്കെടുത്തു.
വ്യാഴാഴ്ച ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയാണ് ഐഇഡി സ്ഫോടനത്തില്‍ ജോഗീന്ദര്‍ കുമാറിന് ഗുരുതരമായി പരിക്കേറ്റത്. ചികിത്സയിലിരിക്കെയാണ് മരിച്ചത്. 23നാണ് അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചത്. അപകടം നടക്കുന്നതിന് കുറച്ച് സമയം മുമ്പ് ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചിരുന്നതായി ഭാര്യ രേഖാദേവി പറഞ്ഞു. ഡ്യൂട്ടി കഴിഞ്ഞ് വേഗം നാട്ടിലേക്ക് വരാം എന്ന് പറഞ്ഞാണ് കോള്‍ അവസാനിപ്പിച്ചത്. മകന്റെ വിയോഗത്തില്‍ ദുഃഖമുണ്ടെന്നും എന്നാല്‍ അഭിമാനവുമുണ്ടെന്നും ജോഗീന്ദറിന്റെ അച്ഛന് മുന്‍ സൈനികന് ദിലീപ് സിങ് പറഞ്ഞു. രാജ്യത്തെ സേവിക്കുന്നതിനായി സൈന്യത്തില്‍ ചേരുന്നതില്‍ ജോഗീന്ദറും വളരെ ആവേശത്തിലായിരുന്നു. സെലക്ട് ആകാന്‍ വേണ്ടി അവന് കഷ്ടപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ജനാധിപത്യം നിലനിര്‍ത്താന്‍ അവന് ജീവിതം ബലിയര്‍പ്പിച്ചു, ദിലീപ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: