ലോക ക്രിക്കറ്റ് യുദ്ധം തീരുകയാണ് ഇന്ന്. കാത്തിരിക്കാം അന്തിമ വിജയികള്‍ ആരെന്നറിയാന്‍. 140 കോടിയിലേറെ ഭാരതീയരുടെ നെഞ്ചിടിപ്പായി രോഹിത് ശര്‍മ്മയും കൂട്ടരും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ഇന്നിറങ്ങുന്നു. ഏത് പ്രതിസന്ധികളെയും മറികടക്കാന്‍ കെല്‍പ്പുള്ള ഓസീസ് മഞ്ഞപ്പടക്കുതിരകള്‍ക്കെതിരെ. ഭാരത സംഘത്തിന് ലക്ഷ്യം ഒന്ന് മാത്രം ലോക ക്രിക്കറ്റ് കിരീടത്തില്‍ മൂന്നാമതും മുത്തമിടുക.
ആദ്യ കളിയില്‍ ഇന്നത്തെ എതിരാളികളായ ഓസ്ട്രേലിയയെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു ഭാരതത്തിന്റെ തുടക്കം. ആറ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഒക്ടോബര്‍ എട്ടിന് നടന്ന ആ മത്സരത്തിലടക്കം ഓരോ കളിയിലും ബാറ്റിങ്ങിലും ബോളിങ്ങിലും വ്യക്തമായ ആധിപത്യത്തോടെയായിരുന്നു ഭാരതത്തിന്റെ കുതിപ്പ്. ഇടയ്ക്ക് വച്ച് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പരിക്കേറ്റ് നഷ്ടപ്പെട്ടുവെങ്കിലും മുഹമ്മദ് ഷമിയെന്ന തീപന്തുകാരനെ ഫൈനല്‍ ഇലവനില്‍ ചേര്‍ക്കാന്‍ അവസരം ലഭിച്ചു. ഷമിയെത്തിയതോടെ സൂപ്പര്‍ ബോളര്‍ ജസ്പ്രീത് ബുംറയടങ്ങുന്ന ഭാരത ബോളിങ് ഡിപ്പാര്‍ട്ട്മെന്റിന് മൂര്‍ച്ഛ ഇരട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. സെമി ഫൈനലില്‍ വലിയ വെല്ലുവിളിയാണ് ജസ്പ്രീത് ബുംറ അടക്കം നേരിട്ടത്. അവിടെയും നായകന് രോഹിത് ശര്‍മ്മ നടത്തിയ തന്ത്രപൂര്‍വ്വമായ മാറ്റങ്ങള്‍ ഫലം ചെയ്തു. ബാറ്റിങ്ങില്‍ രോഹിത് ശര്‍മ്മ മുന്നില്‍ നിന്ന് നല്കുന്ന തുടക്കം ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റെടുക്കുന്ന ക്ലാസിക് ചാരുതയാണ് കണ്ടുവരുന്നത്.
മറുവശത്ത് ഓസീസും കരുതലോടെയാണ് പരിചയ സമ്പന്നനായ ഡേവിഡ് വാര്‍ണര്‍ ബാറ്റിങ്ങില്‍ തകര്‍പ്പന്‍ തുടക്കം നല്കുന്നു. താരത്തിനൊപ്പം ഓപ്പണിങ്ങില്‍ പല മാറ്റവും വന്നു, ഒടുവില്‍ ട്രാവിസ് ഹെഡിനാണ് പുതിയ ചുമതല. പിന്നീട് മദ്ധ്യനിരയില്‍ മിച്ചല്‍ മാര്‍ഷ്, സ്റ്റീവന്‍ സ്മിത്ത്, മാര്‍നസ് ലബൂഷെയ്ന്. കരുതല്‍ ബാറ്റര്‍മാരായ ഗ്ലെന്‍ മാക്സ്വെല്, ജോഷ് ഇന്‍ഗ്ലിസ് ഇങ്ങനെ പോകുന്നു നിര. ബോളിങ്ങിലാണെങ്കില്‍ ജോഷ് ഹെയ്സല്‍വുഡ് ആണ് മിന്നും താരം. ഒപ്പം മിച്ചല്‍ സ്റ്റാര്‍ക്കും നായകന് പാറ്റ് കമ്മിന്‍സും ചേരുമ്പോള്‍ പേസ് നിര ശക്തം. സ്പിന്നിലെ ശക്തികേന്ദ്രം ആദം സാംപയാണ്. ടൂര്‍ണമെന്റില്‍ ഷമിക്ക് പിന്നില്‍ വിക്കറ്റ് വേട്ടക്കാരിലെ രണ്ടാമന്. ഗ്ലെന്‍ മാക്സ്വെലും ട്രാവിസ് ഹെഡും പാര്‍ട്ട്ടൈം ബോളര്‍മാരെങ്കിലും പല മത്സരങ്ങളിലും മിന്നും പ്രകടനം കാഴ്ചവച്ചിട്ടുള്ളത് കരുതലോടെ കാണേണ്ടതാണ്.
20 വര്‍ഷം മുമ്പ് ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ് ബര്‍ഗിലാണ് ഇരുവരും ലോക കിരീടത്തിനായി പൊരുതിയത്. അന്ന് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഭാരതത്തെ തോല്‍പ്പിച്ച് റിക്കി പോണ്ടിങ്ങിന്റെ ഓസീസ് മൂന്നാം കിരീടം ചൂടി. ഓസീസിന്റെ എട്ടാം ഫൈനല്‍ പ്രവേശമാണിത്. ഭാരതത്തിന്റെ നാലാമത്തെയും.
നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഒരു ലക്ഷത്തി 32,000 കാഴ്ച്ചക്കാരില്‍ ഭാരത പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലെസും ഇരിപ്പുറപ്പിച്ചിട്ടുണ്ടാകും. ഒപ്പം ഇതിഹാസ താരം സച്ചിന് തെണ്ടുല്‍ക്കര്‍, മുന്‍ നായകന് മഹേന്ദ്ര സിങ് ധോണി അടക്കം നിരവധി പേര് വേറെയും. ഭാരതത്തിന്റെ മൂന്നാം കിരീടമോഹം സഫലീകരിക്കുന്നതിന് സാക്ഷിയാകാനൊക്കുമോ…? ഉത്തരത്തിനായി കാത്തിരിക്കാം ഈ രാവ് പാതിയെത്തുവോളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: