മുഹമ്മ : ഓണ്‍ലൈന്‍ വ്യാപാരം സജീവം, പ്രാദേശിക കച്ചവട സ്ഥാപനങ്ങള്‍ അടച്ചു പൂട്ടലിന്റെ വക്കില്‍. വില കുറച്ച് എന്ത് സാധനവും വീട്ടിലെത്തിക്കുന്ന ഓണ്‍ലൈന്‍ വ്യാപാരം സജീവമായത് മുറികള്‍ വാടകയ്ക്ക് എടുത്തു കച്ചവടം ചെയ്യുന്നവരെ കാര്യമായി ബാധിച്ചിട്ടുണ്ട്.
വഴിയോര കച്ചവടങ്ങളും ഗ്രാമീണ മേഖലകളിലെ ഇടക്കൂടി വ്യാപാരങ്ങളും പല പ്രധാന കമ്പോളങ്ങളെയും സാരമായി ബാധിക്കുന്നു.വഴിയോരങ്ങളില്‍ പുറമ്പോക്ക് ഭൂമികളില്‍ ആദ്യം നാലു വീലുകളില്‍ പെട്ടി വണ്ടി ഘടിപ്പിച്ച് തുടങ്ങുന്ന കച്ചവടം പിന്നീട് ഷെഡ് വെച്ച് സ്ഥിരം സംവിധാനമായി മാറുന്നു. വാടക വേണ്ട,കറണ്ട് ചാര്‍ജ് വേണ്ട, ലൈസന്‍സും വേണ്ട.
കച്ചവടം കുറഞ്ഞതോടെ കമ്പോളത്തില്‍ പല സ്ഥാപനങ്ങളും അടച്ചു പൂട്ടി. പുതിയതും പഴയതുമായ നിരവധി കെട്ടിടങ്ങളും വാടകയ്ക്ക് എടുക്കാന്‍ ആളില്ലാതെ കിടക്കുന്നുണ്ട്. നിരതദ്രവ്യം കെട്ടിവെച്ചും 7000 മുതല്‍ 10000 രുപ വരെ വാടക കൊടുത്തു മുറി എടുത്തു കച്ചവടം ചെയ്യാന്‍ തയ്യാറുള്ളവര്‍ വളരെ ചുരുക്കം. മാത്രമല്ല വര്‍ഷം തോറും വാടക വര്‍ദ്ധനവും സഹിക്കേണ്ടി വരുന്നു.
കമ്പോളങ്ങളെ ഭരിക്കുന്ന സംഘടനകളും ബാങ്കുകളും നേരത്തെ വായ്പകള്‍ കൊടുത്തിരുന്നു. കൂട്ടു ജാമ്യത്തില്‍ നല്‍കിയിരുന്ന വായ്പകള്‍ കൊടുക്കാന്‍ ആരും മുന്നോട്ടു വരുന്നില്ല. തറവാടകയ്ക്ക് സ്ഥലം കൊടുത്ത് കെട്ടിടം വാടകക്കാരനെ ക്കൊണ്ട് പണിയിപ്പിക്കുന്ന രീതിയും നിലവിലുണ്ട്. എല്ലാ സാധനങ്ങളും ഒരു കുടക്കീഴില് ലഭിക്കുന്ന മാളുകള്‍ ഗ്രാമപ്രദേശങ്ങളില്‍ എത്തിയതോടെ പരമ്പരാഗത രീതികളില്‍ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ തകര്ച്ചയ്ക്കാരണമായി. ബിനാമി രീതിയില്‍ മാളുകള്‍ നടത്തുന്നവരും കുറവല്ല.
മിക്കവാറും സ്ഥാപനങ്ങളില്‍ ജോലിക്കാരായി എത്തുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവര്‍ക്ക് ലഭിക്കുന്ന കൂലി യില്‍ നല്ല ശതമാനവും അവരവരുടെ സംസ്ഥാനങ്ങളിലേയ്ക്ക് ഒഴുകിപ്പോകുന്നു. നമ്മുടെ നാടിന് ഉപകാരപ്പെടുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: