ഭോപ്പാല്‍ : മധ്യപ്രദേശില്‍ ചെറിയ അനിഷ്ട സംഭവങ്ങള്‍ ഒഴികെ സംസ്ഥാനത്തെ 230 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് സമാധാനപരമായി നടന്നു.72 ശതമാനത്തിലധികം പോളിംഗ് സംസ്ഥാനത്ത് രേഖപ്പെടുത്തിയതെന്നാണ് വിവരം.
നക്സല്‍ ബാധിത ബാലഘട്ട് ജില്ലയിലും മണ്ഡ്ല, ദിന്‍ഡോരി ജില്ലകളിലെ ചില പോളിംഗ് സ്റ്റേഷനുകളിലും ഉച്ചകഴിഞ്ഞ് മൂന്നിന് വോട്ടെടുപ്പ് അവസാനിച്ചു.
വോട്ടെടുപ്പ് പൂര്ത്തിയായായതോടെ ആകെ 2,533 സ്ഥാനാര്‍ത്ഥികളുടെ വിധി വോട്ടിംഗ് മെഷീനിലായി. വൈകുന്നേരം 5 മണി വരെ ഏറ്റവും കൂടുതല്‍( 85.49 ശതമാനം) വോട്ട് രേഖപ്പെടുത്തിയത് രത്ലം ജില്ലയിലെ സൈലാന മണ്ഡലത്തിലാണ്. ഏറ്റവും കുറവ് (50.41 ശതമാനം) വോട്ട് രേഖപ്പെടുത്തിയത് ഭിന്ദ് നിയമസഭാ മണ്ഡലത്തിലാണ്.
ഭോപ്പാലില്‍ 59 ശതമാനവും ജബല്പൂരില് 66 ശതമാനവും ഗ്വാളിയോറില്‍ 61 ശതമാനവും ഇന്‍ഡോറില്‍ 65 ശതമാനവും നീമുച്ച്, രാജ്ഗഡ്, രത്ലാം, സിയോനി, ഷാജാപൂര്‍ ജില്ലകളില്‍ 80 ശതമാനവും വോട്ട് രേഖപ്പെടുത്തി.
മധ്യപ്രദേശില്‍ ഒറ്റഘട്ടമായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. തുടക്കത്തില്‍ വോട്ടെടുപ്പ് അല്‍പ്പം മന്ദഗതിയിലായിരുന്നെങ്കിലും ഉച്ച മുതല്‍ വോട്ടെടുപ്പിന് ആക്കം കൂട്ടി.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്, കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമര്‍, പ്രഹ്ലാദ് പട്ടേല്‍, ഫഗ്ഗന്‍ സിംഗ് കുലസ്തെ, മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി കമല്‍നാഥ്, മുതിര്‍ന്ന നേതാക്കളായ ഡോ. ഗോവിന്ദ് സിംഗ്, എന്‍.പി പ്രജാപതി, ജയവര്‍ധന്‍ സിംഗ് തുടങ്ങി നിരവധി പ്രമുഖ നേതാക്കളുടെ വിധി വോട്ടെടുപ്പ് യന്ത്രങ്ങളില്‍ മുദ്ര വച്ച് കഴിഞ്ഞു.ഡിസംബര്‍ മൂന്നിന് വോട്ടെണ്ണല്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: