ന്യൂദല്‍ഹി: പാകിസ്ഥാനിലെങ്ങും ‘അജ്ഞാതന്‍’ ഭീതി പരത്തുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് ഒരു ഡസനിലേറെ ഭീകരര്‍. കൊന്നതാരെന്നോ കൊല്ലിച്ചതാരെന്നോ ആര്‍ക്കുമറിയില്ല. ബൈക്കിലെത്തി ഭീകരരെ കൊന്ന് കാണാമറയത്തേക്ക് പോകുന്ന അജ്ഞാത ഹീറോ. സംഭവം എന്തായാലും, പാക് ഭീകരസംഘടനകളെ ഭയം പിടിമുറുക്കിയിരിക്കുന്നു. ഒരു കാലത്ത് ഒസാമ ബിന്‍ ലാദനടക്കം ലോകത്തെ ഭീകരരുടെയെല്ലാം സുരക്ഷിത കേന്ദ്രമായിരുന്ന പാകിസ്ഥാന്‍ ഇന്ന് ഭീകരരുടെ ശവപ്പറമ്പായി മാറി. ആരാണ് ആ അജ്ഞാത തോക്കുധാരി? ഒരാളോ; അതോ പലരോ. ചര്‍ച്ചകള്‍ ലോകമെങ്ങും സജീവമാണ്.
എല്ലാവര്‍ക്കുമറിയാവുന്ന ഏകകാര്യം കൊല്ലപ്പെട്ടവരെല്ലാം ഭാരതത്തിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ളവരാണെന്നതു മാത്രം. ഭാരതത്തിന്റെ ചാര സംഘടനയായ റോയാണ് ഇതിന്റെ പിന്നിലെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവരുണ്ട്. മിലിറ്ററി ഇന്റലിജന്‍സും റോയും ചേര്‍ന്ന് പാകിസ്ഥാനില്‍ ശുദ്ധീകരണം പ്രഖ്യാപിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്നവരും ഏറെ. ഹിന്ദി സിനിമകളിലെ അമാനുഷികരായ സീക്രട്ട് ഏജന്റുമാരെപ്പോലെ ഒരു അജ്ഞാതന്‍ എന്തായാലും പാകിസ്ഥാനിലുണ്ടെന്നുറപ്പ്. ഭാരതത്തിന് ഭാരമായ നിരവധി ഭീകരര്‍ ഒന്നിനു പിന്നാലെ ഒന്നായി പാകിസ്ഥാനില്‍ വെടിയേറ്റു വീഴുന്നുണ്ട് എന്നത് ആശ്വാസകരം തന്നെ. പിന്നില്‍ ആരായാലും.
പാകിസ്ഥാന്റെ വിവിധ ഇടങ്ങളിലാണ് ഭീകരര്‍ കൊല്ലപ്പെട്ടിരിക്കുന്നത്. തെക്കന്‍ തുറമുഖ നഗരമായ കറാച്ചിയിലും സൈനിക കേന്ദ്രമായ റാവല്‍പിണ്ടിയിലും തലസ്ഥാന നഗരമായ ഇസ്ലമാബാദിലുമെല്ലാം ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ലഷ്‌കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജയ്ഷെ മുഹമ്മദ് എന്നിവയുടെ കമാണ്ടര്‍മാരും ഖാലിസ്ഥാനി ഭീകരരും കൊല്ലപ്പെട്ടവരിലുണ്ട്. 2021ല്‍ ഹാഫിസ് സെയ്ദിന്റെ ലാഹോറിലെ വസതിക്ക് മുന്നിലെ സ്ഫോടനത്തോടെയാണ് സംഭവങ്ങളുടെ തുടക്കം.
നവംബറില്‍ മാത്രം മൂന്ന് ലഷ്‌ക്കര്‍-ജയ്ഷെ ഭീകരരാണ് വെടിയേറ്റ് മരിച്ചത്, ലഷ്‌കര്‍ തലവന്‍ മൗലാന മസൂദ് അസറിന്റെ അടുത്ത അനുയായി അടക്കം. ശത്രുരാജ്യമാണ് പിന്നിലെന്ന ഒറ്റവരി വിശദീകരണത്തിലാണ് മിക്ക കൊലപാതകങ്ങളുടേയും അന്വേഷണം അവസാനിച്ചിരിക്കുന്നത്. അയല്‍രാജ്യത്തെ ചാര സംഘടന പാക്കിസ്ഥാനിലെ പ്രാദേശിക കൊലയാളികള്‍ക്ക് പണം നല്‍കി ഭീകര നേതാക്കളെ കൊലപ്പെടുത്തുകയാണെന്ന ആരോപണങ്ങളും ചിലര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ പാക്കിസ്ഥാന്‍ ഔദ്യോഗികമായി ഇക്കാര്യത്തില്‍ യാതൊരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല.
ഭാരതത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഭീകരരുടെ പേരു വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ പാകിസ്ഥാന് കൈമാറിയിട്ടുണ്ട്. വര്‍ഷങ്ങളായി ഇതിന്മേല്‍ യാതൊരു നടപടിയുമെടുക്കാതെ ഭീകരര്‍ക്ക് സുരക്ഷ ഒരുക്കിയതാണ് പാകിസ്ഥാന്റെ ചരിത്രം. ഭാരതം കൈമാറിയ പട്ടികയിലുള്ളവരാണ് കൊല്ലപ്പെടുന്നത്. ഭീകരവാദത്തെ നേരിടാനായി വന്‍തോതില്‍ അന്താരാഷ്‌ട്ര പണം വാങ്ങുന്ന രാജ്യമാണ് പാകിസ്ഥാന്‍. കൂടുതല്‍ പണം ലഭിക്കാന്‍ അന്താരാഷ്‌ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പാക് ഏജന്‍സികള്‍ തന്നെയാണ് ഭീകരരെ കൊലപ്പെടുത്തുന്നത് എന്ന സംശയവും ഉയരുന്നുണ്ട്.
നവം. 13ന് കറാച്ചിയില്‍ കൊല്ലപ്പെട്ടത് ജയ്ഷെ നേതാവ് മൗലാന റഹീമൂള്ള താരിഖ് ആണ്. ലഷ്‌ക്കറിന്റെ റിക്രൂട്ട്മെന്റ് ചുമതലയുള്ള അക്രം ഖാന്‍ ഖൈബര്‍ പഖ്ത്വാനയിലെ ബജൗര്‍ ജില്ലയില്‍ വെച്ച് നവം. 9 നാണ് വെടിയേറ്റ് മരിച്ചത്. കശ്മീരിലെ ജന്‍ജുവാന്‍ ആര്‍മി ക്യാമ്പില്‍ 2018 ല്‍ നടന്ന ആക്രമണത്തിന്റെ സൂത്രധാരിയായിരുന്ന ഖാവ്ജ ഷഹീദ് നവംബര്‍ 5 ന് കൊല്ലപ്പെട്ടു. ഇയാളുടെ തല വെട്ടിമാറ്റിയ മൃതദേഹം നിയന്ത്രണ രേഖയ്‌ക്ക് സമീപം പാക് അധീന കശ്മീരില്‍ നിന്നാണ് ലഭിച്ചത്.
2016 ലെ പത്താന്‍കോട്ട് ആക്രമണത്തിന്റെ സൂത്രധാരനായ ജയ്ഷെ നേതാവ് ഷാഹിദ് ലത്തീഫ് സിയാല്‍ക്കോട്ടില്‍ വെച്ച് ഒക്ടോബറില്‍ വെടിയേറ്റ് മരിച്ചു. ഇയാള്‍ക്കൊപ്പം മറ്റൊരു ഭീകരനും വെടിയേറ്റ് മരിച്ചിരുന്നു. ധാംഗ്രി ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച റിയാസ് അഹമ്മദ് എന്ന അബു ഖാസിം പാക് അധീന കശ്മീരിലെ പള്ളിക്കുള്ളിലാണ് സപ്തംബറില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ലഷ്‌ക്കര്‍ കമാണ്ടര്‍ മൗലാന സിയുര്‍ റഹ്മാന്‍ കറാച്ചിയില്‍ സപ്തംബറില്‍ കൊല്ലപ്പെട്ടു. ലഷ്‌ക്കറിന്റെ തന്നെ മറ്റൊരു കമാണ്ടറായിരുന്ന മുഫ്തി ഖാസര്‍ ഫാറൂഖി സപ്തംബറില്‍ തന്നെയാണ് കറാച്ചിയിലെ സൊറാബ് ഗോത്തില്‍ വെച്ച് വെടിയേറ്റ് മരിച്ചത്. ആഗസ്തില്‍ ജമാ അത്തെ ഉദ് ദവ നേതാവ് മുല്ല സര്‍ദാര്‍ ഹുസൈന്‍ അറൈന്‍ സിന്ധിലെ നവാബ് ഷാ ജില്ലിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു.
ഖാലിസ്ഥാനി കമാണ്ടോ ഫോഴ്സ് നേതാവ് പരംജിത് സിങ് പന്‍ജ്വാര്‍ ലാഹോറിലെ ജോഹര്‍ നഗരത്തില്‍ വെച്ചാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മേയ് മാസമായിരുന്നു ഇത്. മാര്‍ച്ചില്‍ റാവല്‍പിണ്ടിയില്‍ വെച്ച് ഹിസ്ബുള്‍ ഭീകരന്‍ ബഷീര്‍ അഹമ്മദ് പിറും ഖൈബര്‍ ജില്ലയില്‍ ഭീകരനായ സയിദ് നൂറും കൊല്ലപ്പെട്ടു. ഫെബ്രുവരിയില്‍ കറാച്ചിയില്‍ കൊല്ലപ്പെട്ടത് അല്‍ ബദര്‍ മുജാഹിദ്ദീന്‍ നേതാവ് സയിദ് ഖാലിദ് റാസയാണ്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കറാച്ചിയില്‍ ജയ്ഷെ കമാണ്ടര്‍ മിസ്ത്രി സഹൂര്‍ ഇബ്രാഹിമും അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. 1999ലെ കാഠ്മണ്ഡു-ദല്‍ഹി വിമാനം റാഞ്ചിയ അഞ്ചു ഭീകരരില്‍ ഏറ്റവും ക്രൂരനെന്ന് വിശേഷിക്കപ്പെട്ടയാളായിരുന്നു മിസ്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: