ന്യൂദല്‍ഹി : ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാമത്തെ ടു പ്ലസ് ടു പ്രതിരോധ, വിദേശകാര്യ മന്ത്രിതല ചര്‍ച്ച തിങ്കളാഴ്ച ന്യൂദല്‍ഹിയില്‍ നടക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാര്‍ഡ് മാര്‍ലെസ്, വിദേശകാര്യ മന്ത്രി പെന്നി വോങ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
പ്രതിരോധ, സുരക്ഷാ വിഷയങ്ങളില്‍ വിപുലമായ ചര്‍ച്ച നടക്കുമെന്നാണ് കരുതുന്നത്. ഈ ചര്‍ച്ചകള്‍ ഇന്ത്യ-ഓസ്ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന് കീഴിലുള്ള സഹകരണം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹായകമാകും. സമഗ്ര സാമ്പത്തിക സഹകരണ കരാറുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളുടെ വിലയിരുത്തലുമുണ്ടാകും.
സമീപ വര്‍ഷങ്ങളില്‍, ഇന്ത്യ-ഓസ്ട്രേലിയ ബന്ധം വലിയ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ഓസ്ട്രേലിയയും ഇന്ത്യയും തങ്ങളുടെ ഉഭയകക്ഷി ബന്ധം 2020-ല്‍ തന്ത്രപരമായ പങ്കാളിത്തത്തില്‍ നിന്ന് സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം എന്ന തലത്തിലേക്ക് ഉയര്‍ത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും ഈ വര്‍ഷം പരസ്പരം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് നിരവധി നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു.
2021 സെപ്തംബറില്‍ ആദ്യ ഇന്ത്യ-ഓസ്ട്രേലിയ ടു പ്ലസ് ടു മന്ത്രിതല ചര്‍ച്ച നടന്നു. ഓസ്ട്രേലിയയുടെ ആറാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2021-ല്‍ 22 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 31 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നു. ഇത് 41 ശതമാനം വളര്‍ച്ചയാണ്. ഓസ്ട്രേലിയയിലേക്കുള്ള ഇന്ത്യയുടെ മൊത്തം കയറ്റുമതി 2021-ല്‍ 6.3 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 38 ശതമാനം വര്‍ധിച്ച് 8.7 ബില്യണ്‍ യുഎസ് ഡോളറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: