കോയമ്പത്തൂര്‍ : റോബിന് ബസിന് കേരളത്തിന് പുറമെ തമിഴ്നാട്ടിലും പിഴ. . കോയമ്പത്തൂര്‍ കെ ജി ചാവടി ചെക്ക്പോസ്റ്റിലാണ് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് ബസില്‍ പരിശോധന നടത്തിയത്.
പെര്‍മിറ്റ് ലംഘനത്തിന് 70,410 രൂപയാണ് പിഴയിട്ടത്. പത്തനംതിട്ടയില്‍ നിന്നും യാത്ര തുടങ്ങിയ ബസിന് കേരള മോട്ടോര്‍ വാഹന വകുപ്പ് നാലിടങ്ങളിലായി 37000 രൂപ പിഴയിട്ടിരുന്നു.എന്നാല്‍ ബസ് പിടിച്ചെടുക്കരുതെന്ന കോടതി ഉത്തരവുളളതിനാല്‍ വിട്ടയച്ചു.
എന്നാല്‍ ഇതിനെതിരെ വിവിധയിടങ്ങളില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചതിനിടെ വിഷയത്തില്‍ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു രംഗത്തുവന്നു. നിയമം എല്ലാവര്ക്കും ബാധകമാണെന്നും ബസിനെതിരെ സ്വീകരിക്കുന്നത് പ്രതികാര നടപടിയല്ലെന്നും മന്ത്രി പറഞ്ഞു. കോണ്‍ട്രാക്ട് കാര്യേജ് ലൈസന്‍സാണ് റോബിന് ബസിനുളളത്. ഇത് പ്രകാരം ബോര്‍ഡ് വച്ച് ഓരോ സ്ഥലത്തും നിര്‍ത്തി ആളെ കയറ്റി യാത്ര നടത്താനാകില്ല. റോബിന് ബസിന് യാത്രാനുമതി നല്കിയാല് കെ എസ് ആര് ടി സിയെ അല്ല ബാധിക്കുകയെന്നും സ്റ്റേജ് കാര്യര്‍ ലൈസന്‍സ് എടുത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളെയാണെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ ബസുകളുളളത് സ്വകാര്യ മേഖലയിലാണെന്നതാണ് ഇതിന് കാരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
നിയമപോരാട്ടത്തിന് തയാറാണെന്നും ഹൈക്കോടതി പിഴയീടാക്കിയാല്‍ മാത്രമേ പിഴ ഒടുക്കുവെന്നും ഉടമ ഗിരീഷ് പറഞ്ഞു. അഖിലേന്ത്യാ പെര്‍മിറ്റാണ് തന്റെ ബസിനുളളതെന്നും അദ്ദേഹം പറഞ്ഞു.നിയമ ലംഘനത്തിന്റെ പേരില്‍ കഴിഞ്ഞ ഒക്ടോബര്‍ 16ന് പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് റാന്നിയില്‍ വെച്ച് മോട്ടോര്‍വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ബസ് കോടതി ഉത്തരവിലൂടെ വിട്ടയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: