തിരുവനന്തപുരം പൂജപ്പുര സരസ്വതീ മണ്ഡപത്തില്‍ ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിന് മഹിളാ സമന്വയ വേദി ഒരുക്കിയ വനിതകളുടെ കവിയരങ്ങ്, സാരസ്വത വൈഭവത്തെ കാവ്യരസമാക്കി ചാരുത പകരുന്നതായിരുന്നു. അവതരിപ്പിക്കപ്പെട്ട 21 കവിതകളുടെയും രചനയും ആലാപനവും സ്ത്രീകള്‍ തന്നെ നിര്‍വ്വഹിച്ചുവെന്ന സവിശേഷതയുമുണ്ട്. ഒന്നിനൊന്നു മികവു പുലര്‍ത്തിയ എല്ലാ കവിതകളിലും നിറഞ്ഞുനിന്നത് സ്ത്രീകളുടെ ലോകമായിരുന്നു. അവരുടെ വിചാരങ്ങളും വിഹ്വലതകളുമായിരുന്നു.
സവിശേഷമായ ഈ കവിയരങ്ങിന്റെ ലക്ഷ്യത്തെക്കുറിച്ച് ചടങ്ങില്‍ സ്വാഗതമാശംസിച്ച എഴുത്തുകാരി ടി.വി.സുഗതകുമാരി വ്യക്തമാക്കുകയുണ്ടായി. വിവിധ സാംസ്കാരിക മേഖലകളില്‍ സ്ത്രീസാന്നിധ്യം വര്‍ദ്ധിപ്പിച്ചും അവരെ മുന്നോട്ടു നയിച്ചും തുല്യപങ്കാളിത്തം ഉറപ്പിക്കുകയും, രാജ്യത്തെ മുഴുവന്‍ ജനതയുമുള്പ്പെടുന്ന കൂട്ടായ്മയിലൂടെ സാമൂഹിക പുരോഗതി കൈയ്വരിക്കുകയും ചെയ്യുകയെന്നതാണ് ഇത്തരം പരിപാടികളുടെ ഉദ്ദേശ്യമെന്നാണ് സുഗത കുമാരിക്ക് പറയാനുണ്ടായിരുന്നത്.
ജനഹൃദയത്തെ സ്പര്‍ശിക്കാനും സ്വാധീനിക്കാനുമുള്ള കവിതയുടെ ശക്തിയെകുറിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്ത തിരൂര്‍ ഗവ.കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ.വി.ശശികല സംസാരിച്ചു. കവികള്‍ക്ക് മനുഷ്യ മനസ്സുകളെ ആകര്‍ഷിക്കാനും, സദ്വികാരങ്ങള് സൃഷ്ടിച്ച് നന്മയിലേക്ക് നയിക്കാനും സാധിക്കുമെന്ന് ഡോ. ശശികല അഭിപ്രായപ്പെട്ടു. ടാഗോറിന്റെ ഒരു കവിതയ്ക്ക് ഇന്നും കോടാനുകോടി ജനഹൃദയങ്ങളില്‍ രാജ്യസ്നേഹത്തിന്റെ ദീപം കൊളുത്താന്‍ സാധിക്കുന്നുവെന്നും, ബംഗാളിലെ ഈ മഹാകവി ഭാരതത്തിലെ മാത്രമല്ല ബംഗ്ലാദേശിലെ ജനതയ്ക്കും ദേശീയ ഗാനം സമ്മാനിക്കുകയുണ്ടായെന്നും ഡോ.ശശികല ചൂണ്ടിക്കാണിക്കുകയുണ്ടായി.
കാവ്യകലയ്ക്ക് സാന്മാര്ഗ്ഗിക മാനങ്ങള്‍ നല്കിയ പുരാതന ഭാരതീയ കാവ്യ മീമാംസകരുടെയും പാശ്ചാത്യ തത്ത്വജ്ഞാനികളുടെയും വീക്ഷണങ്ങളെ വിലയിരുത്തുന്നതായിരുന്നു എഴുത്തുകാരി ഡോ. വി.സുജാതയുടെ അധ്യക്ഷഭാഷണം.
”കവിത കേവലം വസ്തു-ശരീര നിഷ്ഠമല്ലെന്നും, അത് ആദര്‍ശങ്ങളുടെയും ആത്മാവിന്റെയും തലങ്ങളിലേക്ക് വ്യാപിച്ചുനില്ക്കുന്നുവെന്നുമാണ് പ്ലേറ്റോയുടെ വീക്ഷണം. കാവ്യകലയുടെ ഒരു പ്രധാന ധര്‍മ്മം അതു നിര്‍വ്വഹിക്കുന്ന വികാരവിമലീകരണമാണെന്ന് അരിസ്റ്റോട്ടില്‍ പറയുകയുണ്ടായി. കാവ്യസൃഷ്ടിയില്‍ രജോഗുണവും കാവ്യാനുഭൂതിയില്‍ സത്വഗുണവും ഏറുന്നതിനാല്‍ തമോഗുണത്തിന്റെ ശിഥിലീകരണം സംഭവിക്കുന്നുവെന്നും, അതിനാല്‍ കാവ്യരസം ക്രമേണ ആത്മതത്ത്വത്തിലേക്ക് നയിക്കുന്നുവെന്നുമാണ് അഭിനവഗുപ്തന്, ഭട്ടനായകന്‍, തോതഭട്ടന്‍ മുതലായ പുരാതന ഭാരതീയ കാവ്യ മീമാംസകരുടെ അഭിമതങ്ങള്‍.” കവിത ആത്മതത്ത്വത്തിന്റെ തന്നെ ആവിഷ്കാരമാണെന്ന അരവിന്ദ മഹര്‍ഷിയുടെ ദര്‍ശനം ഉദ്ധരിച്ചുകൊണ്ട് ഡോ. വി. സുജാത വിശദീകരിച്ചു.
സരസ്വതീമണ്ഡപത്തെ കാവ്യവര്ഷ മുഖരിതമാക്കുന്നതായിരുന്നു ചാരുതയാര്‍ന്ന ആലാപനങ്ങള്‍. സുലേഖ കുറുപ്പ്, അനിതാ ശരത്, എം.ടി. ഗിരിജ കുമാരി, നിര്‍മ്മല രാജഗോപാല്‍, യമുന അനില്‍, ശാന്തകുമാരി കീഴാരൂര്‍, സുരജാ മുരുകന്, പ്രിയ ശ്യാം, മാറനല്ലൂര്‍ രാജലക്ഷ്മി, സുനീതി ദേവി, ഉഷ തത്തിയൂര്, തോന്നയ്ക്കല്‍ കസ്തൂരി, വിജി വട്ടപ്പാറ, ദേവിക തങ്കച്ചി എസ്, ബീന എസ്.ആര്, ശാന്ത തുളസീധരന്‍, സുജകൃഷ്ണ, ഡോ. കൃഷ്ണപ്രിയ എം.ജെ, രജനി സേതു, ശോഭന തിരുമല, ഗാര്‍ഗി പ്രവീണ്‍ എന്നിവരുടെ കാവ്യാലാപനങ്ങള്‍ ആസ്വാദനത്തിന്റെ കതിര്‍മഴ പെയ്യിച്ചു.
ശ്രാവ്യമനോഹാരിതകൊണ്ടും സ്ത്രീശാക്തീകരണത്തെ ഉദ്ഘാഷിച്ചുകൊണ്ടും അരങ്ങേറിയ ഈ കാവ്യസന്ധ്യയ്ക്ക് വിരാമമിട്ടത് അഡ്വ. വി.പി. ഗീത കുമാരിയുടെ കൃതജ്ഞതാ സമര്പ്പണത്തോടുകൂടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: