പാലക്കാട്: സംസ്ഥാനത്ത് മൂന്നിടങ്ങളിലായി ബിജെപിഭീകരവാദ വിരുദ്ധസമ്മേളനങ്ങള് നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു. തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ബിജെപി നഗരസഭാകൗണ്‍സിലര്‍മാരുടെ ശിബിരം പാലക്കാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
24ന് പത്തനംതിട്ട, 26ന് എറണാകുളം, ഡിസംബര്‍ രണ്ടിന് കോഴിക്കോട് എന്നിവിടങ്ങളിലാണ് സമ്മേളനങ്ങള്‍. പാലസ്തീന് അനുകൂല സമ്മേളനങ്ങള്‍ നടത്തുന്നതില്‍ ഇരുമുന്നണികളും മത്സരിക്കുകയാണ്. എന്നാല്‍ ഇവര്‍ക്ക് സ്നേഹം പാലസ്തീനോടല്ല മറിച്ച് ഹമാസിനോടാണ്. മുന്നണികളില്‍ ഹമാസ് അനുകൂലികള്‍ നുഴഞ്ഞുകയറുകയും, അവര്‍ക്ക് വേണ്ട എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുകയുമാണ്, സുരേന്ദ്രന് പറഞ്ഞു.
പാലസ്തീനുമായി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ കാലം മുതല്‍ തുടങ്ങിയ ബന്ധമാണ്. നാം ഹമാസിനെയാണ് എതിര്‍ക്കുന്നത്. അല്ലാതെ പാലസ്തീനെയല്ല. അങ്ങിനെയാക്കുവാനാണ് ഇവരുടെ ശ്രമം. ഹമാസിന്റെ ഇടപെടലാണ് പ്രശ്നമായത്. രാജ്യസുരക്ഷയെ ബാധിച്ചപ്പോഴാണ് ഇസ്രായേല്‍ പാലസ്തീനെ ആക്രമിച്ചത്. ഭാരതത്തിനും ഇസ്രായേലിനും ഒരു രാജ്യത്തെയും ആക്രമിച്ച പാരമ്പര്യമില്ല. എന്നാല്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കും. ഹമാസാണല്ലോ യുദ്ധം തുടങ്ങിവച്ചത്. അതുകാണാതെ ന്യൂനപക്ഷത്തിന്റെ പേരില്‍ വേര്‍തിരിവുണ്ടാക്കാനാണ് ശ്രമം. മുന്നണികള്‍ അടുത്ത ബന്ധംപുലര്ത്തുന്നതിനാലാണ് അവരുടെ ഹമാസിന്റെ ഉന്നത നേതാക്കള്‍ റാലികളില്‍ പങ്കെടുക്കാനെത്തിയത്. ദുബായ്യിലും, ഖത്തറിലുമുള്ള നിരോധിത നേതാക്കള്‍ വരെ ഇവിടെയെത്തിയിരുന്നുവെന്നത് ഗൗരവമേറിയ കാര്യമാണെന്നും സുരേന്ദ്രന് പറഞ്ഞു.
ലൗജിഹാദ്, ലാന്‍ഡ് ജിഹാദ് എന്നിവയിലൂടെ ക്രൈസ്തവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുവാനുള്ള മുസ്ലിം ന്യൂനപക്ഷത്തിന്റെ നീക്കം ആപത്കരമാണ്. ഇത് അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ മുഴുവന്‍ ഒരുവിഭാഗത്തിന് മാത്രം നല്‍കാനാണ് മുന്നണികള്‍ ശ്രമിക്കുന്നത്. നിത്യേനയെന്നോണം സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ നടക്കുന്നു. കര്‍ഷകാനുകൂല്യങ്ങള്‍ യഥാസമയം നല്‍കാത്തതിനാലാണ് ആത്മഹത്യ വര്‍ധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ജന.സെക്രട്ടറി സി. കൃഷ്ണകുമാര്‍, ട്രഷറര്‍ അഡ്വ.ഇ. കൃഷ്ണദാസ്, മേഖല അധ്യക്ഷന്‍ വി. ഉണ്ണികൃഷ്ണന്, നഗരസഭ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്, മേഖല ജന. സെക്രട്ടറി അഡ്വ. രവികുമാര്‍ ഉപ്പത്ത്, ദേശീയ സമിതി അംഗം എന്‍. ശിവരാജന്, ജില്ലാ ജനറല്‍ സെക്രട്ടറി പി. വേണുഗോപാല്‍ എന്നിവരും വേദിയിലുണ്ടായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, സി. കൃഷ്ണകുമാര്‍, ട്രഷറര്‍ അഡ്വ.ഇ. കൃഷ്ണദാസ് എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസെടുത്തു. ജനപ്രതിനിധികളുടെ വിജയമാതൃക അവതരണവും ഉണ്ടായി. വൈകിട്ട് സംസ്ഥാന ഉപാധ്യക്ഷന്‍ സി. സദാനന്ദന് മാസ്റ്റര്‍ സമാപന പ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ പ്രിയ അജയന് അധ്യക്ഷത വഹിച്ചു. ഒബിസി മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ എന്‍. ഷണ്മുഖന് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: